ക്രിസ്തുമതം സ്വീകരിച്ച ചെറുശ്ശേരി ചാത്തുനായര്‍ ആണ് ജോസഫ് ഫെന്‍ എന്ന പേരിലറിയപ്പെട്ടത്. അദ്ദേഹത്തിന്റെ പ്രധാന കൃതിയാണ് അജ്ഞാനകൂഠാരം. ക്രിസ്തുമത പ്രചാരണാര്‍ഥം രചിച്ച ഭാഷാഗാനമാണിത് (1835). ബാലന്‍മാര്‍ക്കുപോലും മനസ്സിലാകാന്‍ ലളിതമായ ഭാഷയിലാണ് രചന. അന്യമതങ്ങളിലെ, പ്രത്യേകിച്ചും ഹിന്ദുമതത്തിലെ പല അനാചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഇതില്‍ നിശിതമായി വിമര്‍ശിച്ചിരിക്കുന്നു. അയിത്താചാരം, കെട്ടുകല്യാണം, ശുദ്ധികലശം തുടങ്ങിയ അനാചാരങ്ങള്‍ക്കു കാരണമായ അജ്ഞാനവൃക്ഷത്തെ വെട്ടിനീക്കുന്നതിനുള്ള ഒരു കോടാലിയായിട്ടാണ് ഈ കൃതിയെ കണക്കാക്കിയിരിക്കുന്നത്. സത്യവേദം പഠിക്കാതെയും നിത്യജീവന്റെ വഴി ആരായാതെയും ക്രിസ്ത്യാനി എന്ന പേരും ധരിച്ച് നടക്കുന്ന നാമമാത്രക്രിസ്ത്യാനികളെ സാത്താന്റെ ഭക്തന്‍മാരായി ചിത്രീകരിച്ചിരിക്കുന്നു. ചില തത്ത്വോപദേശങ്ങളും നിബന്ധിച്ചിട്ടുണ്ട്.
ഉദാ.
'ചിത്തമേകാഗ്രമായ് നിന്നിതെന്നാകിലോ
സത്വരം ജ്ഞാനാഗ്‌നി തന്നില്‍ ദുരിതങ്ങള്‍
കത്തിയെരിഞ്ഞുപോം, കൈത്തിരികൊണ്ടൊരു
പത്തനമെല്ലാം ദഹിക്കുന്നതുപോലെ..'
    റവ. ഹെന്റി ബേക്കര്‍ 1840ല്‍ എഴുതിയ ഒരു കത്തില്‍ ഈ കൃതിയെപ്പറ്റി ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു: 'മുമ്പ് ഈ മിഷനില്‍പെട്ടിരുന്ന ഒരു നാട്ടുകാരന്‍ എഴുതിയ ഈ കവിതയ്ക്ക് ഏറ്റവും കൂടുതല്‍ പ്രചാരം ഉണ്ടായിരുന്നു. ഹിന്ദുമതത്തിന്റെ വൈകൃതങ്ങളെയും മോക്ഷസാധകത്വത്തില്‍ യഹൂദമുഹമ്മദുമതങ്ങളുടെ അപര്യാപ്തതയെയും വെളിപ്പെടുത്തുന്ന കൃതിയാണിത്'. ഈ ഗ്രന്ഥത്തെ ക്രിസ്തുമതനിരൂപണം എന്ന ഗ്രന്ഥത്തില്‍ ചട്ടമ്പി സ്വാമികള്‍ നിശിതമായി വിമര്‍ശിച്ചു: 'മിഷണറിമാര്‍ 'അജ്ഞാനകുഠാരം മുതലായ ദൂഷണപുസ്തകങ്ങളെ അച്ചടിപ്പിച്ച് പ്രസിദ്ധംചെയ്തുകൊണ്ട് സാധുക്കളും അജ്ഞന്മാരുമായ പുലയര്‍, ചാന്നാര്‍, പറയര്‍ മുതലായ ഹിന്ദുക്കളുടെ മനസ്സിനെ തൊപ്പി, കുപ്പായം മുതലായതുകളെ കൊടുത്തു മയക്കി ഭേദിപ്പിച്ച് സ്വമതമാര്‍ഗ്ഗത്തില്‍ ഏര്‍പ്പെടുത്തി നരകത്തിനുപാത്രീഭവിപ്പിക്കുന്നു'.