(സംഘമഹാകാവ്യം)
കൂലവാനികന്‍ ചാത്തനാര്‍

സംഘകാലത്തെ ഒരു മഹാകാവ്യമാണ് മണിമേഖല. തമിഴ് സാഹിത്യത്തിലെ അഞ്ച് മഹാകാവ്യങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഇത് ചിലപ്പതികാരത്തിന്റെ തുടര്‍ച്ചയാണ്. ഇവ രണ്ടിനേയും ഇരട്ടക്കാവ്യങ്ങള്‍ എന്നു വിളിക്കാറുണ്ട്. ചിലപ്പതികാരം ജൈനമതസിദ്ധാന്തങ്ങളെ വിശദീകരിക്കുന്ന കാവ്യമാണെങ്കില്‍ മണിമേഖല ബുദ്ധമതതത്വങ്ങളെയാണ് പ്രതിപാദിക്കുന്നത്. ബുദ്ധമതത്തെ അങ്ങേയറ്റം പുകഴ്ത്തുകയും ഇതരമതങ്ങളെ ഖണ്ഡിക്കുകയുമാണ് മണിമേഖല. ഈ രണ്ടു കാവ്യങ്ങളും ഒരേ കാലത്ത് രചിക്കപ്പെട്ടവയായിരിക്കണം. എന്നാല്‍ ചിലപ്പതികാരം രണ്ടാം നൂറ്റാണ്ടിലും മണിമേഖല ആറാം നൂറ്റാണ്ടിലും ആണ് രചിക്കപ്പെട്ടതെന്നും അഭിപ്രായമുണ്ട്. കേരള സാഹിത്യ അക്കദമി 1971 ല്‍ ഇതിന്റെ ഒരു പരിഭാഷ പ്രസിദ്ധീകരിച്ചു. ചിലപ്പതികാരം ഒരു സമ്പന്ന കുടുംബത്തെപ്പറ്റിയാണെങ്കില്‍ മണിമേഖല ഒരു വേശ്യയുടെ (ചിലപ്പതികാരത്തിലെ നായകനായ കോവിലനും മാധവി എന്ന വേശ്യക്കും) മകളെ സംബന്ധിച്ചുള്ളതാണ്.

രചയിതാവ് കൂലവാനികന്‍ ചാത്തനാര്‍ എന്നാണ് പതികം പറയുന്നത്. തണ്ടമിഴ്ച്ചാത്തന്‍, മതുരൈക്കൂലവാണികന്‍ ചാത്തന്‍ എന്ന് ചിലപ്പതികാരത്തിലും പറയുന്നു. ചാത്തന്‍ എന്നത് ശാസ്തന്‍ എന്ന ബുദ്ധഭിക്ഷുക്കളുടെ പേരിന്റെ തത്സമമാണെന്നും ഇതിന്റെ കര്‍ത്താവ് ചാത്തനാര്‍ ഒരു ബുദ്ധനായിരുന്നു എന്നും കരുതുന്നു. അദ്ദേഹം കോവലന്റേയും കണ്ണകിയുടേയും കാലത്ത് ജീവിച്ചിരുന്നയാളാണെന്നും മധുരയുടെ അധിദേവത, കണ്ണകിയോട് അവളുടെ മുജ്ജന്മ കഥ പറഞ്ഞു കൊടുത്തയാളായിരുന്നു എന്നും ചിലപ്പതികാരത്തില്‍ പറയുന്നു. ചേരന്‍ ചെങ്കുട്ടുവന്‍, ഇളങ്കോവടികള്‍ എന്നിവരുടെ സമകാലികനായിരുന്നു ഇദ്ദേഹം. ചില ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍ ഇത് ചിത്തലൈ ചാത്തനാര്‍ ആണ്. എന്നാല്‍ മറ്റു ചിലര്‍ സംഘപ്പുലവരായ ചിത്തലൈ ചാത്തനാരും കൂലവാണികന്‍ ചാത്തനാരും രണ്ടും രണ്ടാണ് എന്നാണ് വാദിക്കുന്നത്.

മണിമേഖല എന്നത് കാവ്യത്തിലെ നായികയുടെ പേരാണ്. കോവിലന്റേയും സുന്ദരിയായ മാധവി എന്ന വേശ്യയുടേയും മകളാണ് മണിമേഖല. എന്നാല്‍ ഗ്രന്ഥകാരന്‍ അവള്‍ മാധവിയുടെ മകള്‍ എന്ന് പറയുന്നില്ല, മറിച്ച് കണ്ണകിയുടെ മകള്‍ എന്നാണ് പറയുന്നത്. പത്തിനിക്കടവുള്‍ ആയ കണ്ണകിയുടെ മകള്‍ ആണ് മണിമേഖല എന്ന് സമര്‍ത്ഥിക്കുന്നു. കാവ്യത്തിന് മണിമേഖലത്തുറവ് എന്നും പേര്‍ ഉണ്ട്. ക്രി.വ. രണ്ടാം ശതകത്തിലാണ് ഇത് രചിക്കപ്പെട്ടത് എന്ന് ചിലര്‍ വിശ്വസിക്കുന്നു. പണ്ടത്തെ തമിഴര്‍ (കേരളീയരും) ലോകസുഖത്തെ യഥാര്‍ത്ഥ സുഖം എന്ന് കരുതിയവരാണ്. ലോകായതം എന്ന് ദര്‍ശനം പ്രചരിച്ചിരുന്നത് ഇത്തരം തത്ത്വചിന്തകള്‍ അടിസ്ഥാനമാക്കിയായിരുന്നു. വിഭവസമൃദ്ധമായ ഭക്ഷണവും കാമകേളികളുമാണ് പരമാനന്ദമെന്ന് അവര്‍ ധരിച്ചു. സമൂഹത്തില്‍ അത്തരം ശീലങ്ങള്‍ പ്രചരിച്ചു.

മത്സ്യമാംസാദികള്‍ അവര്‍ ഇഷ്ടപ്പെട്ടു. മണിമേഖല ഇതിനെ ശക്തിയായി എതിര്‍ക്കുന്നു. കര്‍മ്മബന്ധം, പുനര്‍ജന്മം, ആത്മാവ്, ജീവകാരുണ്യം, പുണ്യപാപങ്ങള്‍, സ്വര്‍ഗ്ഗനരകങ്ങള്‍, അന്നദാനം, ദൈവികസംഭവങ്ങള്‍ എന്നീ ബുദ്ധമത ആശയങ്ങളെ മണിമേഖല അവതരിപ്പിക്കുന്നു. മനുഷ്യമനസ്സിനെ അത് ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നു. ശരീരം നശിക്കും, യൗവനം പോകും, സൗന്ദര്യം ഉണ്ടാകില്ല. ആനന്ദം ക്ഷണഭംഗുരമാണ്, ധര്‍മ്മം മാത്രമേ എന്നും നിലനില്‍ക്കൂ. അതിനാല്‍ മരണാനന്തരം നല്ല ജീവിതം ലഭിക്കാന്‍ ധര്‍മ്മങ്ങള്‍ ചെയ്ത് നല്ല വഴിതേടുക.

ഇന്ന് നമ്മുടെ ശരീരം ചെയ്യുന്നതെല്ലാം മുജ്ജന്മ പ്രവൃത്തികളുടെ ഫലമാണ് എന്ന് കാവ്യം പ്രസ്താവിക്കുന്നു. ആശകളുടെ അന്ത്യമാണ് ജീവിതസുഖത്തിന്റെ നിദാനം എന്നും മണിമേഖല കരുതുന്നു.
മണിമേഖലയുടെ കഥ നടക്കുന്ന കാലത്ത് ചോഴ രാജധാനി കാവേരിപൂമ്പട്ടിണമായിരുന്നു. പാണ്ഡ്യദേശത്തിന്റേത് മധുരയും ചേരരാജ്യത്തിന്റേത് വഞ്ചിമാനഗരവും കൊടുങ്ങല്ലൂര്‍ ആയിരുന്നു. തൊണ്ടൈ നാടിന്റെ തലസ്ഥാനം കാഞ്ചീപുരവുമായിരുന്നു. ഇവയെപ്പറ്റി മണിമേഖലയില്‍ നല്ല വര്‍ണ്ണനകള്‍ ഉണ്ട്. കാവേരി പൂമ്പട്ടിണത്തിന്റെ പഴയ പേര് ചമ്പാപതി എന്നായിരുന്നു.