(സന്ദേശകാവ്യം)
കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍

കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ രചിച്ച സന്ദേശകാവ്യ വിഭാഗത്തില്‍ പെടുന്ന കാവ്യമാണ് മയൂരസന്ദേശം. കേരളവര്‍മ്മ തടവില്‍ കിടക്കുമ്പോള്‍ ഭാര്യയെ പിരിഞ്ഞതിലുള്ള വിഷമത്തില്‍ ഭാര്യയ്ക്ക് ഒരു മയിലിന്റെ കൈവശം സന്ദേശം കൊടുത്തയയ്ക്കുന്ന രൂപത്തിലാണ് ഇതിന്റെ രചന. ശ്ലോകം 61 മുതല്‍ 73 വരെ നായികാവര്‍ണ്ണനയാണ്.ആയില്യം തിരുനാള്‍ മഹാരാജാവിന്റെ അപ്രീതിക്ക് പാത്രമായ കേരളവര്‍മ്മ വലിയകോയിത്തമ്പുരാനെ നാലുവര്‍ഷം അനന്തപുരം കൊട്ടാരത്തിലെ കുളപ്പുരമാളികയില്‍ ഏകാന്ത തടവിന് ശിക്ഷിച്ചിരുന്നു. ഏകാന്ത തടവാണെങ്കിലും ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് അനുവദിച്ചിരുന്നു. ഹരിപ്പാട്ടെ മയിലുകളാണ് അദ്ദേഹത്തിന് മയൂര സന്ദേശമെഴുതാന്‍ പ്രേരണയായത് എന്നു കരുതുന്നു. ആയില്യം തിരുനാളിന് ശേഷം വിശാഖം തിരുനാള്‍ അധികാരത്തില്‍ വന്നപ്പോള്‍ തമ്പുരാന്‍ മോചിതനാവുകയും തുടര്‍ന്ന് തിരുവനന്തപുരം കൊട്ടാരത്തിലിരുന്ന് മയൂരസന്ദേശം എഴുതുകയും ചെയ്തു.
ഹരിപ്പാടുള്ള അനന്തപുരം കൊട്ടാരത്തില്‍ മയൂരസന്ദേശത്തിന്റെ കൈയെഴുത്ത് പ്രതി സൂക്ഷിച്ചിട്ടുണ്ട്. തമ്പുരാന്‍ എഴുതിത്തുടങ്ങിയ തീയതിയാണ് ഇതില്‍ ആദ്യം ചേര്‍ത്തിരിക്കുന്നത്. മലയാളവര്‍ഷം 1069 മേടം ഒന്നിനാണ് തുടക്കമിട്ടത്. മിഥുനം അഞ്ചിന് പൂര്‍ത്തിയായി.