പാത്തുമ്മായുടെ ആട്(നോവല്‍)

വൈക്കം മുഹമ്മദ് ബഷീര്‍

വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രസിദ്ധമായ നോവലാണ് പാത്തുമ്മയുടെ ആട്. 1959ല്‍ പ്രസിദ്ധീകരിച്ച ഈ നോവലിന് ‘പെണ്ണുങ്ങളുടെ ബുദ്ധി’ എന്നൊരു പേരും ബഷീര്‍ നിര്‍ദ്ദേശിച്ചിരുന്നു. മാനസിക രോഗത്തിന് ചികില്‍ത്സയും വിശ്രമവുമായി വൈക്കത്തിനടുത്ത് തലയോലപറമ്പിലുള്ള കുടുംബ വീട്ടില്‍ കഴിയവേ 1954 ല്‍ ആണ് ബഷീര്‍ ഇത് എഴുതുന്നത്. ബഷീറിന്റെ അമ്മയും, സഹോദരങ്ങളും അവരുടെ ഭാര്യമാരും കുട്ടികളും അടങ്ങുന്ന കൂട്ടുകുടുംബം ഒരു ചെറിയ വീട്ടില്‍ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. അവിടെ നടക്കുന്ന ദൈനംദിന സംഭവ വികാസങ്ങള്‍ തനതു ശൈലിയില്‍ വിവരിച്ചിരിക്കുകയാണ് ബഷീര്‍ ഈ നോവലില്‍. ആ വീട്ടിലെ ഓരോ കുടുംബാംഗവും, ബഷീറിന്റെ സഹോദരി പാത്തുമ്മ വളര്‍ത്തുന്ന ആട് പോലും ഈ നോവലിലെ കഥാപാത്രങ്ങളാണ്. 1954 ഏപ്രില്‍ 27ന് എഴുതിതീര്‍ത്തു.’ശുദ്ധസുന്ദരമായ ഭ്രാന്തിന്’ ഘോരമായ ചികിത്സ നടക്കുന്നതിനിടയില്‍ എഴുതിയ നോവല്‍ തിരുത്തുകയോ പകര്‍ത്തി എഴുതുകയോ ചെയ്യാതെ എഴുതിയപടി പ്രസിദ്ധീകരിച്ചു. നോവലിലെ പ്രധാന കഥാപാത്രമാണ് പാത്തുമ്മ. പേര് സൂചിപ്പിക്കും പോലെ ഈ പാത്തുമ്മയുടെ ആടിനെ ചുറ്റിപ്പറ്റിയാണ് നോവലിലെ കഥയുടെ കിടപ്പ്. ബഷീറിന്റെ രണ്ട് സഹോദരിമാരില്‍ മൂത്തത് പാത്തുമ്മയാണ്. പാത്തുമ്മയ്ക്കും ഭര്‍ത്താവ് കൊച്ചുണ്ണിക്കും ഖദീജ എന്നൊരു മകളുണ്ട്. ബഷീറിന്റെ സഹോദരങ്ങളില്‍ തറവാട്ടില്‍ നിന്ന് മാറിത്താമസിക്കുന്നത് പാത്തുമ്മ മാത്രമാണ്.