(നോവല്‍)
മാക്‌സിം ഗോര്‍ക്കി

    മാക്‌സിം ഗോര്‍ക്കിയുടെ വിശ്രുതനോവലാണ് അമ്മ (റഷ്യന്‍). 1906ലാണ് മാക്‌സിം ഗോര്‍ക്കി അമ്മ എഴുതുന്നത്. ആദ്യം പ്രസിദ്ധീകരിക്കുന്നത് ഇംഗ്ലീഷിലും. മൂലകൃതി പ്രസിദ്ധീകരിക്കുന്നതിനു മുന്‍പേ വിവര്‍ത്തനം പുറത്തിറങ്ങി. 1906 ഡിസംബറിനും 1907 ഫെബ്രുവരിക്കുമിടയില്‍ ഖണ്ഡശ്ശയായാണ് അമ്മ പ്രസിദ്ധീകരിച്ചത്.
    1902ല്‍ നീഷ്‌നിയ്‌നോവ്‌ഗൊറോദിന്റെ പ്രാന്തപ്രദേശത്തുള്ള സോര്‍മോവോ എന്ന തൊഴിലാളികേന്ദ്രത്തില്‍ നടന്ന മെയ് ദിനപ്രകടനവും തുടര്‍ന്നുള്ള വിചാരണയും വളരെ ചരിത്രപ്രാധാന്യം നേടിയിരുന്നു. മാക്‌സിം ഗോര്‍ക്കിയുടെ പരിചയക്കാരില്‍ പലരും ആ പ്രകടനത്തിനുണ്ടായിരുന്നു. പ്രകടനത്തില്‍ പങ്കെടുത്ത ഗോര്‍ക്കിയുടെ സുഹൃത്ത് പ്യോത്തര്‍ സലോമോവും സലോമോവിന്റെ അമ്മ അന്ന കിരീലോവ്‌നയുമാണ് നോവലിന്റെ കേന്ദ്രകഥാപാത്രങ്ങളായ പാവേല്‍ വ്‌ലാസോവും അമ്മ പിലഗേയ നീലോവ്‌നയും ആയി മാറിയതെന്ന് പില്‍കാലത്ത് ഗോര്‍ക്കി എഴുതിയിട്ടുണ്ട്. എന്നാല്‍, നടന്ന സംഭവങ്ങളുടെയോ യഥാര്‍ഥ ജീവിതത്തിന്റെയോ പകര്‍പ്പേയല്ല നോവലിന്റെ ഇതിവൃത്തം. തികച്ചും സാങ്കല്പികമായ കഥ.
ഗോര്‍ക്കിയുടെ 'അമ്മ', വിഖ്യാത ജര്‍മന്‍ നാടകാചാര്യന്‍ ബര്‍തോള്‍ഡ് ബ്രെഹ്ത് നാടകമാക്കിയിട്ടുണ്ട്.
വെസ്‌വൊലോദ് പുഡോവ്കിന്‍ (1893-1953) എന്ന വിഖ്യാത റഷ്യന്‍ സംവിധായകന്റെ മാസ്റ്റര്‍പീസ് ചലച്ചിത്രമാണ് ദ മദര്‍ (1926). ഗോര്‍ക്കിയുടെ 'അമ്മ'യെ അടിസ്ഥാനമാക്കി നിര്‍മിച്ച ഈ നിശ്ശബ്ദചിത്രം ലോകപ്രശസ്തമായി. നോവലില്‍ അമ്മയെന്ന കേന്ദ്രകഥാപാത്രത്തിന് പേരുണ്ടായിരുന്നെങ്കില്‍ സിനിമയില്‍ അവര്‍ 'അമ്മ' മാത്രമാണ്  എല്ലാ വിപ്ലവകാരികളുടെയും അമ്മ.