ഇന്ത്യന്‍ ഗവേഷണമേഖലയുടെ പരിധികളും പരാധീനതകളും എടുത്തുകാണിക്കുന്ന കൃതിയാണ് ‘പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും’. വിദേശത്തുപോയി പണിയെടുക്കുന്ന ഇന്ത്യന്‍ ശാസ്ത്രപ്രതിഭകളെ തിരിച്ചാകര്‍ഷിക്കാനും തലച്ചോര്‍ച്ച തടയാനും വിഭാവനംചെയ്യപ്പെട്ട പദ്ധതിയനുസരിച്ചാണ് ഡോ.ബോസ് ഇന്ത്യയിലേക്ക് വരുന്നത്. വിചാരശീലനും വികാരം കൊള്ളാന്‍ കഴിവുള്ളവനുമായ അപ്പുവെന്ന ഗവേഷകനാണ് ഈ നോവലിലെ മുഖ്യകഥാപാത്രം. ഏകകാലത്ത് കവിയും ശാസ്ത്രജ്ഞനുമാണദ്ദേഹം. അപ്പുവിന്റെ കുടുംബാംഗങ്ങള്‍, സാം, സരസ്വതി, പാണ്ഡ്യന്‍, മായ, ഭൃഗു എന്നിങ്ങനെ ഒട്ടേറെ കഥാപാത്രങ്ങള്‍ ഈ നോവലിലുണ്ട്. സഹൃദയശ്രദ്ധ പിടിച്ചുപറ്റുന്ന കഥാപാത്രമാണ് മായ. ഭാരതത്തിന്റെ പീഡിതമായ ആത്മാവിന്റെ നൊമ്പരങ്ങള്‍ ഈ കഥാപാത്രത്തില്‍ കാണുന്നു. നിറഞ്ഞ പ്രതീക്ഷകളുമായിട്ടാണ് യുവാക്കള്‍ ഉന്നതബിരുദം തേടിയെത്തുന്നത്. പക്ഷെ മനുഷ്യന്റെ ഉത്‌സാഹത്തെ കെടുത്തുകയും പ്രയത്‌നത്തെ അശക്തമാക്കുകയും ചെയ്യുന്ന നമ്മുടെ ബ്യൂറോക്രസിയുടെ പരാജയമാണ് ഈ നോവല്‍ ചര്‍ച്ചചെയ്യുന്നത്.