കുട്ടികൃഷ്ണമാരാരുടെ പ്രസിദ്ധമായ കൃതിയാണ് ഭാരതപര്യടനം.1948 ലാണ് ഈ കൃതി പുറത്തിറങ്ങുന്നത്. മഹാഭാരതത്തിലെ പ്രധാനപ്പെട്ട കഥാസന്ദര്‍ഭങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുന്നു. അമാനുഷര്‍ എന്നു കരുതുന്ന കഥാപാത്രങ്ങളെ മനുഷ്യരായി അവതരിപ്പിച്ചു. അവരുടെശക്തി ദൗര്‍ബല്യങ്ങള്‍ മാരാര്‍ തുറന്നു കാണിച്ചു. ഇതില്‍ കര്‍ണ്ണന്റെ കഥാപാത്ര സൃഷ്ടിയും വിശകലനവും ഏറെ പ്രഖ്യാതമാണ്. ധര്‍മ്മബോധം, ആസ്തിക്യബോധം, യുക്തിബോധം, സൗന്ദര്യബോധം ഇവയുടെ പശ്ചാത്തലത്തിലാണ് മഹാഭാരതത്തിലെ ഈ പുനര്‍വായന. കഥാപാത്രത്തിന്റെ പശ്ചാത്തലത്തിലൂടെ ഇതിവൃത്തം, ഭാവശില്പം, കാവ്യാത്മകമായ രസം ഇവയിലേക്ക് വീക്ഷണങ്ങളെത്തുന്നു. കഥയിലുള്ള അദ്ദേഹത്തിന്റെ ജ്ഞാനവും വിമര്‍ശന സിദ്ധികളും കാട്ടുന്ന ഈ കൃതി തികച്ചും ആധുനികവും നൂതനവുമായ ആശയമാണ്.  ആരാധനയുടെയും ഭക്തിയുടെയും സീമകള്‍ക്കപ്പുറത്തുള്ള മനുഷ്യജീവിതമാകുന്ന സങ്കടക്കടല്‍ നാം കാണുന്നു.

'യദിഹാസ്തി തദന്യത്ര
യന്നേഹാസ്തി ന കുത്രചില്‍'

'ഇവിടെയുള്ളത് മറ്റു പലയിടത്തും ഉണ്ടായിരിക്കും. എന്നാല്‍ ഇവിടെ ഇല്ലാത്തത് മറ്റെങ്ങും ഉണ്ടായിരിക്കുകയില്ല.'- മഹാഭാരതത്തെപ്പറ്റിയുള്ള ഈ വിവരണം ഭാരതകഥയുടെ ഉള്‍ക്കാമ്പും സ്വാധീനവും വിശദീകരിക്കുന്നു. ധര്‍മ്മമേത് അധര്‍മ്മമേത്,സുഖമെന്ത് ദുഃഖമെന്ത് എന്നറിയാതെ ഉഴലുന്ന ഒരു പിടി അതിമാനുഷര്‍ അഥവാ അതിമാനുഷികതയാല്‍ അസാമാന്യ വെല്ലുവിളികള്‍ നേരിടേണ്ടിവരുന്ന മനുഷ്യജന്മങ്ങളും ഈശ്വരന്മാരും ഈ കഥക്ക് നിറം പകരുന്നു. സാമാന്യ വിശകലനങ്ങളില്‍ നിന്നും ഭാരതപര്യടനത്തെ വേറിട്ടു നിര്‍ത്തുന്നത് മാരാരുടെ ധീരമായ ഇടപെടലുകളാണ്. 'രാമന്‍, യുധിഷ്ഠിരന്‍ തുടങ്ങിയ ഇതിഹാസ കഥാനായകന്മാര്‍ ചില്ലലമാരിയില്‍ സൂക്ഷിച്ചുവയ്‌ക്കേണ്ട പ്രദര്‍ശനവസ്തുക്കളാണെന്നും അവരില്‍ വല്ല കുറ്റവും കുറവും ഉണ്ടാവാമെന്നു ശങ്കിക്കുന്നതേ പാപമാണെന്നും വിശ്വസിക്കുന്ന ആളുകളുള്ളപ്പോഴാണ് ഭാരതപര്യടനം മറിച്ചുചിന്തിച്ചത്. ദുര്യോധനാദികളായ കഥാപാത്രങ്ങളുടെ മഹത്ത്വങ്ങളും യുധിഷ്ടിരാധികളായ കഥാപാത്രങ്ങളുടെ വ്യതിചലനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുകയും അവയെ ശക്തസുന്ദരമായ ഭാഷയില്‍ വിശദീകരിക്കുകയും ചെയ്യുന്ന മാരാരുടെ രീതി വിപ്ലവാത്മകമാണ്. കുന്തി, കര്‍ണ്ണന്‍, കൃഷ്ണന്‍, ഭീഷ്മര്‍, പഞ്ചപാണ്ഡവര്‍, നൂറ്റൊന്നു കൗന്തേയര്‍ തുടങ്ങിയവരുടെ വൈകാരിക നിമ്‌നോന്നതകളിലൂടെ സഞ്ചരിച്ചുകൊണ്ടു പുതിയ ചിന്താവീഥികള്‍ മാരാര്‍ വെട്ടിത്തുറക്കുന്നു.
        സാക്ഷാല്‍ ശ്രീകൃഷ്ണനെ പറ്റിയുള്ള വിശകലനമാണ് കൗതുകമുണര്‍ത്തുന്ന മറ്റൊരു വിഭാഗം. ഭഗവദ്ദൂതില്‍ പറയുന്നപോലെ 'ശിശുപാലന്‍ ചെയ്ത നൂറപരാധവും ക്ഷമിച്ച ഭഗവാന്‍ കൃഷ്ണന്‍ ജനിച്ചത് ഭൂഭാരം തീര്‍ക്കുക എന്ന സംഹാരക്രിയക്കല്ല, വിധിവശാല്‍ നേരിടുന്ന അത്തരം നാശങ്ങളെപ്പോലും മനുഷ്യര്‍ പൗരുഷം കൊണ്ട് എങ്ങനെ നേരിട്ടുനോക്കണമെന്നു കാണിക്കാനാണ്.' ഈ വാക്കുകളില്‍നിന്ന് കൃഷ്ണന്‍ ഗോപികമാരുടെ മാത്രമല്ല, മറിച്ചു ഈ ഭൂമിയുടെയാകെ പ്രണയിയാകുന്നുവെന്നു നാം മനസ്സിലാക്കുന്നു. അനിവാര്യമായ വിധിയോടു പൊരുതി നില്‍ക്കാന്‍ കാണിച്ചുതരുന്ന ഭഗവാന്‍ എതു യോദ്ധാവിനെക്കാളും മനക്കട്ടിയും ധൈര്യവും പ്രകടിപ്പിക്കുന്നു.
    'ധര്‍മ്മമുള്ളിടത്തേ ജയമുള്ളൂ 'എന്നു അധര്‍മിയായ മകനോട് പറയുന്ന ഗാന്ധാരി, അംബയുടെ സൗന്ദര്യാധിക്യത്താല്‍ മനസ്സിടറുന്ന പരശുരാമന്‍, കര്‍ണ്ണനോടുള്ള വിദ്വേഷം മൂലം സഹോദരനോട് കൊടിയ വാക്കുകള്‍ പറയുന്ന യുധിഷ്ടിരന്‍, ശക്തിസ്രോതസ്സായ സാക്ഷാല്‍ കൃഷ്ണന്‍ താങ്ങുന്ന പാണ്ഡവപക്ഷത്തോടു അവസാനനിമിഷങ്ങളിലും അഭിമാനം അടിയറവു പറയാത്ത ദുര്യോധനന്‍ തുടങ്ങിയവ സാമാന്യ ധാരണകളെ ഭേദിക്കുന്ന അസാമാന്യ രംഗങ്ങളാണ്.
    ഭാരതകഥയിലാകെ ഏറ്റവും നീചവും ഞെട്ടിപ്പിക്കുനതുമായ സന്ദര്‍ഭമാണ് യുദ്ധാനന്തരം അശ്വത്ഥാമാവ് കൃപരോടുകൂടി ചെയ്യുന്ന അരുംകൊലകള്‍. ബീഭത്സമായ ഈ അവസ്ഥ മാരാരുടെ വാക്കുകളില്‍ 'മനുഷ്യച്ചോരയിലാണ്ട ദ്രൗണിയുടെ വാള്‍പ്പിടി കൈപ്പടത്തോടോട്ടിപ്പിടിച്ചു ഒന്നായ്ത്തീര്‍ന്നപോലായി. രാത്രി ആളുകളുറങ്ങി. ഇത്രയ്ക്ക് നിശ്ശബ്ദമായ ശിബിരത്തിലേക്കോ താന്‍ കടന്നുചെന്നത്, ആളുകള്‍ കൊല്ലപ്പെട്ടു. അത്രയ്ക്ക് നിശ്ശബ്ദമായ ശിബിരത്തില്‍നിന്നു അയാള്‍ പുറത്തേക്കു പോന്നു.' എത്രയും നീചനായ അശ്വത്ഥാമാവ് ചിരഞ്ജീവിയായിത്തീര്‍ന്നതോടെ 'പക 'എന്ന മലിനവികാരം നമ്മുടെ ഹൃദയങ്ങളില്‍ ചിരഞ്ജീവിയായി നിലകൊള്ളൂമെന്ന് അദ്ദേഹം വിശദീകരിക്കുന്നു.