ബെന്യാമിന്‍
ഗ്രീന്‍ ബുക്ക്‌സ്, തൃശൂര്‍
    ബെന്യാമിന്‍ എഴുതിയ മലയാളം നോവലാണ് ആടുജീവിതം. വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയില്‍ ജോലിക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളര്‍ത്തല്‍ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളില്‍ മൂന്നിലേറെ വര്‍ഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ് ഈ കൃതി. 2008 ആഗസ്റ്റ് മാസം ആദ്യപതിപ്പിറങ്ങിയ ആടുജീവിതം, 2009ല്‍ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നോവലിനുള്ള പുരസ്‌കാരം നേടി. 2015ലെ പത്മപ്രഭാ പുരസ്‌കാരവും ലഭിച്ചു. ചെറുകഥാകൃത്തും നോവലിസ്റ്റുമായ ബെന്യാമിന്‍, കേരളത്തില്‍ പത്തനംതിട്ട ജില്ലയിലെ കുളനട സ്വദേശിയാണ്. പ്രവാസിയായ ഇദ്ദേഹം ബഹ്‌റൈനിലായിരുന്നു താമസം. ഇപ്പോള്‍ നാട്ടില്‍ മടങ്ങിയെത്തി. ബെന്യാമിന്‍ എന്നത് തൂലികാനാമമാണ്. യഥാര്‍ത്ഥ നാമം ബെന്നി ഡാനിയേല്‍ എന്നാണ്.അബുദാബി മലയാളി സമാജം കഥാപുരസ്‌കാരം നേടിയ യൂത്തനേസിയ, പെണ്മാറാട്ടം എന്നീ കഥാസമാഹാരങ്ങളും, അബീശഗില്‍, പ്രവാചകന്മാരുടെ രണ്ടാം പുസ്തകം, അക്കപ്പോരിലെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍, മഞ്ഞവെയില്‍ മരണങ്ങള്‍ എന്നീ നോവലുകളും മറ്റു രചനകളാണ്.

    കേരളത്തില്‍ ഒരു മണല്‍വാരല്‍ തൊഴിലാളിയായി ജോലി ചെയ്തിരുന്ന നജീബ്, ഒരു സുഹൃത്തിന്റെ ബന്ധു വഴി കിട്ടിയ തൊഴില്‍ വിസയിലാണ് സൗദി അറേബ്യയിലേക്കു പോയത്. കൂടെ, അതേ വഴിക്കു തന്നെ വിസ കിട്ടിയ ഹക്കീം എന്ന കൂട്ടുകാരനും ഉണ്ടായിരുന്നു. റിയാദില്‍ വിമാനം ഇറങ്ങിയ അവര്‍ വിമാനത്താവളത്തില്‍ ആരെയോ അന്വേഷിച്ചു നടക്കുന്നതായി തോന്നിയ ഒരു അറബിയെ കണ്ടു മുട്ടുകയും സ്‌പോണ്‍സറാണെന്ന് (അറബാബ്, അഥവാ മുതലാളി) തെറ്റിദ്ധരിച്ച് അയാളുടെ കൂടെ പോകുകയും ചെയ്തു. അവര്‍ എത്തിപ്പെട്ടത് മസ്ര എന്നറിയപ്പെടുന്ന രണ്ട് വ്യത്യസ്ത തോട്ടങ്ങളിലായിരുന്നു. വൃത്തിഹീനമായ സാഹചര്യത്തില്‍ ആടുകളേയും ഒട്ടകങ്ങളേയും പരിപാലിച്ചുകൊണ്ടുള്ള വിശ്രമമില്ലാത്ത ജീവിതമായിരുന്നു മസറയില്‍ നജീബിനെ കാത്തിരുന്നത്. നജീബ് എത്തിയപ്പോള്‍ അവിടെ മറ്റൊരു ജോലിക്കാരന്‍ കൂടി ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ നീണ്ടുനിന്ന അടിമപ്പണി അയാളെ ഒരു 'ഭീകരരൂപി' ആക്കി മാറ്റിയിരുന്നു. നജീബ് വന്ന് കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അയാള്‍ മരണപ്പെട്ടു. തുടര്‍ന്ന് മസറയിലെ മുഴുവന്‍ ജോലികളും നജീബിനു തന്നെ ചെയ്യേണ്ടി വന്നു. പച്ചപ്പാലും, കുബൂസ് എന്ന അറബി റൊട്ടിയും, ചുരുങ്ങിയ അളവില്‍ വെള്ളവും മാത്രമായിരുന്നു ആകെ കിട്ടിയിരുന്ന ഭക്ഷണം. താമസിക്കാന്‍ മുറിയോ, കിടക്കയോ, വസ്ത്രമോ, കുളിക്കുന്നതിനോ, മറ്റേതെങ്കിലും തരത്തിലുള്ള ശുചിത്വപാലനത്തിനോ ഉള്ള സാഹചര്യമോ ഉണ്ടായിരുന്നില്ല. ഏറെ അകലെയല്ലാത്ത മറ്റൊരു മസറയില്‍ അതേ സാഹചര്യങ്ങളില്‍ ജോലി ചെയ്തിരുന്ന ഹക്കീമിനെ നജീബ് വല്ലപ്പോഴും കാണുന്നതു അറബാബിനു ഇഷ്ടമായിരുന്നില്ല. മര്‍ദ്ദനം സ്ഥിരമായിരുന്നു.
    ആടുകള്‍ക്ക് നാട്ടിലെ കഥാപാത്രങ്ങളുടെയും സ്വന്തക്കാരുടെയും പേരുകള്‍ നല്‍കി അവരുമായി സംവദിച്ചാണ് തന്റെ ഏകാന്തതക്ക് നജീബ് ആശ്വാസം കണ്ടെത്തിയത്. ഇതിനിടെ ഹക്കീം ജോലി ചെയ്തിരുന്ന മസറയില്‍ ഇബ്രാഹിം ഖാദരി എന്നൊരു സൊമാലിയക്കാരന്‍ കൂടി ജോലിക്കാരനായി വന്നു. ഒളിച്ചോടാനുള്ള അവസരം പാര്‍ത്തിരുന്ന ഹക്കീമും ഖാദരിയും നജീബും മസറകളിലെ മുതലാളിമാര്‍, അവരില്‍ ഒരാളുടെ മകളുടെ വിവാഹത്തിനു പോയ അവസരം ഉപയോഗിച്ച് ഒളിച്ചോടി. മരുഭൂമിയിലൂടെ ദിവസങ്ങള്‍ നീണ്ടു നിന്ന പലായനത്തില്‍ ദിശനഷ്ടപ്പെട്ട അവര്‍ ദാഹവും വിശപ്പും കൊണ്ടു വലഞ്ഞു. യാത്രയ്ക്കിടയില്‍ ദാഹം സഹിക്കാതെ ഹക്കീം മരിച്ചു. പിന്നെയും പലായനം തുടര്‍ന്ന ഖാദരിയും നജീബും ഒടുവില്‍ ഒരു മരുപ്പച്ച കണ്ടെത്തി. അവിടെ ദാഹം തീര്‍ത്ത് കുറച്ച് ദിവസം തങ്ങിയ ശേഷം അവര്‍ വീണ്ടും യാത്ര തുടര്‍ന്നു. ഒടുവില്‍ നജീബ് ഒരു ഹൈവേയില്‍ എത്തുമ്പോഴേക്ക് ഖാദരിയെ കാണാതായിരുന്നു. അവിടെ നിന്നും, ഒരു അറബി അയാളെ തന്റെ കാറില്‍ കയറ്റി, അടുത്ത പട്ടണമായ റിയാദിലെ ബത്ഹയില്‍ എത്തിച്ചു.
    ബത്ഹയില്‍ എത്തിയ നജീബ്, കുഞ്ഞിക്കയുടെ ദീര്‍ഘനാളത്തെ പരിചരണത്തിനൊടുവില്‍ മനുഷ്യരൂപവും ആരോഗ്യവും വീണ്ടെടുത്തു. നാട്ടിലേയ്ക്കു മടങ്ങാന്‍ വേണ്ടി പോലീസില്‍ പിടികൊടുത്തു. ഷുമേസി ജയിലിലെ ഏതാനും മാസങ്ങള്‍ക്ക് ശേഷം നജീബിന്റെ അറബി ജയിലില്‍ വന്ന് നജീബിനെ തിരിച്ചറിഞ്ഞെങ്കിലും തിരിച്ച് കൊണ്ടുപോയില്ല. കാരണം, നജീബ് അദ്ദേഹത്തിന്റെ വിസയിലുള്ള ആളായിരുന്നില്ല. തുടര്‍ന്ന്, ഇന്ത്യന്‍ എംബസി നല്‍കിയ ഔട്ട്പാസ് മുഖേന നജീബ് നാട്ടില്‍ തിരിച്ചെത്തുന്നു.
    'മധുരമായ ഗദ്യം, അനുഭവതീവ്രമായ പ്രമേയം, മലയാളിത്തം എല്ലാം ഒത്തിണങ്ങിയ' നോവലെന്ന് ഈ കൃതിയെ പ്രശസ്ത സാഹിത്യകാരി പി. വത്സല പുകഴ്ത്തുന്നു. തന്നെ വിസ്മയിപ്പിച്ച നോവലെന്ന് എം.മുകുന്ദനും ഇതിനെ വിളിക്കുന്നു.