പാട്ടബാക്കി(നാടകം)

ദാമോദരന്‍.കെ

1937ല്‍ പൊന്നാനി കര്‍ഷകസമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കെ. ദാമോദരന്‍ രചിച്ച നാടകമാണ് പാട്ടബാക്കി. 1938ലാണ് ഇത് അച്ചടിച്ചത്. കര്‍ഷകസംഘപ്രവര്‍ത്തനങ്ങളെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയെയും ഈ നാടകാവതരണം സഹായിച്ചിട്ടുണ്ട്. കഥാഘടനയുടെ ലാളിത്യവും ഉള്ളടക്കത്തിന്റെ സത്യാവസ്ഥയും പാട്ടബാക്കിയെ മലയാളത്തിന്റെ ഏറ്റവും വിജയകരമായ രാഷ്ട്രീയനാടകമാക്കിത്തീര്‍ത്തു എന്ന് സി.ജെ. തോമസ് അഭിപ്രായപ്പെട്ടു. ജി. ശങ്കരപ്പിള്ള മലയാളനാടകസാഹിത്യചരിത്രത്തില്‍ ഇങ്ങനെ എഴുതുന്നു: ‘സാമൂഹ്യാസമത്വത്തെ ചൂണ്ടിക്കാണിക്കുകയാണ് പാട്ടബാക്കിയില്‍ ദാമോദരന്‍ ചെയ്തിരിക്കുന്നത്. പില്‍ക്കാലത്ത് മലയാളത്തിലുണ്ടായ രാഷ്ട്രീയനാടകങ്ങളുടെ ചിട്ടയിലും ക്രമത്തിലുംനിന്ന് അത്യന്തം വിഭിന്നമായി നില്‍ക്കുന്ന നാടകമാണ് പാട്ടബാക്കി. കിട്ടുന്ന കൂലികൊണ്ട് കുടുംബം പോറ്റാന്‍ വശമില്ലാതെ വലയുകയാണ് തൊഴിലാളിയായ കിട്ടുണ്ണി. പാട്ടബാക്കി വാങ്ങാന്‍ വരുന്ന മൂക്കാട്ടിരി മനയ്ക്കലെ കാര്യസ്ഥന്‍ രാമന്‍ നായരെ സഹോദരിയെക്കുറിച്ച് അനാവശ്യം പറഞ്ഞതിന് കിട്ടുണ്ണി അടിക്കുന്നു. കാശിരക്കാന്‍ ചെന്ന കിട്ടുണ്ണിയെ മുതലാളി ഒഴിവാക്കുന്നു. അത്തങ്കുട്ടിയുടെ കടയില്‍നിന്ന് കിട്ടുണ്ണി അരി മോഷ്ടിക്കുന്നു. അങ്ങനെ മോഷ്ടാവും ജയില്‍പ്പുള്ളിയുമായിത്തീരുന്നു. നിരാധാരയാകുന്ന സഹോദരി കുഞ്ഞിമാളു കാര്യസ്ഥന്റെ കയ്യേറ്റം ചെറുക്കുന്നെങ്കിലും ജന്മി കുടിയിറക്കിയ തന്റെ കുടുംബം നോക്കാന്‍വേണ്ടി വേശ്യാവൃത്തി സ്വീകരിക്കാന്‍ നിര്‍ബന്ധിതയാവുന്നു. ജയില്‍മുക്തനായി വരുന്ന സഹോദരന്‍ സത്യാവസ്ഥ മനസ്സിലാക്കി അവളെ ചൂഷണത്തിനെതിരായുള്ള പോരാട്ടത്തില്‍ പങ്കുചേര്‍ക്കുന്നു. ഇതാണ് നാടകത്തിന്റെ ഇതിവൃത്തം. കേരളളത്തില്‍ വലിയ ചലനങ്ങളുണ്ടാക്കിയ നാടകമാണിത്.