ഗണേശന്‍, ഭാര്യ നസീമ, കാണാതാവുകയും നഷ്ടപ്പെടുകയും ചെയ്യുന്ന അവരുടെ മകന്‍ അമന്‍ എന്നീ മൂന്നു വ്യക്തികളില്‍ നിന്നുതുടങ്ങുന്ന ഈ നോവല്‍ അതിവേഗം പ്രത്യക്ഷരും അപ്രത്യക്ഷരും ഉണ്ടെന്ന് അറിയാത്ത ഒട്ടനവധി കഥാപാത്രങ്ങളിലേക്കു വികസിക്കുന്നു. അത്യന്തം ശിഥിലീകരിക്കപ്പെട്ടതും നിയന്ത്രണങ്ങള്‍ നഷ്ടപ്പെട്ടതും നാടോടിത്തത്തോട് സമീപിക്കുന്നതുമായ സമകാല നാഗരികതയാണിതിന്റെ രംഗം. വൈരുദ്ധ്യങ്ങളുടെ ബഹുലമായ വിവിധതലങ്ങളും വഴിമുട്ടിപ്പോകുന്ന അന്വേഷണങ്ങളുമാണ് ഈ നോവലിലുള്ളത്. നിയതമായ ഒരു നിഗമനത്തിലേക്കും ഈ നോവല്‍ എത്തിച്ചേരുന്നില്ല. കവിതയും പാട്ടുകളും ചിത്രങ്ങളും ഉപകഥകളും നിറഞ്ഞ അതിന്റെ ആഖ്യാനം തന്നെയാണ് ഈ നോവലിന്റെ സവിശേഷത.