വേദാന്തം ദാര്‍ശനികമായ ഒരു പ്രസ്ഥാനമായി രൂപം കൊണ്ടത് ബാദരായണന്റെ ബ്രഹ്മസൂത്രം രചിക്കപ്പെട്ടതോടെയാണെന്ന് പറയാം. ബാദരായണനുശേഷം ആദ്യമായി സൂത്ര ശൈലിയില്‍ വേദാന്ത രഹസ്യം വെളിപ്പെടുത്തിയത് നാരായണഗുരു മാത്രമാണ്. ശങ്കാചാര്യര്‍ തുടങ്ങി ഇരുപത്തിയൊന്ന് ആചാര്യന്‍മാര്‍ ബ്രഹ്മസൂത്രത്തിന് വ്യത്യസ്തങ്ങളായ വ്യാഖ്യാനങ്ങളെഴുതി. ഇതുമൂലം ബാദരായണന്റെ തനതായ സത്യദര്‍ശനം എന്തെന്നറിയാതെ ജിജ്ഞാസുക്കള്‍ കുഴഞ്ഞു. കലങ്ങിയ വെള്ളത്തില്‍ മീന്‍ പിടിക്കുന്നതിനു പകരം കലക്കത്തെ തെളിക്കുകയാണ് നാരായണഗുരു ചെയ്തത്. ചിന്താചരിത്രത്തിലെ ഒരു പരിവര്‍ത്തന ഘട്ടത്തെ കുറിക്കുന്നതാണ് ഗുരുവിന്റെ ‘വേദാന്തസൂത്രം’ ഇതിന്റെ വ്യാഖ്യാനത്തിന് പുരോവചനമായി എഴുതിയതാണ് ‘ വേദാന്തം നാരായണ ഗുരുവരെ’. ശങ്കരാചാര്യര്‍, രാമാനുജാചാര്യര്‍, മധ്വാചാര്യര്‍ എന്നിവരുടെ ദര്‍ശനങ്ങളെയും അവയിലെ തര്‍ക്കവിഷയങ്ങളെയും നാരായണഗുരുവിന്റെ ദര്‍ശനത്തിന്റെ വെളിച്ചത്തില്‍ തട്ടിച്ചുനോക്കി വിലയിരുത്തുന്ന പഠനമാണിത്. വേദാന്തത്തിലെ സാങ്കേതിക സംജ്ഞകളുടെ ലളിതവിവരണവുമുണ്ട്.
നാരായണഗുരുകുലം.