നടനകലയെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു പ്രാചീന സംസ്‌കൃതകൃതിയാണ് അഭിനയദര്‍പ്പണം. ഇതിന്റെ കര്‍ത്താവാണെന്നു വിശ്വസിക്കപ്പെടുന്നത് നന്ദികേശ്വരനാണ്. പുരാണപ്രസിദ്ധനായ ശിവപാര്‍ഷദനാണോ നാട്യശാസ്ത്രത്തില്‍ പ്രാഗല്ഭ്യമുള്ള ഒരു ഭാരതീയ പണ്ഡിതനാണോ ഇതെന്ന് സംശയമുണ്ട്. നടരാജനായ ശിവന്‍ ബ്രഹ്മാവിന് വിവരിച്ചുകൊടുത്ത കാവ്യമീമാംസാലങ്കാരസിദ്ധാന്തങ്ങള്‍ പിന്നീട് പതിനെട്ട് ശാഖകളായി വിഭജിക്കപ്പെട്ടുവെന്നും അതില്‍ നന്ദികേശ്വരന്‍ രസാധികാരത്തിന്റെ ആചാര്യനായിത്തീര്‍ന്നുവെന്നും ചില പുരാണപരാമര്‍ശങ്ങള്‍ ഉണ്ട്. ഭരതന്‍ നാട്യശാസ്ത്രം രചിച്ചതിനുശേഷമാണ് അഭിനയദര്‍പ്പണത്തിന്റെ ആവിര്‍ഭാവമെന്ന് ചില പണ്ഡിതന്മാര്‍ കരുതുന്നു. നാട്യശാസ്ത്രത്തിന്റെ അവസാനത്തില്‍ തന്റെ നാമം നന്ദിഭരതന്‍ എന്നാണെന്ന് രചയിതാവുതന്നെ വ്യക്തമാക്കിയിരിക്കുന്നതിനാല്‍ രണ്ടു പുസ്തകങ്ങളുടെയും കര്‍ത്താവ് ഒരാളാണെന്ന് കരുതുന്നവരുമുണ്ട്.
    നാടകം, നൃത്തം, നൃത്യം എന്നിവയെക്കുറിച്ചുള്ള പ്രാചീന ഭാരതീയ സങ്കല്പങ്ങളെ വിവരിക്കുന്ന പ്രാമാണിക ഗ്രന്ഥങ്ങളിലൊന്നാണാണ് അഭിനയദര്‍പ്പണം. നൃത്തനൃത്യങ്ങളെ വേര്‍തിരിച്ച് നിര്‍വചിക്കുന്ന ഇതിലെ കാരികാപദ്യം ആധുനിക കാലത്തും സാധുവായി നിലകൊള്ളുന്നു.

'ഭാവാഭിനയഹീനം തു
നൃത്തമിത്യഭിധീയതേ;
രസഭാവ വ്യഞ്ജനാദി
യുക്തം നൃത്യമിതീര്യതേ.     '

    ഭാവാര്‍ഥാഭിനയവിധങ്ങളെയും മറ്റും പറ്റി നിഷ്‌കൃഷ്ടമായ വ്യവസ്ഥകള്‍ ഈ ഗ്രന്ഥം നിര്‍ദ്ദേശിക്കുന്നുണ്ട്.

    കഥകളിയിലെ മുദ്രാഭിനയത്തെക്കുറിച്ച് വിവരിക്കുന്ന ഹസ്തലക്ഷണദീപിക എന്ന കേരളീയ ഗ്രന്ഥത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മുദ്രക്കൈകള്‍കൊണ്ട് എല്ലാ ശബ്ദങ്ങളെയും പ്രതിനിധാനം ചെയ്യാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ കഥകളിക്കാര്‍ അഭിനയദര്‍പ്പണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ധാരാളം മുദ്രകള്‍ സ്വീകരിക്കുന്നു. ഹസ്തലക്ഷണദീപിക തന്നെ ഭരതന്റെ നാട്യശാസ്ത്രത്തെയും അഭിനയദര്‍പ്പണത്തെയും നല്ലവണ്ണം ഉപജീവിച്ച പാഠ്യഗ്രന്ഥമാണ്.
    അഭിനയദര്‍പ്പണത്തിന് ആനന്ദകുമാരസ്വാമി മിറര്‍ ഒഫ് ജെസ്‌ചേഴ്‌സ് എന്ന പേരില്‍ ഒരു വിവര്‍ത്തനം തയ്യാറാക്കി ന്യൂയോര്‍ക്കില്‍ നിന്നും പ്രസിദ്ധീകരിച്ചു(1936). നടനമാണ്, നടന്മാരല്ല, നാടകകലയ്ക്ക് ആവശ്യമായിട്ടുള്ളതെന്ന് അതിന്റെ ആമുഖത്തില്‍ അദ്ദേഹം പ്രസ്താവിച്ചു.അഭിനയദര്‍പ്പണത്തിന് മറ്റൊരു ഇംഗ്‌ളീഷ് പരിഭാഷ എം. ഘോഷ് (കൊല്‍ക്കത്ത, 1957) രചിച്ചിട്ടുണ്ട്.