ആശയസാന്ദ്രവും വിജ്ഞാനസംഭൃതവുമായ ഒരു ഗദ്യശില്‍പ്പമാണ് ആനന്ദിന്റെ അഭയാര്‍ത്ഥികള്‍. ഗൗതമന്‍ ആണിതിലെ മുഖ്യകഥാപാത്രം. ഗംഗയുടെകരയില്‍ നിലവിലുള്ള റെയില്‍വേ സ്‌റ്റേഷനും യാര്‍ഡും തകര്‍ത്തുകളഞ്ഞിട്ട് ഒരു തിട്ടും കനാലും അതിന്റെകരയില്‍ പാര്‍ക്കുമുണ്ടാക്കാന്‍ ശ്രമിക്കുന്ന ഒരു കോണ്ട്രാക്ടറുടെ മേസ്തിരി പറയുന്നതുകേട്ട് പണിയെടുക്കുന്നു. ചിന്താശാലിയായ ഗൗതമന്റെ ശക്തവും സമ്പന്നവുമായ ധിഷണയില്‍ ഭാരതീയസംസ്‌ക്കാരത്തെക്കുറിച്ചും ഭാരതത്തെക്കുറിച്ചും തന്റെ മനസിലുണര്‍ന്ന തീഷ്ണചിന്തകളെ ഒതുക്കാന്‍ ആനന്ദ് ശ്രമിക്കുന്നു. ഗംഗാതടത്തില്‍വളര്‍ന്ന ഭാരതീയസംസ്‌ക്കാരത്തിന്റെ ഉദയവികാസങ്ങളുടെയും പതനാഭ്യുദയങ്ങളുടെയും കഥയാണ് അഭയാര്‍ത്ഥികള്‍ പറയുന്നത്.