വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ കഥകളിലൊന്നാണ് ഭൂമിയുടെ അവകാശികള്‍. സകല ജീവികള്‍ക്കും ഭൂമിയില്‍ ഒരേ അവകാശമാണുള്ളത് എന്ന ആശയം ഈ കഥയിലൂടെ അദ്ദേഹം സരസമായി അവതരിപ്പിക്കുന്നു. മനുഷ്യന് ഭൂമിയുടെ മേല്‍ അധികാരമുണ്ടെന്ന മിഥ്യാധാരണയുടെ പുറത്ത് ചെയ്തു കൂട്ടുന്ന അത്യാചാരങ്ങളോടുള്ള ബഷീറിന്റെ അതൃപ്തിയും ഈ കൃതിയില്‍ ദര്‍ശിക്കാം.രണ്ടേക്കര്‍ തെങ്ങിന്‍പറമ്പും അതിലൊരു വീടും സ്വന്തമാക്കിയ കഥാനായകന്‍ തേങ്ങാ വില്‍പ്പനയിലൂടെ സാമ്പത്തിക ഭദ്രത നേടി. മുള്ളുവേലിയുടെയും ഇരുമ്പു ഗേറ്റിന്റെയും 'ഷാന്‍' എന്ന ഉശിരന്‍ നായയുടെയും പിന്‍ബലത്തില്‍ സുരക്ഷിതത്വവും ഉറപ്പിച്ചു. ഈ വേളയില്‍ അദ്ദേഹത്തെ അമ്പരപ്പിച്ചു കൊണ്ട് മുദ്രപ്പത്രങ്ങളിലൊന്നും ഒപ്പു വയ്ക്കാത്തവരും മുള്ളുവേലികളെ മാനിക്കാത്തവരുമായ 'ഒരു കൂട്ടര്‍' അധികാരത്തോടെ കടന്നു വരുന്നതാണ് കഥയുടെ തുടക്കം. ക്ഷണിക്കപ്പെടാതെ ആഗതരാവുന്ന പക്ഷികളും ചിത്രശലഭങ്ങളും തുടങ്ങി ചിതലുകളും എലികളും കൊടിയ വിഷമുള്ള കരിന്തേളുകളുമടങ്ങിയ ഇക്കൂട്ടര്‍ യഥാര്‍ത്ഥത്തില്‍ ഭൂമിയുടെ അവകാശികള്‍ തന്നെയാണ് എന്നു അദ്ദേഹത്തിന് ബോധ്യമാവുന്നതാണ് കഥാസാരം. ആദര്‍ശവാദിയായ കഥാനായകനും പ്രായോഗിക ചിന്താഗതിക്കാരിയായ ഭാര്യയും തമ്മിലുള്ള വാദപ്രതിവാദങ്ങളും നിരായുധനായിരിക്കുന്ന മനുഷ്യന്റെ നിസ്സഹായതയെക്കുറിച്ചുള്ള പരാമര്‍ശങ്ങളുമൊക്കെ ഈ കഥയെ കൂടുതല്‍ ഹൃദ്യമാക്കുന്നു.