സംഘകാലത്തേതെന്ന് കരുതുന്ന ഒരു മഹാകാവ്യം. തമിഴിലെ പഞ്ചമഹാകാവ്യങ്ങളിലൊന്നാണിത്. ഇളങ്കോ അടികള്‍ രചിച്ചതാണ് ഇതെന്ന് കരുതപ്പെടുന്നു. മൂന്നു അധ്യായങ്ങളിലായി 5700 വരികളാണ് ഇതിനുള്ളത്. ജൈനമത സിദ്ധാന്തങ്ങളെ വിശദീകരിക്കുന്നു. മണിമേഖല എന്ന മഹാകാവ്യം ചിലപ്പതികാരത്തിന്റെ തുടര്‍ച്ചയാണ്. അതിനാല്‍ ഇവ രണ്ടും ഇരട്ടകാവ്യങ്ങളായി കണക്കാക്കപ്പെടുന്നു.
ഇളങ്കോഅടികള്‍ കേരളീയന്‍ ആയിരുന്നു. ഇളംകോഅടികള്‍ എന്ന വാക്കിന്റെ അര്‍ത്ഥം യുവരാജാവ് എന്നാണ്. അദ്ദേഹം ചേരരാജ സദസ്സിലെ ഒരംഗമായിരുന്നു. കരികാലചോഴന്റെ സമകാലികനായിരുന്നു എന്നും വിശ്വസിക്കപ്പെടുന്നു. ചേരരാജാവായിരുന്ന ചേരന്‍ ചെങ്കുട്ടുവന്റെ സഹോദരന്‍ ആയിരുന്നു എന്നും ചില ചരിത്രകാരന്മാര്‍ കരുതുന്നു.
    ഏകദേശം രണ്ടാം നൂറ്റാണ്ടിലാണ് ഇളങ്കോ അടികള്‍ ചിലപ്പതികാരം രചിച്ചത് എന്ന് വിശ്വസിക്കുന്നുവരുണ്ട്. എന്നാല്‍ പ്രൊഫ. ഇളംകുളം കുഞ്ഞന്‍പിള്ളയുടെ അഭിപ്രായം അത് സി.ഇ. എട്ടാം നൂറ്റാണ്ടിനു മുമ്പാണെന്നു തോന്നുന്നില്ലെന്നാണ്. ഈ വാദത്തിനു സഹായകമായി ചരിത്രകാരന്മാരായ സ്വാമിക്കണ്ണു പിള്ളയുടേയും പ്രൊഫ. വയ്യാപുരിപിള്ളയുടെയും നിഗമനങ്ങളെ അദ്ദേഹം ഉയര്‍ത്തിക്കാട്ടുന്നു. ഈ അനുമാനത്തിനാണ് ഇന്ന് ചരിത്രകാരന്മാര്‍ക്കിടയില്‍ സ്വീകാര്യതയുള്ളത്.
    കാവേരിപ്പൂമ്പട്ടണത്തിലെ ധനികനായ ഒരു വര്‍ത്തകപ്രമാണിയുടെ മകളായിരുന്നു കണ്ണകി. വിവാഹപ്രായമായപ്പോള്‍ ധാരാളം സമ്പത്ത് നല്‍കി അവളെ കോവലനു വിവാഹം ചെയ്തു കൊടുത്തു. സന്തോഷപൂര്‍ണ്ണമായ വിവാഹജീവിതത്തിനിടെ അസ്വാരസ്യങ്ങള്‍ കടന്നു വന്നു. മാധവി എന്ന നര്‍ത്തകിയുമായി കോവലന്‍ അടുപ്പത്തിലാകുന്നു. തന്റെ സമ്പത്തു മുഴുവന്‍ അവള്‍ക്കടിയറവെച്ച് കോവലന്‍ ഒരുനാള്‍ തെരുവിലേക്കെറിയപ്പെടുന്നു. തെറ്റ് തിരിച്ചറിഞ്ഞ കോവലന്‍ കണ്ണകിയുടെ അടുത്ത് തിരികേ എത്തുന്നു. പതിവ്രതയായ കണ്ണകി അയാളെ സ്വീകരിച്ച് ഒരു പുതിയ ജീവിതത്തിനു തുടക്കമിടുന്നു. പണത്തിനുവേണ്ടി തന്റെ ബാക്കിയായ ഒരേ ഒരു സ്വത്തായ പവിഴം നിറച്ച ചിലമ്പ് വില്‍ക്കാനായി കോവലനെ ഏല്‍പ്പിക്കുന്നു. അതുമായി അവര്‍ രണ്ടുപേരും പാണ്ഡ്യരാജധാനിയായ മധുരയിലെത്തി. ആയിടക്കുതന്നെ പാണ്ഡ്യരാജ്ഞിയുടെ മുത്തുകള്‍ നിറച്ച ഒരു ചിലമ്പ് കൊട്ടാരത്തില്‍ നിന്നു മോഷണം പോയിരുന്നു. അതന്വേഷിച്ചു നടന്ന പട്ടാളക്കാരുടെ മുമ്പില്‍ കോവലന്‍ അകപ്പെട്ടു. പാണ്ഡ്യരാജസദസ്സില്‍ രാജാവിനുമുമ്പില്‍ എത്തിക്കപ്പെട്ട കോവലനു കണ്ണകിയുടെ ചിലമ്പില്‍ പവിഴങ്ങളാണെന്നു തെളിയിക്കാനായില്ല. തുടര്‍ന്നു രാജാവ് കോവലനെ ഇല്ലാത്ത മോഷണക്കുറ്റത്തിനു ഉടനടി വധശിക്ഷക്ക് വിധേയനാക്കി.
    വിവരമറിഞ്ഞ് ക്രുദ്ധയായി രാജസദസ്സിലെത്തിയ കണ്ണകി തന്റെ ചിലമ്പ് പിടിച്ചുവാങ്ങി അവിടെത്തന്നെ എറിഞ്ഞുടച്ചു. അതില്‍നിന്ന് പുറത്തുചാടിയ പവിഴങ്ങള്‍ കണ്ട് തെറ്റ് മനസ്സിലാക്കിയ രാജാവും രാജ്ഞിയും പശ്ചാത്താപത്താല്‍ മരിച്ചു. പക്ഷേ പ്രതികാരദാഹിയായ കണ്ണകി അടങ്ങിയില്ല. തന്റെ ഒരു മുല പറിച്ച് മധുരാനഗരത്തിനു നേരെ എറിഞ്ഞ് അവള്‍ നഗരം വെന്തുപോകട്ടെ എന്നു ശപിച്ചു. അവളുടെ പാതിവ്രത്യത്തിന്റെ ശക്തിയാല്‍ അഗ്‌നിജ്വാലകള്‍ ഉയര്‍ന്ന് മധുരാനഗരം ചുട്ടെരിച്ചു. തുടര്‍ന്ന് മധുരാനഗരം വിട്ട കണ്ണകി ചേരരാജധാനിയായ കൊടുങ്ങല്ലൂരില്‍ എത്തി. അവിടെവച്ച് സ്വര്‍ഗാരോഹണം ചെയ്യുമ്പോള്‍ അവളെ കൂട്ടിക്കൊണ്ടുപോകാന്‍ കോവലന്‍ സ്വര്‍ഗത്തില്‍നിന്ന് എത്തുന്നു.
    അക്കാലത്ത് ചേരരാജാവായ ചേരന്‍ ചെങ്കുട്ടുവന്‍ ആ നഗരത്തില്‍ കണ്ണകിയുടെ ഓര്‍മ്മയ്ക്കായി ഒരു കണ്ണകിക്കോട്ടം പണിയുന്ന കാര്യവും അതിനായി പ്രതിമ(വിഗ്രഹം) നിര്‍മ്മിക്കാന്‍ കൃഷ്ണശില ഹിമാലയത്തില്‍ നിന്നാണ് കൊണ്ടുവന്നു എന്നും ചിലപ്പതികാരത്തില്‍ പറയുന്നു.
    ദക്ഷിണേന്ത്യയുടെ ചരിത്രം പഠിക്കുന്നവര്‍ക്ക് വിലപ്പെട്ട വിവരങ്ങള്‍ പലതും ഈ കൃതി ലഭ്യമാക്കുന്നുണ്ട്.
മൂന്നു രാജ്യങ്ങളിലായി നടക്കുന്ന കഥ സ്വാഭാവികമായും അക്കാലത്തെ ഈ രാജ്യങ്ങളിലെ ഭൂപ്രകൃതി, സാമൂഹ്യബന്ധങ്ങള്‍, സാംസ്‌കാരികവിശേഷങ്ങള്‍, ആചാരങ്ങള്‍, മതവിശ്വാസങ്ങള്‍ എന്നിവയെ പരാമര്‍ശിക്കുന്നുണ്ട്. വഞ്ചികാണ്ഡം എന്ന അവസാനഭാഗത്താണ് കേരളതീരം വര്‍ണ്ണനക്ക് വിഷയമാകുന്നത്. അക്കാലത്ത് വിവിധമതവിശ്വാസികള്‍ക്ക് സംഘര്‍ഷങ്ങളൊന്നുമില്ലാതെ എല്ലാവരുമായും ഇടകലര്‍ന്നു ജീവിക്കാനായിരുന്നുവെന്നതിന് തെളിവായി, ജൈനനമതക്കാരനെന്നു കരുതപ്പെടുന്ന കവി അങ്ങനെയല്ലാത്ത രാജാവിനെക്കൊണ്ട് കണ്ണകിയെ ജൈനരുടെ പത്തിനി (പത്മാവതീദേവി)എന്നു സങ്കല്‍പ്പിച്ച് ക്ഷേത്രം പണിയിക്കുന്നതിനെ ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു.ചേരന്‍ ചെങ്കുട്ടുവന്‍ ദിഗ്വിജയം കഴിഞ്ഞെത്തുമ്പോള്‍ പറൈയൂര്‍ (പറവൂര്‍) വാസിയായ ഒരു ചാക്കൈയ്യന്റെ (ചാക്കിയാര്‍, ചാക്യാര്‍) ആടല്‍ കണ്ട് രസിക്കുന്നതായും ചിലപ്പതികാരത്തില്‍ കാണുന്നു. യവനരുമായി നെടുംചേരലാതന്‍ നടത്തിയ യുദ്ധങ്ങളെയും ഈ കാവ്യത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.