നോവല്‍
താരാശങ്കര്‍ ബന്ദോപാധ്യായ
    ബംഗാളി സാഹിത്യകാരന്‍ താരാശങ്കര്‍ ബന്ദോപാധ്യായയുടെ പ്രശസ്തമായ നോവലാണ് ആരോഗ്യനികേതനം. 1953ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ലോകസാഹിത്യത്തിലെ ഏറ്റവും നല്ല നോവലുകളില്‍ ഒന്നായി വിലയിരുത്തപ്പെടുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ബംഗാളില്‍, കൊല്‍ക്കത്തയില്‍ നിന്നു നൂറുമൈല്‍ അകലെയുള്ള ദേവീപുരം എന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നത്. `ജീവന്‍ മശായ്' എന്ന ആയുര്‍വേദ ഡോക്ടറുടെ ബാല്യം മുതല്‍ മരണം വരെയുള്ള ജീവിതകഥയും അതിനെ പശ്ചാത്തലമാക്കി, ജീവന്റെയും മരണത്തിന്റെയും രഹസ്യങ്ങള്‍ തേടുന്ന രണ്ടു വൈദ്യവ്യവസ്ഥകളുടെ സംഘര്‍ഷഭരിതമായ മുഖാമുഖവുമാണ് നോവല്‍ ചിത്രീകരിക്കുന്നത്. `മശായ്' യുടെ കഥയിലൂടെ ആയുര്‍വേദവും, ജനകീയചികിത്സാവിധി എന്ന നിലയിലുള്ള അതിന്റെ സ്ഥാനം ക്രമേണ കയ്യടക്കിക്കൊണ്ടിരുന്ന അലോപ്പതിയും തമ്മില്‍ നടക്കുന്ന സംഘട്ടനത്തിനൊപ്പം സ്വാതന്ത്ര്യാനന്തര ബംഗാളിലെ ഉള്‍നാടന്‍ ജനതയുടെ ജീവിതത്തേയും നോവലില്‍ മനോഹരമായി ആവിഷ്‌കരിച്ചിരിക്കുന്നു.
    ആരോഗ്യനികേതനം എന്ന ഗ്രന്ഥനാമം, ജീവന്‍ മശായ്യുടെ ചികിത്സാലയത്തിന്റെ പേരാണ്. 80 വര്‍ഷം മുന്‍പ് അദ്ദേഹത്തിന്റെ പിതാവ് ജഗദ് ബന്ധു മശായ് പണിയിച്ച ആ സ്ഥാപനം, നോവലിന്റെ തുടക്കത്തില്‍ ജീര്‍ണിച്ച് ഇടിഞ്ഞു പൊളിഞ്ഞ അവസ്ഥയിലെത്തിയിരുന്നു. 1950 ശ്രാവണമാസത്തില്‍ വൃദ്ധനായ ജീവന്‍ മശായ്യെ അവതരിപ്പിച്ചു തുടങ്ങുന്ന നോവല്‍ 1951 സെപ്തംബര്‍ മാസം വരെയുള്ള കഥ പറയുന്നു. ഒപ്പം, മശായ്യുടേയും ഗ്രാമത്തിന്റേയും പൂര്‍വചരിത്രം അദ്ദേഹത്തിന്റെ സ്മരണകളിലൂടെ കാണിച്ചുതരുന്നു.
യുവപ്രായത്തില്‍ അപമാനകരമായ സാഹചര്യത്തില്‍ പ്രേമഭാജനത്തെ നഷ്ടപ്പെട്ടതില്‍ നിന്നുണ്ടായ വിഷാദം, ശിഷ്ടജീവിതം മുഴുവന്‍ ജീവന്‍ മശായ്‌യെ പിന്തുടര്‍ന്നിരുന്നു. അതിനാല്‍, ജീവിതത്തെയെന്ന പോലെ മരണത്തെയും ദൈവലീലയായി അദ്ദേഹം കൗതുകപൂര്‍വം നോക്കി. 'പരമാനന്ദമാധവ'ന്റെ ഉപാസകനായിരുന്ന 'മശായ്', വൈദ്യശാസ്ത്രത്തെ മരണത്തോടുള്ള വെല്ലുവിളിയായി കണ്ടില്ല. നാഡീസ്പന്ദനം തൊട്ടറിഞ്ഞ് രോഗനിര്‍ണ്ണയം നടത്തുന്നതില്‍ അദ്ദേഹം കൈവരിച്ചിരുന്ന അതിശയകരമായ വൈദഗ്ദ്ധ്യം നോവലില്‍ വിവരിക്കുന്നു. നാഡി പരിശോധിച്ച് രോഗിയുടെ മരണകാലം കൃത്യമായി പറയാന്‍ കഴിയാന്‍ പറ്റുന്നിടം വരെ വികസിച്ചിരുന്നു ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ കഴിവ്. സൃഷ്ടികര്‍ത്താവിന്റെ അന്ധബധിരയും പിംഗളകേശിനിയുമായ മാനസപുത്രിയായി അദ്ദേഹം മൃത്യുവിനെ സങ്കല്പിച്ചു. രോഗികളുടെ നാഡിമിടിപ്പില്‍ ചിലപ്പോഴൊക്കെ അദ്ദേഹം അവളുടെ കാലൊച്ച കേട്ടു. ഇതുമൂലം, 'മരണം പ്രവചിക്കുന്ന വൈദ്യന്‍' എന്ന ദുഷ്‌പേരു കിട്ടിയ അദ്ദേഹത്തെ ഉറ്റ സുഹൃത്ത് സേതാബ് അടക്കം, പലരും ഭയന്നിരുന്നു. ഒരേയൊരു മകന്റെയും, ഒടുവില്‍ തന്റെ തന്നെയും മരണകാലം അദ്ദേഹം നാഡി തൊട്ടറിഞ്ഞു കൃത്യമായി പ്രവചിച്ചു.
    ആയുര്‍വേദവും അലോപ്പതിയും തമ്മില്‍ നോവലില്‍ പ്രകടമാകുന്ന സംഘര്‍ഷം തീക്ഷ്ണമാകുന്നത് ഗ്രാമത്തില്‍, പ്രദ്യോത് എന്ന യുവ അലോപതി ഡോക്ടര്‍ പ്രാക്ടീസ് തുടങ്ങുന്നതോടെയാണ്. ആയുര്‍വേദത്തെ ആദ്യം അവജ്ഞയോടെ വീക്ഷിച്ചിരുന്ന പ്രദ്യോത് ഒടുവില്‍ ആ നിലപാടു മാറ്റുന്നുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ മഞ്ജുവിനെ ബാധിച്ച കഠിനജ്വരത്തിന്റെ ചികിത്സയില്‍ മാശായ്‌യുടെ അറിവു പ്രയോജനപ്പെടുന്നു. മഞ്ജുവിന്റെ മുതുമുത്തശ്ശിയും 'മശായ്'യുമായുള്ള അപ്രതീക്ഷിതമായ ഒരു കൂടിക്കാഴ്ചയ്ക്കു കൂടി അത് അവസരമൊരുക്കുന്നു. കൊടുംവാര്‍ദ്ധക്യത്തിന്റെ ചാപല്യങ്ങള്‍ കാട്ടി, മക്കള്‍ക്കു ഭാരമായി കഴിഞ്ഞിരുന്ന അവര്‍, യൗവനത്തില്‍ തന്നെ തിരസ്‌കരിച്ച കാമുകി മഞ്ജരിയാണെന്ന് മനസ്സിലാക്കുന്ന മശായ്, ആ തിരിച്ചറിവ് ആരുമായും പങ്കുവയ്ക്കുന്നില്ല. എങ്കിലും, പലതരം രോഗങ്ങളുടെ പിടിയിലായിരുന്ന മഞ്ജരിയുടെ നാഡിയും അദ്ദേഹം പരിശോധിച്ചു. അവര്‍ക്ക് മൂന്നു മുതല്‍ ആറുമാസം വരെ ആയുസ്സുണ്ടെന്നാണ് അദ്ദേഹം കണ്ടത്. മഞ്ജുവിന് ഒരു കുട്ടിയുണ്ടായിക്കണ്ടിട്ടു മരിക്കണമെന്ന ആശ അവര്‍ അറിയിച്ചപ്പോള്‍ 'പുനര്‍ജ്ജന്മത്തില്‍ വിശ്വസിക്കുന്നില്ലേ, മഞ്ജുവിന്റെ വയറ്റില്‍ നിങ്ങള്‍ തന്നെ കുഞ്ഞായിപ്പിറന്നാല്‍ അതല്ലേ കൂടുതല്‍ നല്ലത്' എന്നാണ് മശായ് പ്രതികരിച്ചത്. ആശകള്‍ വെടിഞ്ഞ് മരണത്തെ സന്തോഷപൂര്‍വം സ്വീകരിക്കാനുള്ള മശായ്യുടെ ഉപദേശം മഞ്ജരി സ്വീകരിച്ചു. മഞ്ജരിയുമായുള്ള ആ കൂടിക്കാഴ്ച നടന്നു പുറത്തു വന്ന ഉടനെയുള്ള മശായ്യുടെ ചിന്താലോകത്തെ നോവലിസ്റ്റ് വര്‍ണ്ണിക്കുന്നതിങ്ങനെയാണ്:
' മശായ്യുടെ മനസ്സില്‍ പിംഗളവര്‍ണ്ണയായ ആ കന്യകയുടെ കഥ ചുറ്റിത്തിരിയുകയായിരുന്നു. പിംഗളവര്‍ണ്ണയും പിംഗളകേശിനിയും പിംഗളചക്ഷുവും ആയ ആ കന്യക, കാഷായവസ്ത്രം, സര്‍വ്വാംഗം പത്മബീജമാല, അന്ധയും ബധിരയും. സകല ക്ഷണവും അവള്‍ ഒപ്പമുണ്ട് ശരീരത്തോടൊപ്പം നിഴലെന്നപോലെ, ശ്രമത്തോടൊപ്പം വിശ്രമമെന്ന പോലെ, ശബ്ദത്തോടൊപ്പം സ്തബ്ധതയെന്നപോലെ, സംഗീതത്തോടൊപ്പം സമാപ്തിയെന്നപോലെ, ഗതിയോടൊപ്പം പതനമെന്നപോലെ, ചേതനയോടൊപ്പം നിദ്രയെന്നപോലെ. മൃത്യുവിന്റെ ദൂതന്മാര്‍ അവളെ അടുത്തു കൊണ്ടുവരുന്നു. അന്ധയും ബധിരയുമായ ആ കന്യക, അമൃതസമമായ സ്പര്‍ശനം ദേഹത്തു മുഴുവന്‍ ഏല്പിക്കുന്നു. അനന്തവും അതലാന്തവുമായ ശാന്തിയില്‍ ജീവിതത്തെ കുളുര്‍പ്പിക്കുന്നു. മഞ്ജരിക്കും ആ കുളുര്‍മ്മ ലഭിക്കട്ടെ…..പരമാനന്ദമാധവ! നിന്റെ മാധുര്യം കൊണ്ട് സൃഷ്ടിയില്‍ മധുവും മൃത്യുവില്‍ അമൃതും നിറഞ്ഞിരിക്കുന്നു.(അദ്ധ്യായം 37)     '
ആ കൂടിക്കാഴ്ച നടന്ന് നാലു മാസത്തിനകം സംഭവിക്കുന്ന ജീവന്‍ മശായ്യുടെ തന്നെ മരണം ചിത്രീകരിച്ചാണ് നോവല്‍ സമാപിക്കുന്നത്. അതിന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പു മജ്ഞരിയും മരിച്ചിരുന്നു.
    പ്രേമത്തില്‍ നേരിട്ട തിരസ്‌കാരത്തെ തുടര്‍ന്ന് ജീവന്‍ മശായ്‌യ്ക്ക് പിതാവു തിടുക്കത്തില്‍ കണ്ടെത്തിയ വധു 'അത്തര്‍ബൗ', നോവലിലെ ശ്രദ്ധേയമായ ഒരു കഥാപാത്രമാണ്. പതിവ്രതയെങ്കിലും, സ്‌നേഹിക്കപ്പെടാതെ നിവൃത്തികേടില്‍ വിവാഹം ചെയ്യപ്പെട്ടവളാണു താനെന്ന അത്തര്‍ബൗവിന്റെ ചിന്ത, അവരുടെ ദാമ്പത്യത്തിനു മേല്‍ എപ്പോഴും നിഴല്‍ വീഴ്ത്തി നിന്നു. ആരോഗ്യനികേതനത്തിന് ടാഗോര്‍ പുരസ്‌കാരവും സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. നിലീന ഏബ്രഹാം 1961ല്‍ ആരോഗ്യനികേതനം എന്ന പേരില്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി. ഹിന്ദി, ഗുജറാത്തി, മറാത്തി, പഞ്ചാബി, സിന്ധി, തമിഴ്, തെലുങ്ക്, ഉറുദു ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടു.