സ്വഭാവത്താൽ മാനം തടവുമവൾ കാ-
ന്തന്റെ കഠിന –
സ്വഭാവം കാട്ടിത്തൻ കുറവിനെ മറ-
യ്ക്കുന്നതിനുടൻ
പ്രഭാവം കൂടീടും സഹജർ പെരുമാ-
റും കളരിയാം

 

ശുഭാവാസ സ്ഥാനക്കതകിൽ വിളികൂ-
ട്ടീ സകരുണം.        71

തുഷ്ടിപ്പെടും ദയിതമാരൊടുകൂടിയാടി-
ക്കെട്ടിപ്പിടിച്ചു സുഖമോടുറങ്ങിടുമ്പോൾ
ഞെട്ടിപ്പൊടുന്നനെയുണർന്നവരൊന്നുപോലെ
തട്ടിപ്പിടഞ്ഞിടകലർന്നു പുറത്തു ചാടി.        72

‘എന്തെന്തെ,ന്നായ് പുറത്തേക്കവർ വരുമളവിൽ
തുപ്പലാലേ കുളിച്ചാ-
ച്ചന്തംതേടുംപ്രകാരം സഹജയെയരികിൽ –
ക്കണ്ടു വാത്സല്യമൂലം
എന്തെന്നില്ലാതെ വല്ലാതരിശമൊടുശിരുൾ-
ക്കൊണ്ടി’തിൻ കാരണം നി-
യ്യെന്തിന്നിപ്പോൾ പറഞ്ഞീടണ’മതി സമമായ്-
ച്ചൊല്ലിനാർ നാലുപേരും.        73

മിണ്ടാതെ പിന്നെയും പിന്നെയുമഴലതിയാം –
മട്ടു തേങ്ങിക്കരഞ്ഞും –
കൊണ്ടാ’നമ്പൂരി’**യെന്നിത്രയുമവിളിടറി-
ച്ചൊല്ലിവെക്കുമ്പോഴേക്കും
കണ്ടാലും കള്ളനമ്പൂതിരിയുടെ തെറി, യി-
ദ്ദുഷ്ടനെക്കാച്ചിയാലേ
രണ്ടായാലും ശമിക്കൂ മമ കലുഷത’യെ-
ന്നോടിയങ്ങോട്ടൊരേട്ടൻ.        74

വിപ്രൻ കോലാമ്പികൊണ്ടിക്രിയ കിമപി കഴി-
ച്ചിട്ടു രുട്ടൊട്ടൊതുങ്ങി
ക്ഷിപ്രം പശ്ചാത്തപിച്ചാപ്രിയയുടെ വരവും
ക്കാത്തു നാണിച്ചിരിപ്പായ് ,
അപ്പോൾ ചാടിക്കടന്നെത്തിയതവളുടെയ-
പ്പൂർവജൻ തന്നെയാണീ-
ദ്ദർപ്പക്കാരൻ പിടിച്ചാക്ഷിതിസുരനെ നില-
ത്തിറ്റിഴച്ചാൻ വലിച്ചാൻ.        75

 

‘അയ്യോ സാഹസമെന്റെ തെറ്റിനു ഭവാൻ
മാപ്പേകകെ’ന്നായ്ത്തൊഴും
കയ്യോടെ കരുണം കരഞ്ഞു പറയും
ധാത്രീസുരശ്രേഷ്ടനെ
വയ്യോതാനിതു സോദരീ പരിഭവ-
ക്ലേശംനിമിത്തം കടും
കയ്യോടായവർ നാലുപേരുമൊരുമി-
ച്ചാഹന്ത ഹിംസിച്ചുതേ.        76

‘അരുതരുതരുതെ’ന്നാസ്സോദരിപ്പെൺകിടാവും
കരുണയൊടുരചെയ്യും വാക്കുകേൾക്കാതെതന്നെ
അരിശമൊടുവരന്നാ വിപ്രനെക്കൊന്നുകീറി-
ട്ടരിമയൊടു നടത്തീ ബ്രഹ്മഹത്യാവിവാഹം.       77

മയംകൂടാതുഗ്രക്രിയയിൽ മുതിരും സാഹസരസ-
പ്രിയന്മാർക്കുണ്ടാമേ പുനരേതു നിനച്ചിട്ടനുശയം.
നയജ്ഞന്മാരാമിയ്യിവരിതുവിധംബ്രാഹ്മണവധ-
ക്രിയയ്ക്കന്തം വന്നോരളവഴൽ കലർന്നാരതിഭയം        78

വികലഭാവമൊടാദ്വിജദേഹമൊ-
ട്ടകലെ വേണ്ട മുറയ്ക്കു മറയ്ക്കിലും
സ്വകുലഹാനി നിനച്ചഴൽ പൂണ്ടു രാ-
പ്പകലഹോ കലഹോൽക്കടരാമവർ        79

പിറ്റെന്നാൾ പുലരുമ്പൊഴേക്കുമിതുടൻ
നാട്ടാർക്കു പാട്ടായിപോൽ;
തെറ്റൊന്നൊരൊളിവിൽ കഴിച്ചതൊഴിലും
പാരിൽപ്പരന്നീടുമേ;
മറ്റൊന്നും പറയേണ്ടതില്ലിതു മഹീ-
പാലന്റെ കർണ്ണങ്ങളിൽ
പറ്റുന്നേരമതാമഹാനു വിഷനീർ
വീഴ്ത്തുന്നതായ്ത്തീർന്നുതേ.        80