മുത്തിരിങ്ങോട്ടു ഭവത്രാതന്‍ നമ്പൂതിരിപ്പാട് (1901-43) രചിച്ച സാമൂഹികനോവലാണ് (1931)അപ്ഫന്റെ മകള്‍. ചന്തുമേനോന്റെ ഇന്ദുലേഖയ്ക്കും ശാരദയ്ക്കും ശേഷം മലയാളത്തിലെ സാമൂഹികനോവല്‍ പ്രസ്ഥാനത്തിന് ലഭിച്ച മുഖ്യ സംഭാവന. കാല്പനികത്വത്തിന്റെ അതിപ്രസരം ഇതില്‍ ഉടനീളം കാണാം. ജീവിതത്തിന്റെ യഥാര്‍ഥമായ ചിത്രീകരണവുമുണ്ട്. മിശ്രവിവാഹമെന്ന ആദര്‍ശം അപ്ഫന്റെ മകളുടെ സാത്വികാനുരാഗത്തിലുണ്ട്. ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടാണ് അവതാരിക എഴുതിയത്. ചിന്തോദ്ദീപകമായ രീതിയിലാണ് നമ്പൂതിരിമാരുടെ സാമൂഹികസ്ഥിതി ഇതില്‍ പ്രതിഫലിപ്പിച്ചിട്ടുള്ളത്. ഉത്കൃഷ്ടമായ പാത്രസൃഷ്ടിയും വിദഗ്ദ്ധമായ കഥാഘടനയും ഇതിന്റെ പ്രത്യേകതയാണ്. കാവ്യഭംഗി കളിയാടുന്ന ഗദ്യശൈലി. ഒന്നാം അധ്യായത്തില്‍ ഉണ്ണിക്കിടാങ്ങള്‍ ഇലകളും ഇല്ലിക്കോലുകളുംകൊണ്ടു നടത്തുന്ന ഇല്ലംപണി വര്‍ണനയുടെ അവസാനഭാഗം ഉദ്ധരിക്കുന്നു:

    '…മധ്യാഹ്നവിശ്രമം കഴിഞ്ഞ് ഇറങ്ങി ലാത്തുവാന്‍ പുറപ്പെട്ട കുളിര്‍മാരുതന്‍, വേല ചെയ്തു വേര്‍പ്പണിഞ്ഞ് തളര്‍ന്ന ആ പൂവല്‍മേനികളെ പുണര്‍ന്നു; അവരുടെ നെറ്റിമേല്‍ ചുംബിച്ചു; അവരുടെ കൈശികങ്ങളില്‍ കൈവിരല്‍കൊണ്ടു തെരുപ്പിടിച്ചു. സന്നിഹിതങ്ങളായ തീരവൃക്ഷങ്ങള്‍, പണികഴിഞ്ഞ ആ മണിമണ്ഡപത്തില്‍ വിരിക്കുവാന്‍ നിഴലുകളാകുന്ന നീലക്കംബളങ്ങള്‍ നീട്ടിക്കൊടുക്കുകയായി. പാലപ്പുള്ളിപ്പുഴയിലെ ഓളങ്ങളാകുന്ന ഓമനക്കിടാങ്ങള്‍ ആ കുമാരന്‍മാരുടെ കൂട്ടത്തില്‍ കൂടുവാനെന്നപോലെ നുരകളാല്‍ പൊട്ടിച്ചിരിച്ചുകൊണ്ട് കരയിലേക്ക് പാഞ്ഞുകയറുവാന്‍ ശ്രമിച്ചുനോക്കുന്നു. പരിണതവയസ്സായ പകലവന്‍ ഈ കൌമാരവിലാസങ്ങള്‍ കണ്ടുംകൊണ്ട് പശ്ചിമാകാശത്തില്‍ കൌതുകസ്തബ്ധനായി നിന്നുവോ എന്നു തോന്നും…'