ശ്രീനാരായണഗുരു
(1897)
    പ്രശസ്ത സാമൂഹ്യപരിഷ്‌കര്‍ത്താവും ആത്മീയാചാര്യനുമായിരുന്ന ശ്രീനാരായണഗുരുവിന്റെ പ്രമുഖ ദാര്‍ശനിക കൃതിയാണ് ആത്മോപദേശശതകം. ദീര്‍ഘകാലത്തെ വേദാന്തപരിചയം കൊണ്ടും സ്വന്തം മനനശക്തി കൊണ്ടും ആര്‍ജ്ജിച്ചെടുത്ത തത്ത്വങ്ങളെ ഗുരു ഈ കൃതിയില്‍ ക്രോഡീകരിക്കുന്നു. പരമമായ സത്യം അറിവാണ്. അതാണ് ആത്മാവും. പരമാത്മാവ് അറിവിന്റെ രൂപത്തില്‍ എല്ലാ വസ്തുക്കളിലും നിറഞ്ഞിരിക്കുന്നു. ഇന്ദ്രിയനിയന്ത്രണത്തിലൂടെ ആ ആദിമഹസ്സിനെ നാം സാക്ഷാത്കരിക്കണം. ഇതാണ് ആത്മോപദേശശതകത്തിന്റെ ദര്‍ശനം. പ്രധാനമായും ആത്മാവിനെപ്പറ്റിയും മോക്ഷത്തെപ്പറ്റിയും പ്രതിപാദിച്ചിരിക്കുന്നതു കൊണ്ട് 'ആത്മോപദേശം' എന്നും നൂറു ശ്ലോകങ്ങളില്‍ നിബന്ധിച്ചിരിക്കുന്നതു കൊണ്ട് 'ശതകം' എന്നും നാമകരണം ചെയ്തിരിക്കുന്നു. ആത്മോപദേശം എന്നതു കൊണ്ട് ആത്മാവിനെക്കുറിച്ചുള്ള ഉപദേശമെന്നും ആത്മാവിനോട് (തന്നോടു തന്നെ) നല്‍കുന്ന ഉപദേശം എന്നും അര്‍ത്ഥം പറയാം. ആത്മോപദേശശതകം ആരംഭിക്കുന്നത് ജ്ഞാനസ്വരൂപനായ പരബ്രഹ്മത്തെ പഞ്ചേന്ദ്രിയങ്ങള്‍ അടച്ചു വണങ്ങുവാന്‍ ആഹ്വാനം ചെയ്തു കൊണ്ടാണ്. തുടര്‍ന്നുള്ള ശ്ലോകങ്ങളില്‍ ബ്രഹ്മവും ആത്മാവും രണ്ടല്ലെന്നും പ്രപഞ്ചത്തിലുള്ള സകലവും ഈശ്വരന്റെ ഭിന്നരൂപങ്ങള്‍ മാത്രമാണെന്നുമുള്ള അദ്വൈത തത്ത്വം വെളിപ്പെടുത്തുന്നു. ഒപ്പം ഈ നിര്‍വ്വികാര രൂപനായ ഈശ്വരനെ മനസ്സിലാക്കാനുള്ള മനുഷ്യന്റെ താല്പര്യമില്ലായ്മയെപ്പറ്റി ഗുരു ആറാം ശ്ലോകത്തില്‍ ഇപ്രകാരം പരിതപിക്കുന്നു.
' ഉണരണ,മിന്നിയുറങ്ങേണം,ഭുജിച്ചീ
ടണമശനം,പുണരേണ,മെന്നിവ്വണ്ണം
അണയുമനേകവികല്‍പ,മാകയാലാ
രുണരുവതുള്ളൊരു നിര്‍വികാരരൂപം?'
    എന്നാല്‍ ആത്മജ്ഞാനിയായവന്‍ ഇനി ഉറങ്ങരുത്, ലൗകിക കാര്യങ്ങളെക്കുറിച്ച് ചിന്തിക്കരുത് , ബ്രഹ്മജ്ഞാനം പ്രാപിച്ചു ബോധപൂര്‍വ്വം കഴിയുകയാണ് വേണ്ടത് എന്നു ഉദ്‌ബോധിപ്പിക്കുന്ന ഗുരു, ഓരോ വ്യക്തിയും, താനും മറ്റുള്ളവരും പരബ്രഹ്മത്തിന്റെ ഭിന്നരൂപങ്ങള്‍ മാത്രമാണെന്ന് മനസ്സിലാക്കാന്‍ ആവശ്യപ്പെടുന്നു. 24-ാമതു ശ്ലോകം ഇങ്ങനെയാണ്:

' അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ
ലവനിയിലാദിമമായൊരാത്മരൂപം;
അവനവനാത്മസുഖത്തിനാചരിക്കു
ന്നവയപരന്നു സുഖത്തിനായ് വരേണം.'
    ഈ ശ്ലോകത്തിലെ അവസാന ഈരടികള്‍ പരസ്പര സ്‌നേഹത്തെപ്പറ്റിയുള്ള പ്രഭാഷണങ്ങളിലെല്ലാം ഉദ്ധരിക്കപ്പെടുന്നവയാണ്.
    ഇപ്രകാരം പരബ്രഹ്മ പ്രാധാന്യത്തില്‍ തുടങ്ങി, ബ്രഹ്മവും ആത്മാവും തമ്മിലുള്ള ബന്ധവും, വ്യക്തികള്‍ തമ്മിലുള്ള ഭേദമില്ലായ്മയും എല്ലാം സവിസ്തരം വിവരിക്കുന്ന ഗുരു ഈ കൃതിയുടെ മധ്യഭാഗത്തിലാണ് തന്റെ ഏകമത സിദ്ധാന്തം വിശദമാക്കുന്നത്. 44 മുതല്‍ 47 വരെയുള്ള ശ്ലോകങ്ങളുടെ ചുരുക്കം ഇപ്രകാരം ആണ്:
    'എല്ലാ മതങ്ങളുടെ സാരവും ഒന്നു തന്നെ എന്ന് മനസ്സിലാക്കാതെ കുറേ അന്ധന്മാര്‍ ആനയെ തൊട്ടുനോക്കിയ ശേഷം അവരവരുടെ അനുഭവങ്ങള്‍ക്കനുയോജ്യമായ യുക്തി പറഞ്ഞ് ആനയെ വിവരിച്ചതു പോലെയാണ് മതവിശ്വാസികള്‍ ഭിന്നാഭിപ്രായങ്ങള്‍ പറഞ്ഞ് വഴക്കടിക്കുന്നത്. ഒരു മതക്കാരന് മറ്റൊരുവന്റെ മതം നിന്ദ്യമാണെന്നാണ് വിചാരം. എന്നാല്‍ എല്ലാ മതങ്ങളും ഈശ്വര സാക്ഷാത്കാരത്തിനുള്ളതാണെന്ന രഹസ്യം അറിയാന്‍ കഴിയുന്നതു വരെ ഒരോ മതക്കാരനും തെറ്റിദ്ധാരണയില്‍ മുഴുകിയിരിക്കും. എല്ലാവരും പറയുന്നത് ഒരു മതം ആയിത്തീരുവാനാണ്, എന്നാല്‍ വാദിക്കുന്നവരില്‍ ആരും തന്നെ അത് ഓര്‍ക്കാറില്ല. ഭിന്നമതങ്ങള്‍ അയഥാര്‍ത്ഥങ്ങളാണെന്ന് ഗ്രഹിക്കാന്‍ കഴിഞ്ഞ വിദ്വാന്മാര്‍ക്ക് മാത്രമേ ഈ ഏകമത സിദ്ധാന്തം എതെന്ന് അറിയുവാന്‍ കഴിയുകയുള്ളൂ'.