അറബിക്‌പേര്‍ഷ്യന്‍ നാടോടിക്കഥകളുടെ ഒരു ശേഖരമാണ് ആയിരൊത്തൊന്നു രാവുകള്‍. പതിനെട്ടാം നൂറ്റാണ്ടില്‍ അറബികളില്‍ നിന്ന് ആദ്യം ഫ്രഞ്ചിലേക്കും പിന്നെ ഇംഗ്ലീഷിലേക്കും മറ്റു യുറോപ്യന്‍ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്തതില്‍ പിന്നെ ഈ ശേഖരവും അതില്‍ നിന്നെടുത്ത പല കഥകളും പാശ്ചാത്യരാജ്യങ്ങളില്‍ വളരെ പ്രസിദ്ധിയാര്‍ജ്ജിച്ചു. മലയാളമടക്കമുള്ള നിരവധി ഭാഷകളില്‍ ഇന്ന് ഇതിന്റെ വിവര്‍ത്തനം ലഭ്യമാണ്. ഭാഗികമായി ഭാരതീയ ഘടകങ്ങളെ ആശ്രയിക്കുന്ന ഇസ്ലാമിനു മുമ്പുള്ള പേര്‍ഷ്യന്‍ ഭാവനയില്‍ നിന്നാണ് ആയിരത്തൊന്നു രാവുകളിലെ യഥാര്‍ത്ഥ കഥാസങ്കല്പം രൂപം കൊള്ളുന്നത്. പക്ഷേ ഇന്ന് നമ്മുടെ കൈകളിലുള്ള ഈ സൃഷ്ടി നിരവധി നൂറ്റാണ്ടുകളായി അറബ് ലോകത്തെ ഗ്രന്ഥകാരന്മാരും വിവര്‍ത്തകന്മാരും പണ്ഡിതന്മാരും ശേഖരിച്ചവയാണ്. പുരാതനകാലത്തേയും മധ്യകാലഘട്ടത്തിലേയും അറബ്, പേര്‍ഷ്യന്‍, ഇന്ത്യന്‍, ഈജിപ്ഷ്യന്‍, മൊസപൊട്ടോമിയന്‍ നാടോടി കഥകളിലും സാഹിത്യത്തിലുമാണ് ഈ കഥകളുടെ വേരുകള്‍. ഇതിലെ നിരവധി നാടോടി കഥകള്‍ ഖലീഫമാരുടെ കാലഘട്ടം മുതലുള്ളതാണങ്കില്‍ വേറെ പലകഥകളും പഹ്‌ലവി പേര്‍ഷ്യന്‍ സൃഷ്ടികളില്‍ (ഹസാര്‍ അഫ്‌സാന്‍: ആയിരം കഥകള്‍) നിന്നുള്ളവയുമാണ്.
    ആയിരത്തൊന്നു രാവുകളുടെ എല്ലാ പതിപ്പുകളിലും കാണുന്ന പൊതുവായ കാര്യം രാജാവായ ഷഹരിയാറും അദ്ദേഹത്തിന്റെ ഭാര്യയായ ഷഹര്‍സാദയും ഉള്‍ക്കൊള്ളുന്ന പ്രാഥമിക കഥാചട്ടക്കൂടാണ്. ഇതിനെ ഉപയോഗിച്ച് ഇതിലെ എല്ലാ നാടോടി കഥകളേയും പരസ്പരം ഇഴചേര്‍ത്തിരിക്കയാണ്. ചില പതിപ്പുകളില്‍ ആയിരത്തില്‍ താഴെ കഥകള്‍ മാത്രമേ കാണൂ. എന്നാല്‍ ചിലതില്‍ ആയിരത്തൊന്നു കഥകളുണ്ട്. ആയിരത്തൊന്നു രാവുകളിലെ പ്രസിദ്ധമായ ചില കഥകളാണ് 'അലാവുദ്ദീനും അത്ഭുത വിളക്കും',ആലി ബാബയും നാല്പതു കള്ളന്മാരും' എന്നിവ. ആയിരത്തൊന്നു രാവുകളുടെ അറബിക് പതിപ്പില്‍ ഇത് ഉള്‍കൊള്ളുന്നില്ല. അവ ആദ്യകാലത്തെ യൂറോപ്യന്‍ വിവര്‍ത്തകര്‍ പിന്നീട് ഉള്‍കൊള്ളിച്ചതാകണം.