കോഴിക്കോട് ആസ്ഥാനമായി 2003ല്‍ ആരംഭിച്ച ഒരു സ്വതന്ത്ര പുസ്തക പ്രസാധന, വിതരണസ്ഥാപനമാണ് അദര്‍ബുക്‌സ്. കീഴാളരാഷ്ട്രീയം, ജാതി, ഇസ്ലാം എന്നിവയെ സംബന്ധിച്ച് സമകാലികവ്യവഹാരങ്ങളെ വിപുലപ്പെടുത്തുന്ന സമാന്തര, വിമര്‍ശന പരിപ്രേക്ഷ്യങ്ങളുള്ള പുസ്തകങ്ങളാണ് പ്രസിദ്ധീകരിക്കുന്നത്. തെക്കേയിന്ത്യന്‍ ചരിത്രം, മാപ്പിള ചരിത്രം, പശ്ചിമേഷ്യന്‍ രാഷ്ട്രീയം, ജാതി, ലിംഗം തുടങ്ങിയ വിഷയങ്ങളില്‍ ഉന്നതനിലവാരമുള്ള ടൈറ്റിലുകള്‍ പുറത്തിറക്കുന്നു. ഡോ. അജയ് ശേഖര്‍ രചിച്ച സഹോദരന്‍ അയ്യപ്പന്‍: ടുവാഡ്‌സ് എ ഡെമോക്രാറ്റിക് ഫ്യൂചര്‍: ലൈഫ് ആന്‍ഡ് സെലക്ടഡ് വര്‍ക്‌സ്, ഫ്രഞ്ചു ചരിത്രകാരന്‍ ജെ.ബി.പി മോര്‍ രചിച്ച ഒറിജിന്‍ ആന്‍ഡ് ഏര്‍ളി ഹിസ്റ്ററി ഓഫ് ദി മുസ്ലിംസ് ഓഫ് കേരള, മലബാറിലെ വിവിധ ഗോത്രവര്‍ഗങ്ങള്‍ക്കിടയിലെ മരണാനന്തര ചടങ്ങുകളെയും ആചാരങ്ങളെയും പഠനവിധേയമാക്കി മഞ്ജുള പൊയില്‍ രചിച്ച ഹോമേജ് ടു ദി ഡിപാര്‍ടഡ്, സയ്യിദ് മുഹമ്മദ് ഹുസൈന്‍ നൈനാര്‍ രചിച്ച അറബ് ജോഗ്രഫേര്‍സ് നോളജ് ഓഫ് സതേണ്‍ ഇന്ത്യ, എ.കെ. അബ്ദുള്‍ മജീദ് രചിച്ച ജിന്ന വ്യക്തിയും രാഷ്ട്രീയവും എന്നിവ അദര്‍ ബുക്‌സ് പ്രസിദ്ധീകരിച്ചവയില്‍ പെടുന്നു. ആമിന വദൂദ് രചിച്ച ഖുര്‍ആന്‍: ഒരു പെണ്‍വായന, സിയാവുദ്ദീന്‍ സര്‍ദാറിന്റെ സ്വര്‍ഗം തേടി: ഒരു മുസ്‌ലീം സന്ദേഹിയുടെ യാത്രകള്‍ എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചത് വിവാദമുണ്ടാക്കി.’പരമ്പരാഗത ഇസ്ലാമിക ചിന്തയെയും ഇസ്ലാമിക പ്രസ്ഥാനങ്ങളെയും വിമര്‍ശന വിധേയമാക്കുന്ന പുസ്തകങ്ങളാണത്. 2010 ആഗസ്റ്റ് ആറിന് കോഴിക്കോട്ടെ അദര്‍ ബുക്‌സിന്റെ ഓഫീസില്‍ റെയ്ഡ് നടന്നു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായുമായി അദര്‍ബുക്‌സിനുള്ള ബന്ധമായിരുന്നു പോലീസ് ചൂണ്ടിക്കാട്ടിയ കാരണം. പ്രൊഫസര്‍. ടി.ജെ. ജോസഫിന്റെ വലതുകൈ അക്രമികള്‍ വെട്ടിയ സംഭവത്തിലെ അന്വേഷണത്തിന്റെ ഭാഗമായിരുന്നു ഇതെന്നായിരുന്നു വിശദീകരണം.സ്ഥാപനത്തിന്റെ മാനേജിംഗ് എഡിറ്റര്‍ ഔസാഫ് അഹ്‌സന്‍.