അകത്തൂട്ടിയേ പുറത്തുട്ടാവു സ്വന്തം വീട്ടിലുള്ളവര്‍ക്ക് ഭക്ഷണം കൊടുത്തിട്ടേ പുറത്തുള്ളവര്‍ക്കു കൊടുക്കാവൂ. സ്വന്താവശ്യം കഴിച്ചിട്ടേ പുറത്തുള്ളവരുടെ കാര്യം ശ്രദ്ധിക്കാവൂ.
 അകന്നവന്‍ അടുക്കുമ്പോഴും അടുത്തവന്‍ അകലുമ്പോഴും സൂക്ഷിക്കണം. ശത്രുക്കള്‍ സ്‌നേഹിതന്മാരാകുമ്പോഴും സ്‌നേഹിതന്മാര്‍ ശത്രുക്കളാകുമ്പോഴും ശ്രദ്ധിക്കണം.
 അകൃത്യം ചെയ്താല്‍ അമ്മയും പിണങ്ങും. തെറ്റു ചെയ്താല്‍ എത്ര അടുത്ത ബന്ധുക്കളും എതിര്‍ക്കും.
 അകത്തേയ്ക്കാഹാരവും പുറത്തേയ്ക്കു സംസാരവും ആഹാരവും സംസാരവും മിതമായേ പാടുള്ളൂ. അമിതാഹാരം ശരീരത്തിനു ദോഷമാണ്. അമിതഭാഷണം ഒരു സ്വഭാവദൂഷ്യമാണ്.
 അകം പൂട്ടിയിട്ട് പുറം പൂട്ടുക. സ്വന്തം മനസ്‌സിനെ നിയന്ത്രിച്ചിട്ട് മറ്റുള്ളവരെ നിയന്ത്രിക്കുക; സ്വയം നന്നായിട്ട് നാടുനന്നാക്കുക
 അകംനിറച്ച് അറിവുണ്ടെങ്കില്‍ അറനിറച്ച് നിധിയായി വലിയ വിദ്വാനാണെങ്കില്‍ കണക്കില്‌ളാത്ത സമ്പത്തുണ്ടാകും.
 അശ്വതി പിറന്ന അച്ചിവരണം. അശ്വതിനാളില്‍ സ്ത്രീ ജനിക്കുന്നതു നല്‌ളതാണ്. ഭാഗ്യവതിയായിരിക്കുമത്രെ.
 അശ്വതി അച്ചിയും പൂരുട്ടാതി പുരുഷനും. അശ്വതിനാളിലുള്ള സ്ത്രീയും പൂരുരുട്ടാതിയിലുള്ള പുരുഷനും തമ്മില്‍ നല്‌ള വിവാഹച്ചേര്‍ച്ചയെന്ന് ജ്യോതിഷം.
 അശ്വതി അശ്വമുഖം പോലെ. അശ്വതി നക്ഷത്രസമൂഹത്തിന്റെ രൂപം കുതിരയുടെ മുഖം പോലെയാണ്.
അശ്വതി ഉച്ച തിരിഞ്ഞാല്‍ ഓണം മുടിഞ്ഞു അശ്വതി ഞാറ്റുവേലയ്ക്ക് ഉച്ച കഴിഞ്ഞുംമഴപെയ്താല്‍ കൃഷിയിറക്കലിന്റെ സമയം തെറ്റും. ഓണത്തിന് വിളവെടുപ്പ് നടക്കില്‌ള.