‘വ്യാകരണമിത്രം’ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ ശ്രീ. മാധവശേഷഗിരി പ്രഭു കേരളപാണിനീയത്തെക്കുറിച്ച് ‘ഉപദേശമായും, ശോധനമായും, മണ്ഡനമായും, ഖണ്ഡനമായും, ശേഷപൂരണമായും, വിവരണമായും’ എഴുതിയിട്ടുള്ള ഉപന്യാസങ്ങളാണ് ശ്രീ. എന്‍. സാം ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്. പ്രഭുവിന്റെ ഈ നിരൂപണോപന്യാസങ്ങള്‍ക്ക്

മറുപടിയായി എ.ആര്‍. രാജരാജവര്‍മ്മ നടത്തിയിട്ടുള്ള അഭിപ്രായപ്രകടനവും കേരളപാണിനീയത്തിന്റെ ഒന്നാം പതിപ്പും ഇതില്‍ ചേര്‍ത്തിട്ടുണ്ട്. വസ്തുനിഷ്ഠവും സമചിത്തവുമായി കേരളപാണിനീയത്തെ സാംഗോപാംഗം ഓരോ ലേഖനത്തിലും നിരൂപണം ചെയ്തിട്ടുണ്ട് പ്രഭു. അദ്‌ദേഹത്തിന്റെ ശാസ്ത്രീയ ചിന്തയും ഭാഷാപാണ്ഡിത്യവും ഇവ തെളിയിക്കുന്നു. ഭാഷയിലും വ്യാകരണത്തിലും ഉപരിഗവേഷണം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ ലേഖനങ്ങള്‍ ആചാര്യകങ്ങളായിത്തീരും എന്നതിനു സംശയമില്ല.