(നോവല്‍)
പി. മോഹനന്‍
ഡി.സി. ബുക്‌സ്, 2004
    യേശുവിന്റെ അമ്മ വിശുദ്ധമറിയത്തെ കേന്ദ്രീകരിച്ച് പി. മോഹനന്‍ രചിച്ച മലയാളം നോവലാണ് അമ്മകന്യ. മറിയത്തിന്റെ സ്വയംഭാഷണത്തിന്റെ രൂപത്തില്‍ എഴുതപ്പെട്ട ഈ കൃതി യേശുവിന്റെ ജീവിതത്തിന്റെയും അതുമായി ബന്ധപ്പെട്ട ദേശകാലങ്ങളുടെയും സ്ത്രീപക്ഷചിത്രം അവതരിപ്പിക്കുന്നു. 'ബൈബിളിനെ അതിന്റെ ചരിത്രസിദ്ധിയോടെ മനസ്സിലാക്കുന്ന നോവല്‍' എന്ന് ഇതിനെ കെ.പി. അപ്പന്‍ വിശേഷിപ്പിച്ചു.
    റോമന്‍ ആധിപത്യത്തിന്റെ ഭാരത്തില്‍ ഞെരിഞ്ഞമരുന്ന പലസ്തീന പശ്ചാത്തലമാക്കി എഴുതപ്പെട്ടിരിക്കുന്ന ഈ കൃതിയിലെ മറിയം, മൂത്തമകനായ യേശു ഉള്‍പ്പെടെ ആറു മക്കളുടെ അമ്മയാണ്. മരപ്പണിക്കാരനായ യേസെ, കൃഷിക്കാരനായ യാക്കോബ്, ആട്ടിടയനായ ശീമോന്‍ എന്നീ സഹോദരന്മാരും റഹേല്‍, എലിസബീത്ത് എന്നീ സഹോദരിമാരുമണ് യേശുവിനുണ്ടായിരുന്നത്.മറിയത്തിന്റെ മരിച്ചു പോയ ഭര്‍ത്താവ് ജോസഫിന്റെ സുഹൃത്തും കുടുംബത്തിന്റെ ഉപകര്‍ത്താവുമായിരുന്ന തീത്തോസ്; അയാളെ പിരിഞ്ഞ് ചേരിയില്‍ മക്കള്‍ ബന്യാമിന്‍, ശമുവേല്‍ എന്നിവരോടൊത്തു വേറെ കഴിയുന്ന ഭാര്യ റീസല്‍; തീത്തോസിന്റെ 'വെപ്പാട്ടി' ശമര്യാക്കാരി മേരി; 'അമ്മകന്യ'യുടെ ബന്ധുക്കളും സ്‌നാപകയോഹന്നാന്റെ മാതാപിതാക്കളുമായ ഇന്‍കെരീമിലെ സഖര്യാവും എലിസബീത്തും; ജോസഫിന്റെ സഹോദരി മിറിയം; ഗന്നസരേത്തില്‍ നിന്നുള്ള ദമ്പതിമാരായ സെബദിയും മിറിയവും; സെബദീപുത്രന്മാരും യേശുശിഷ്യന്മാരുമായ യാക്കോബും യോഹന്നാനും; 'റാമായില്‍ ഒരു വിലാപം കേള്‍ക്കുന്നു, റാഹേല്‍ മക്കളെക്കുറിച്ചു കേഴുന്നു' എന്ന ജെറമിയായുടെ പ്രവചനവാക്യം അനുസ്മരിക്കുന്ന റാമാക്കാരി റാഹേല്‍, കഥാഗതിയില്‍ ഒരിക്കലും നേരിട്ടു കടന്നുവരുന്നില്ലെങ്കിലും പശ്ചാത്തലത്തില്‍ ഏറെ ചര്‍ച്ച ചെയ്യെപ്പെടുന്ന മഗ്ദലനക്കാരി മറിയം എന്നിവര്‍ ഇതിലെ കഥാപാത്രങ്ങളില്‍ ചിലരാണ്.