കാളിദാസന്‍ എഴുതിയ പ്രശസ്ത നാടകമാണിത്. സംസ്‌കൃതത്തിലുള്ള ഈ നാടകത്തില്‍ സ്ത്രീകഥാപാത്രങ്ങള്‍, വിദൂഷകര്‍, മറ്റു സേവകര്‍ തുടങ്ങിയവര്‍ പ്രാകൃതമാണ് സംസാരിക്കുന്നത് (ഈ രീതി സംസ്‌കൃതനാടകത്തിന്റെ ഒരു സങ്കേതമാണ്). കാളിദാസന്റെ കാലം ക്രി.മു. ഒന്നാം നൂറ്റണ്ടിനും ക്രി.വ. അഞ്ചാം നൂറ്റാണ്ടിനും ഇടയ്ക്കാണ്.

ശാകുന്തള തര്‍ജ്ജുമകള്‍: 1789ല്‍ സര്‍ വില്യം ജോണ്‍സ് ആണ് ആദ്യമായി ശാകുന്തളം ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ (Sacontalá or The Fatal Ring: an Indian drama) ചെയ്യുന്നത്. ഒരു പാശ്ചാത്യഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്ന ആദ്യത്തെ ഇന്ത്യന്‍ നാടകവും ഇതാണ്. ജോണ്‍സിന്റെ ശാകുന്തളതര്‍ജ്ജുമ ജര്‍മ്മനിയില്‍ കാല്പനികവിപ്ലവത്തിന് ഊര്‍ജ്ജം പകര്‍ന്നു. 1803 ല്‍ എ. ബ്രുഗുരെ ഫ്രഞ്ചിലേക്കും 1815ല്‍ എല്‍ഡോറിയ ഇറ്റലിയിലേക്കും ഇംഗ്ലീഷില്‍ നിന്ന് ഈ കൃതി തര്‍ജ്ജമ ചെയ്തു. ഏറ്റവും പ്രശസ്തി ലഭിച്ച പരിഭാഷ, 1853ലെ സര്‍ മോണിയര്‍ വില്യംസ് ചെയ്ത പരിഭാഷയാണ്.
മലയാളത്തില്‍: മലയാളത്തിലേക്കു ആദ്യമായി ശാകുന്തളം തര്‍ജ്ജമ ചെയ്തത് കേരളവര്‍മ്മ വലിയ കോയിത്തമ്പുരാനാണ്. അതിനാല്‍ അദ്ദേഹം 'കേരളകാളിദാസന്‍' എന്നറിയപ്പെട്ടു. മണിപ്രവാളശാകുന്തളം എന്നുപേരിട്ട ഈ തര്‍ജ്ജമയില്‍ സംസ്‌കൃതം വാക്കുകള്‍ ധാരാളമായി ഉപയോഗിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ അനന്തരവനായ എ.ആര്‍. രാജരാജവര്‍മ്മ മലയാളശാകുന്തളം എന്നപേരില്‍ അതു കുറച്ചുകൂടി സരളമായ മലയാളത്തില്‍ തര്‍ജ്ജമ ചെയ്തു.പിന്നീട് പല സാഹിത്യകാരന്മാരും ശാകുന്തളത്തില്‍ ആകര്‍ഷിക്കപ്പെട്ട് തര്‍ജ്ജമയ്ക്കു ശ്രമിച്ചു. ആറ്റൂര്‍ കൃഷ്ണപിഷാരടി (കേരളശാകുന്തളം), കുട്ടികൃഷ്ണമാരാര്‍, വള്ളത്തോള്‍, തിരുനല്ലൂര്‍ കരുണാകരന്‍ തുടങ്ങിയവരുടെ തര്‍ജ്ജമകള്‍ ശ്രദ്ധേയമാണ്. മലയാളത്തില്‍ 25ല്‍ക്കൂടുതല്‍ തര്‍ജ്ജമകള്‍ ഉണ്ടായി.