14ആം ശതകത്തില്‍ രചിക്കപ്പെട്ട ഒരു മണിപ്രവാളസന്ദേശകാവ്യമാണ് കോകസന്ദേശം. ചക്രവാകസന്ദേശം എന്ന പേരിലും ഈ കൃതി അറിയപ്പെടുന്നു. വിശദമായ മാര്‍ഗ്ഗവര്‍ണ്ണനകൊണ്ട് ചരിത്രകാരന്മാര്‍ക്കും സാഹിത്യഭംഗികൊണ്ട് കാവ്യാസ്വാദകര്‍ക്കും വിലപ്പെട്ട കൃതിയാണ് ഇത്. എന്നാല്‍ കോകസന്ദേശത്തിന്റെ 96 ശ്ലോകങ്ങളേ കണ്ടുകിട്ടിയിട്ടുള്ളൂ. തൃക്കണാമതിലകത്തിന്റെ വര്‍ണനയില്‍നിന്ന് അതിന്റെ പതനത്തിനുമുന്‍പുള്ള കാലമാണ് സന്ദേശകാലമെന്ന് ഊഹിക്കാം. കോകസന്ദേശത്തിന് ഉണ്ണുനീലിസന്ദേശംപോലെയോ അതില്‍ അല്പംകൂടി അധികമായോ പഴക്കമുണ്ടെന്നും പതിന്നാലാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തിലെങ്കിലും ആവിര്‍ഭവിച്ചിരിക്കാമെന്നും ഉള്ളൂര്‍ പറയുന്നു. തിരുവഞ്ചിക്കുളത്തെ 17 പദ്യങ്ങളില്‍ വിശദമായി വര്‍ണ്ണിച്ചിരിക്കുന്നുവെങ്കിലും അത് മാടമന്നന്റെ അധീനത്തിലാണെന്ന് സൂചിപ്പിക്കുന്നതല്ലാതെ അവിടെ ചെന്നാല്‍ പെരുമ്പടപ്പുമൂപ്പനെ കാണാമെന്ന് പറയുന്നില്ല. പെരുമ്പടപ്പുസ്വരൂപം ആസ്ഥാനം തിരുവഞ്ചിക്കുളത്തൂനിന്ന് കൊച്ചിയിലേക്ക് മാറ്റിയ 1405ന് ശേഷമാകണം സന്ദര്‍ഭമെന്നും ഇളംകുളം കുഞ്ഞന്‍പിള്ള ഊഹിക്കുന്നു. 1400നടുത്താണ് കോകസന്ദേശത്തിന്റെ കാലമെന്ന് അദ്ദേഹം തീര്‍ച്ചപ്പെടുത്തുന്നു.
    ചേതിങ്കനാട്ടില്‍(ദേശിംഗനാട്-കൊല്ലം) ചെറുകരവീട്ടില്‍ വസന്തകാലത്ത് ഒരു കാമുകന്‍ പ്രിയതമയുമായി സുഖിച്ചിരിക്കുന്ന ഒരു രാത്രി, നായകന്‍ അകാരണമായി കണ്ണുനീര്‍ വാര്‍ക്കുന്നതു കണ്ട് നായിക കാരണം ചോദിക്കുകയും നായകന്‍ താന്‍ സ്വപ്നത്തില്‍ അനുഭവിച്ച ദുഃഖത്തെ വര്‍ണ്ണിച്ചുകേള്‍പ്പിക്കുകയും ചെയ്യുന്നു. ഇതാണ് കോകസന്ദേശത്തിന്റെ ഇതിവൃത്തം.ഒരു ആകാശചാരി തന്നെ പ്രേയസിയില്‍നിന്ന് വേര്‍പ്പെടുത്തി, വടക്കന്‍ കേരളത്തിലെ തിരുനാവായയ്ക്കു സമീപം വെള്ളോട്ടുകര(തൃപ്രങ്ങോട്ട്) എന്ന സ്ഥലത്ത് ഉപേക്ഷിക്കുന്നതായാണ് ആ യുവാവ് സ്വപ്നം കണ്ടത്. അവിടെ നായകന്‍ ഒരു ചക്രവാകത്തെ കണ്ട് ആ പക്ഷിയെ പ്രശംസിച്ച് തന്റെ സന്ദേശഹരനാക്കുന്നു. തുടര്‍ന്ന് മാര്‍ഗ്ഗവര്‍ണ്ണനയാണ്. മിക്ക സന്ദേശകാവ്യങ്ങളെയും പോലെ മന്ദാക്രാന്ത വൃത്തത്തിലാണ് കോകസന്ദേശവും എഴുതിയിട്ടുള്ളത്.
    തെക്കേ മലബാറിലെ വെള്ളോട്ടുകര മുതല്‍ ഇടപ്പള്ളി വരെയുള്ള മാര്‍ഗ്ഗമേ ലഭ്യമായ ഭാഗത്തുനിന്ന് അറിയാന്‍ കഴിയൂ. വഴിയിലുള്ള നഗരങ്ങള്‍, ഗ്രാമങ്ങള്‍, നദികള്‍, ക്ഷേത്രങ്ങള്‍ തുടങ്ങി എല്ലാം വര്‍ണ്ണനയ്ക്കു വിഷയമാകുന്നു. തിരുനാവായ, പേരാറും പരിസരങ്ങളും തിരുമലച്ചേരി നമ്പൂതിരിയുടെ ഗോവര്‍ദ്ധനപുരം, മാറഞ്ചേരി,ആഴ്വാഞ്ചേരി മന, ഗോവിന്ദപുരം, പുന്നത്തൂര്‍, വൈരത്തൂര്‍, കുരവയൂര്‍(ഗുരുവായൂര്‍) ക്ഷേത്രം, വമ്മേനാട്, വെണ്‍കിടങ്ങ്, മുച്ചുറ്റൂര്‍, നന്തിയാറ്, ചുരലൂര്‍, കാക്കത്തുരുത്തി, തിരുപ്പോര്‍ക്കളം എന്നിങ്ങനെ മുറയ്ക്ക് വര്‍ണ്ണിച്ച് തൃക്കണാമതിലകത്ത് എറാള്‍പ്പാടിനെ സന്ദര്‍ശിക്കാന്‍ ചക്രവാകത്തോട് പറയുന്നു. തൃക്കണാമതിലകം അന്ന് സാമൂതിരി പിടിച്ചടക്കിയിരുന്നു. എറാള്‍പ്പടിനെ യുദ്ധോദ്യുക്തനായി കവി വിവരിക്കുന്നു. എറാള്‍പ്പാടിനെ സന്ദര്‍ശിച്ച് തിരിച്ച് സര്‍വ്വാദിത്യന്‍ചിറ, കാമപ്പുഴ, കോതപ്പറമ്പ്, ചിങ്ങപുരം, അരയകുളം എന്നീ സ്ഥലങ്ങളില്‍ക്കൂടി തിരുവഞ്ചിക്കുളം വഴി കൊടുങ്ങല്ലൂര്‍ ചേന്നമംഗലത്തിലൂടെ പറവൂര്‍, ചേരാനല്ലൂര്‍ എന്നിവിടങ്ങള്‍ കടന്ന് ഇടപ്പള്ളിയില്‍ എത്തണം എന്ന് നിര്‍ദ്ദേശിക്കുന്നതു വരെയാണ് കിട്ടിയ ഭാഗത്തുള്ളത്. ഇടപ്പള്ളിക്കു തെക്കു കൊല്ലം വരെയുള്ള പ്രദേശങ്ങള്‍ വര്‍ണ്ണിക്കുന്ന ഭാഗം കിട്ടിയിട്ടില്ല.
    കോകസന്ദേശത്തെക്കുറിച്ച് എന്‍. കൃഷ്ണപിള്ള ഇങ്ങനെ പറയുന്നു: ഉണ്ണിനീലിസന്ദേശത്തില്‍ പച്ചത്തുരുത്തുകള്‍ക്കിടയ്ക്കു മരുപ്രദേശങ്ങളും കാണുന്നത് ഒരുപക്ഷേ, അതിന്റെ ദൈര്‍ഘ്യംകൊണ്ടുകൂടിയാവാം. എന്നാല്‍ കോകസന്ദേശത്തിലെ ശ്ലോകങ്ങള്‍ക്കെല്ലാം ശ്ലാഘനീയമായ നിലവാരമാണുള്ളത്. നവംനവങ്ങളായ കല്പനകള്‍കൊണ്ട് ഉന്മിഷിതമാക്കപ്പെട്ടിരിക്കുന്നു ഇതിലെ ആഖ്യാനം.
    ചൂലംകൊടു (ശൂലംകൊണ്ട്), മുകുട് (തല), വാളം (വാള്‍), ഇട്ടല്‍ (പറമ്പ്), ഏവലര്‍ (അനുയായികള്‍), നുങ്ങി (നശിച്ചു), ചമ്മാത്ത് (കൊഞ്ഞനം) തുടങ്ങിയ പഴയ പദങ്ങളും പ്രയോഗങ്ങളും കോകസന്ദേശത്തിലുണ്ട്.
കുട്ടമശ്ശേരി നാരായണപ്പിഷാരടിയാണ് കോകസന്ദേശം കണ്ടെടുത്ത് പ്രസിദ്ധീകരിക്കുന്നത്. 1118 (1943) തുലാം ലക്കത്തില്‍ പരിഷത്ത് ത്രൈമാസികത്തിലും 1954 മാര്‍ച്ച് ലക്കം ഭാഷാത്രൈമാസികത്തിലും കോകസന്ദേശം പ്രസിദ്ധപ്പെടുത്തി. തിരുവിതാംകൂര്‍ സര്‍വ്വകലാശാലാ ഹസ്തലിഖിതഗ്രന്ഥശാലയില്‍നിന്ന് ശൂരനാട്ട് കുഞ്ഞന്‍പിള്ള ഇത് ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധീകരിച്ചു. 1959ല്‍ ഇളംകുളം കുഞ്ഞന്‍പിള്ളയുടെ വ്യാഖ്യാനം ഇറങ്ങി.