വിഖ്യാത എഴുത്തുകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലാണ് ബാല്യകാലസഖി. ഇതിന്റെ ഇതിവൃത്തം കഥാകാരന്റെ തന്നെ ജീവിതത്തിന്റെ ഒരു ഭാഗമാണ്. ഫിഫ്ത് ഫോറത്തില്‍ പഠിച്ചിരുന്ന കാലത്ത് സ്വാതന്ത്ര്യസമരത്തില്‍ ആവേശം കൊണ്ട് നാടുവിട്ട ബഷീര്‍, ഏതാണ്ട് പത്ത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് തിരിച്ചെത്തുന്നത്. ഈ ദേശാടനവേളയില്‍ കല്‍ക്കത്തയിലായിരിയ്ക്കുമ്പോള്‍, താന്‍ താമസിക്കുന്ന ആറ് നിലക്കെട്ടിടത്തിന്റെ ടെറസ്സില്‍ വിശ്രമിക്കുന്ന സമയത്ത് ഉറങ്ങിപ്പോയി. എന്തോ ദു:സ്വപ്നം കണ്ട് ഞെട്ടി എഴുന്നേറ്റു. അപ്പോള്‍ ഒരിഞ്ചിന്റെ വ്യത്യാസത്തില്‍ തന്റെ മുന്‍പില്‍ അഗാധമായ താഴ്ചയില്‍ അദ്ദേഹം നഗരത്തെ കണ്ടു. മരണത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. വീണ്ടും നിദ്രയിലാണ്ട അദ്ദേഹത്തിന്റെ സ്വപ്നത്തില്‍ തന്റെ കളിക്കൂട്ടുകാരിയായ സുഹറ പ്രത്യക്ഷപ്പെട്ടു. താന്‍ മരിച്ചുപോയെന്നും തന്നെ അടക്കം ചെയ്‌തെന്നും അവള്‍ പറഞ്ഞു. അങ്ങനെയാണ് തന്റെ കളിക്കൂട്ടുകാരിയുടെ അകാലമരണം അദ്ദേഹം അറിഞ്ഞത്. പിറ്റേന്ന് തന്നെ തന്റെ വിചിത്രങ്ങളായ ഈ അനുഭവങ്ങള്‍, ബാല്യകാല അനുഭവങ്ങളോട് കൂടി അദ്ദേഹം രചിച്ചു. ഈ രചന ആദ്യം ഇംഗ്ലീഷിലാണ് നടന്നത്. നാട്ടിലെത്തിയശേഷം അതു മാതൃഭാഷയിലേയ്ക്ക് തര്‍ജ്ജമ ചെയ്തു. ഈ കഥയിലെ നായകനായ മജീദ്, ബഷീര്‍ തന്നെയാണ്. നായിക സുഹറ, അദ്ദേഹത്തിന്റെ ബാല്യകാല സഖിയുമായിരുന്നു.
    വര്‍ഷങ്ങളുടെ ഇടവേളക്ക്‌ശേഷമുള്ള മടങ്ങിവരവില്‍ സുഹ്‌റയും മജീദും കണ്ടുമുട്ടുന്ന രംഗം വികാരനിര്‍ഭരമാണ്.

' ഒടുവില്‍ മജീദ് മന്ത്രിച്ചു
'സുഹ്‌റാ…'
ഭൂതകാലത്തിന്റെ ഹൃദയത്തില്‍ നിന്നെന്നോണം അവള്‍ വിളികേട്ടു. 'ഓ'
'എന്താ ഇത്രയ്ക്കും ക്ഷീണിച്ചത്?'
സുഹ്‌റാ അതിന് ഉത്തരം പറഞ്ഞില്ല.
'ഞാന്‍ മിനിഞ്ഞാന്നാ അറിഞ്ഞത് വന്ന വിവരം'
തെല്ല് പരിഭവത്തോടെ മജീദ് ചോദിച്ചു. 'ഞാന്‍ ഒരിക്കലും തിരിച്ചുവരില്ലെന്നാണ് കരുതിയത് അല്ലേ'
'എല്ലാവരും അങ്ങനെ വിചാരിച്ചു. ഞാന്‍.. എനിക്ക് ഉറപ്പുണ്ടായിരുന്നു. തിരിച്ചുവരുമെന്ന്.'
'എന്നിട്ടുപിന്നെ?'
'അവരെല്ലാം നിശ്ചയിച്ചു. എന്റെ സമ്മതം ആരും ചോദിച്ചില്ല.'
    
    എം.പി. പോള്‍ എഴുതിയ അവതാരികയില്‍ ഇങ്ങനെ പറയുന്നു: 'ബാല്യകാല സഖി ജീവിതത്തില്‍ നിന്നു വലിച്ച് ചീന്തിയ ഒരു ഏടാണ്, വക്കില്‍ രക്തം പൊടിഞ്ഞിരിയ്ക്കുന്നു.'

ബാല്യകാല സഖി സിനിമയായിട്ടുണ്ട്. സിനിമയായ ബഷീറിന്റെ രണ്ടാമത്തെ നോവലാണ് ബാല്യകാലസഖി. സംവിധാനം: പി.ഭാസ്‌കരന്‍. പ്രേംനസീറാണ് മജീദായി അഭിനയിച്ചത്.