കെ.കെ. ഗോവിന്ദന്‍ എഴുതിയ മലയാള പുസ്തകമാണ് അറുകൊലക്കണ്ടം. സാധാരണ പ്രസാധക ക്രമങ്ങളെയും ഉള്ളടക്ക ക്രമീകരണങ്ങളെയും വെല്ലുവിളിക്കുന്ന മലയാളത്തിലെ വിരളമായൊരു രചന. ഗ്രന്ഥകര്‍ത്താവ് ഈ പുസ്തകത്തിനെ ഒരു റെഫറന്‍സ് ഗ്രന്ഥം എന്നാണ് പറയുന്നത്. ഗ്രന്ഥകാരന്‍ എഴുതിയ ഒരു കവിതയും, ആ കവിതയെ കുറിച്ചുള്ള പ്രസിദ്ധരായ പലരുടേയും അഭിപ്രായങ്ങളും ഓരോരുത്തരുടേയും ചിത്രമടക്കം പ്രസിദ്ധം ചെയ്യുകയായിരുന്നു. ആകെ640 താളുകള്‍ ഉള്ള പുസ്തകത്തിലെ 14 താളുകളിലാണ് കവിത ഉള്ളത്, മറ്റു 626 താളുകളും കൃതിയുടെ അനുബന്ധ വിവരവിവരണങ്ങള്‍ക്കുമായി നീക്കിവച്ചിരിക്കുന്നു. കവിതയുടെ ആസ്വാദനമോ കവിയെപ്പറ്റിയോ എഴുതിയ പ്രമുഖരില്‍ ചിലര്‍ ഇവരായിരുന്നു: ശൂരനാട് കുഞ്ഞന്‍പിള്ള, പുതുശ്ശേരി രാമചന്ദ്രന്‍, വയലാ വാസുദേവന്‍ പിള്ള, ഒ.എന്‍.വി. കുറുപ്പ്, പി.ടി. ഭാസ്‌കരപ്പണിക്കര്‍, പന്മന രാമചന്ദ്രന്‍ നായര്‍, ടി.കെ.സി. വടുതല, നാഗവള്ളി ആര്‍.എസ്. കുറുപ്പ്, കെ. അയ്യപ്പപ്പണിക്കര്‍, കടമ്മനിട്ട രാമകൃഷ്ണന്‍ 60 പേജുകള്‍ ഗ്രന്ഥകാരന്റെ നന്ദി പ്രകാശിപ്പിക്കാന്‍ നീക്കി വച്ചിരിക്കുന്നു. അറുകൊല എന്ന കേരളത്തിലെ പഴയ ഒരു സാങ്കല്പിക കഥാപാത്രത്തെ ചുറ്റിപ്പറ്റി ഒരു പുലയകുടുംബത്തിലെ സംഭവങ്ങളാണ് കവിതയുടെ ഉള്ളടക്കം. കേരളീയ വിശ്വാസമനുസരിച്ച് അപമൃത്യുവിനിരയായ അഥവാ അന്യായമായി കൊലചെയ്യപ്പെട്ട മനുഷ്യരുടെ പ്രേതാത്മാവ് അറുകൊലയായി മാറും. കൊന്നവരെയോ അവരുടെ അനന്തരാവകാശികളെയോ അറുകൊല പിടികൂടുകയും, തന്റെ പ്രതികാരം വീട്ടുകയും ചെയ്യും എന്നാണ് വിശ്വാസം. പത്തനംതിട്ട ജില്ലയിലെ കുമ്പഴയ്ക്കടുത്തുള്ള തുണ്ടിയത്തു കാവിനു സമീപമുള്ള ഒരു കണ്ടം (പാടം) അഥവാ വയലാണ് അറുകൊലക്കണ്ടം എന്നറിയപ്പെടുന്നത്. ഈ പേരു വരാനുള്ള പുരാവൃത്തമാണ് ഈ കവിതയുടെ പ്രചോദനം. കഥാതന്തു ഇങ്ങനെയാണ്. ഊരോമ്പില്‍ എന്ന നായര്‍ തറവാട്ടിലെ അടിമകളായിരുന്ന പുലയരിലെ ഒരു പെണ്ണിനെ മലയാളപ്പുഴ(മലയാലപ്പുഴ)യിലെ കുതിരക്കുളത്തെ തോമ്പില്‍ എന്ന മറ്റൊരു നായര്‍ തറവാട്ടിലെ അടിമയായ പുലയനു കല്യാണം കഴിച്ചയച്ചു. പെണ്ണിന്റെ സഹോദരന്‍ ഒരിക്കല്‍ സഹോദരിയെ കാണാന്‍ വിരുന്നായി തോമ്പിലേക്കു ചെല്ലുന്നു. അവിടെ അതേയിടക്ക് കാണാതായ പശുവിനെ; മോഷ്ടിച്ചു എന്നാരോപിച്ച് സഹോദരനായ പയ്യനെ ജന്മികള്‍ പിടിച്ചു വെട്ടിക്കൊന്നു. ഈ സംഭവത്തെ തുടര്‍ന്ന് തോമ്പില്‍ തറവാട്ടിലെ അംഗങ്ങള്‍ ചോരതുപ്പി മരിക്കാന്‍ തുടങ്ങുന്നു. കാരണം അന്വേഷിച്ചപ്പോള്‍,  തുണ്ടിയത്തുകാവിന്റെ ഉടമകളായ പുലയവംശത്തില്‍പ്പിറന്ന ഒരാളെ കൊന്നതിന്റെ ഫലമാണിതെന്നു പ്രശ്‌നവശാല്‍ തെളിഞ്ഞു. അതിന്റെ പ്രായശ്ചിത്തമായി തോമ്പിലെ ജന്മി, മരിച്ചയാളുടെ കുടുംബത്തിന് പണവും ഭൂമിയും ദാനം ചെയ്യുന്നു.