അമരു, അല്ലെങ്കില്‍ അമരുകന്‍ എന്ന് പേരുള്ള ഒരു രാജാവ് രചിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന നൂറു ശ്‌ളോകങ്ങളടങ്ങിയ ഒരു ശൃംഗാരകാവ്യമാണ് അമരുകശതകം. ദിഗ്വിജയം കഴിഞ്ഞ് സര്‍വജ്ഞപീഠം കയറാന്‍ ആദിശങ്കരാചാര്യര്‍ കാശ്മീരത്തില്‍ ചെന്നപ്പോള്‍, രതിക്രീഡാപരമായ വൈദഗ്ദ്ധ്യം അദ്ദേഹത്തിനില്ലെന്ന് മറ്റ് പണ്ഡിതന്‍മാര്‍ ആക്ഷേപിച്ചു. ആ കുറവ് നികത്താന്‍ ശങ്കരാചാര്യര്‍, മൃതനായ അമരുകരാജാവിന്റെ ജഡത്തില്‍ പരകായപ്രവേശ വിദ്യമൂലം പ്രവേശിച്ച് രാജഭാര്യമാരുമായി സ്വച്ഛന്ദം രമിച്ചു. അങ്ങനെ കാമകലാനൈപുണ്യം നേടിയതിനുശേഷം രചിച്ച ശൃംഗാരരസപ്രധാനമായ കാവ്യമാണ് അമരുകശതകം എന്ന് ഒരു ഐതിഹ്യമുണ്ട്.
    അമരുകശതകത്തിന്റെ പല പാഠങ്ങളും ഇന്നു ലഭ്യമാണ്. അവയില്‍ വേമഭൂപാലന്റെയും രാമാനന്ദനാഥന്റേയും ദാക്ഷിണാത്യപാഠവും, അര്‍ജുനവര്‍മന്റേയും ലോകസംഭവന്റെയും പശ്ചിമഭാരതീയപാഠവും ആണ് പ്രധാനം. ഇവയ്ക്കു പുറമേ രാമരുദ്രന്‍, രുദ്രമഹാദേവന്‍ എന്നീ രണ്ട് വ്യാഖ്യാതാക്കളുടെ പാഠഭേദം കൂടിയുണ്ട്. അമരുകശതകം എന്നുതന്നെയാണ് ഇവയ്‌ക്കെല്ലാം പേര്. ജിവിതത്തിലെ രതിഭാവത്തിന് മാത്രമാണ് ഇതില്‍ പ്രാധാന്യം. കാമുകീകാമുകബന്ധം അത്യാകര്‍ഷകമായി വര്‍ണിക്കുന്നു. ജീവിതത്തിന് സത്രീപുരുഷമാരുടെ പ്രേമസാക്ഷാത്കാരമല്ലാതെ മറ്റൊരു ലക്ഷ്യവും അര്‍ഥവും ഇല്ലെന്നാണ് കവിയുടെ അഭിപ്രായം. അനായാസമായ പദഘടനയും ആസ്വാദ്യമായ അവതരണരീതിയുംകൊണ്ട് ആകര്‍ഷകമാണ് ഈ കൃതി.
    നിശാക്രീഡകളില്‍ കാമിനീകാമുകന്‍മാര്‍ നടത്തിയ ജല്പനങ്ങളെ അടുത്ത പ്രഭാതത്തില്‍ തത്തമ്മ മറ്റു ജനങ്ങളുടെ സാന്നിധ്യത്തില്‍ ആവര്‍ത്തിച്ചപ്പോള്‍ വധുവിനുണ്ടായ വ്രീളാലസ്യങ്ങളെ ചമത്കാരോജ്ജ്വലമായി ആവിഷ്‌കരിക്കുന്ന പദ്യവുമുണ്ട്.
    അമരുകന്റെ ഓരോ ശ്‌ളോകത്തിനും 100 പ്രബന്ധങ്ങളുടെ മൂല്യമുണ്ടെന്നര്‍ഥമുള്ള 'ഏകമേവാമരോശ്‌ളോകഃ സത്പ്രബന്ധശതായചാ' എന്നൊരു ശ്‌ളോകാര്‍ധം സംസ്‌കൃതാഭിജ്ഞന്‍മാര്‍ ഉദ്ധരിക്കാറുണ്ട്. മേല്പറഞ്ഞ നാല് പ്രാമാണിക വ്യാഖ്യാതാക്കള്‍ക്കു പുറമേ, ശങ്കരാചാര്യര്‍, ചതുര്‍ഭുജമിശ്രന്‍, നന്ദപാലന്‍, രവിചന്ദ്രന്‍, ഹരിഹരഭട്ടന്‍, ജ്ഞാനാനന്ദകലാധരസേനന്‍ തുടങ്ങി പലരും അമരുകശതകത്തിന് ഭാഷ്യങ്ങള്‍ രചിച്ചു.
    വിദേശഭാഷകളുടെ കൂട്ടത്തില്‍ ജര്‍മന്‍ഭാഷയിലാണ് അമരുകശതകത്തിന് ഒന്നിലധികം വിവര്‍ത്തനങ്ങളുണ്ടായത്. ഷ്രോഡര്‍ അമരു മംഗൊബ്‌ളൂട്ടനിലും ഹെര്‍ടല്‍ ഇന്‍ഡിഷ ഗെഡിഷ്റ്റിലും ഹാന്‍സ്ലിന്‍ഡാക് ഇംലന്‍ഡെ ദെര്‍ നിംഫായെനിലും ഈ പ്രമാണഗ്രന്ഥത്തിന്റെ വൈശിഷ്ട്യം പകര്‍ത്താന്‍ ശ്രമിച്ചു. ഭാരതത്തിലെ ശൃംഗാരസാഹിത്യത്തെപ്പറ്റിയുള്ള പല ജര്‍മന്‍ കൃതികളിലും ഇതില്‍നിന്ന് ധാരാളം ഉദ്ധരണികള്‍ കാണാം. മലയാളത്തില്‍ ഇതിനുള്ള പ്രസിദ്ധ വിവര്‍ത്തനം കേരളവര്‍മ വലിയകോയിത്തമ്പുരാന്റേതാണ്. മലയാള നോവലിസ്റ്റായ ഒയ്യാരത്ത് ചന്തുമേനോന്റെ പത്‌നിയുടെ ആവശ്യപ്രകാരമാണ് ഇത് പരിഭാഷപ്പെടുത്തിയതെന്ന്
' സുമതികള്‍ മണി ചന്തുമേനവന്‍തന്‍
കമനിമനീഷിണി ലക്ഷ്മി ചൊല്കയാലേ
അമരുകശതകം മണിപ്രവാളം
കിമപി ചമച്ചിതു ഭാഷയായി ഞാനും' എന്നുള്ള വിവര്‍ത്തകന്റെ ആമുഖം വ്യക്തമാക്കുന്നു. അമരുകശതകത്തിന് ഒരു ഭാഷാവ്യാഖ്യാനം കൈക്കുളങ്ങര രാമവാരിയര്‍ രചിച്ചിട്ടുണ്ട്.