നീലകണ്ഠദീക്ഷിതരുടെ ഒരു സംസ്‌കൃത കാവ്യമാണ് അന്യാപദേശശതകം. നൂറ് അന്യാപദേശശ്ലോകങ്ങളാണ് ഉള്ളടക്കം. ഒടുവില്‍ മംഗളാശംസയായി ഭൂദേവീസ്തുതിയായ ഒരു ശ്ലോകവും ഉണ്ട്. ശാര്‍ദൂലവിക്രീഡിതം ആണ് വൃത്തം. ഈ കാവ്യം ഇതേ പേരില്‍ കേരളവര്‍മ വലിയകോയിത്തമ്പുരാന്‍ മണിപ്രവാളമായി വിവര്‍ത്തനം ചെയ്തു(1902). കുസുമമഞ്ജരി വൃത്തത്തിലാണത്. ദീക്ഷിതരുടെ മൂലപദ്യങ്ങള്‍ക്ക് ചെറിയ അവതാരികക്കുറിപ്പുകള്‍ സ്വാതിതിരുനാള്‍ രാമവര്‍മ മഹാരാജാവ് സംസ്‌കൃതഗദ്യത്തില്‍ മുമ്പേ എഴുതിയിട്ടുണ്ടായിരുന്നു. ഈ അവതാരികയോടുകൂടി മൂലപദ്യവും അതിനു കീഴില്‍ രണ്ടിന്റെയും മലയാളവിവര്‍ത്തനവും വിവര്‍ത്തിതപദ്യങ്ങള്‍ക്ക് എം. രാജാരാജവര്‍മയുടെ വിശദവ്യാഖ്യാനവും ഉണ്ടായിട്ടുണ്ട്.