പ്രശസ്ത കന്നഡ സാഹിത്യകാരനും ജ്ഞാനപീഠപുരസ്‌കാര ജേതാവുമായ കെ ശിവരാമകാരന്തിന്റെ പ്രശസ്തമായ നോവലാണു ചോമന്റെ തുടി (കന്നഡ: ചോമനദുഡി). ദലിത് പ്രശ്‌നങ്ങള്‍ ആവിഷ്‌കരിക്കുന്ന ഈ നോവല്‍ ഒരു കന്നഡ ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ്. ചോമന്‍ എന്ന ദലിതന്റെയും അയാളുടെ കുടുംബത്തിന്റെയും കഥ എന്നതിലപ്പുറത്തേക്ക് ലോകമെങ്ങുമുള്ള അധ:സ്ഥിതവര്‍ഗത്തിന്റെ കഥയായി ഈ നോവല്‍ കരുതപ്പെടുന്നു.
    കര്‍ണാടകയിലെ ഒരു കുഗ്രാമത്തിലാണു ചോമനും അയാളുടെ അഞ്ച് മക്കളും താമസിക്കുന്നത്. ഒരേയൊരു മകളായ ബള്ളിയാണു വീട്ടുകാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നത്. ചോമന്‍ ഒരു കാളക്കുട്ടനെ വളര്‍ത്തുന്നുണ്ട്. ഭാവിയില്‍ കൃഷി ചെയ്യുക എന്നൊരു ലക്ഷ്യം മുന്നില്‍ക്കണ്ടാണ് ചോമന്‍ ഇത് ചെയ്യുന്നത്. ദളിതര്‍ സ്വന്തമായി കൃഷി ചെയ്തുകൂടാ എന്നൊരു അലിഖിതനിയമമുണ്ടായിരുന്നു അന്ന്. എങ്കിലും കൃഷിക്കാരനാവുക എന്ന അദമ്യമായ ആഗ്രഹം കൊണ്ട് അയാള്‍ ഒരിക്കല്‍ ചെറുപ്പക്കാരനായ ജന്മിയോട് തന്റെ മനസ് തുറക്കുന്നു. പക്ഷേ അയാളുടെ മോഹം മോഹമായി തന്നെ നില്‍ക്കുന്നു. മഴക്കാലത്തിന്റെ വറുതിക്കിടയില്‍, പഴയൊരു കടത്തിന്റെ പേരില്‍ കാപ്പിത്തോട്ടത്തിലെ മാപ്പിള അയാളെ കാണാന്‍ വരികയും തന്റെ മൂത്ത രണ്ടാണ്‍ മക്കളെ പാതിമനസ്സോടെയെങ്കിലും തോട്ടത്തില്‍ പറഞ്ഞയക്കേണ്ടിവരികയും ചെയ്യുന്നു. പക്ഷേ രണ്ടു പേരെയും അയാള്‍ക്കു നഷ്ടമാകുന്നു. അങ്ങനെ മകളായ ബള്ളി തോട്ടത്തില്‍ പണിക്കു പോകുന്നു. കുറച്ചുനാളുകള്‍ കൊണ്ട് കടം തീര്‍ത്തുവരുന്ന മകളെ സന്തോഷത്തോടെ സ്വീകരിക്കുന്ന ചോമന്‍, പക്ഷേ അത് അവളുടെ മാനത്തിന്റെ വിലയാണെന്ന് അറിയുന്നില്ല. നസ്രാണിയായാല്‍ കൃഷിക്കാരനാവാമെന്നു മകളില്‍ നിന്നും അറിയുന്ന ചോമന്‍ പട്ടണത്തിലേക്കു പോകുന്നു. പക്ഷേ കുലദൈവമായ ഗുളികനെ ഉപേക്ഷിക്കാന്‍ കഴിയാതെ അയാള്‍ തിരിച്ചുവരുന്നു. പക്ഷേ വീട്ടില്‍ അയാള്‍ കാണുന്നത് മകളോടൊപ്പം ശയനം ചെയ്യുന്ന മുതലാളിയെയാണ്. അഭിമാനിയായ ആ വൃദ്ധന്‍ അയാളെ അടിച്ചോടിക്കുന്നു. ഒടുവില്‍ തന്റെ പ്രാണനായ തുടി കൊട്ടി അയാള്‍ മരിച്ചുവീഴുന്നു.
    ഈ നോവല്‍ മുന്നോട്ടു വയ്ക്കുന്ന ദളിത്പ്രശ്‌നങ്ങള്‍ അതീവ പ്രസക്തമാണെന്ന് നിരൂപകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ട്, മനുഷ്യരായി പരിഗണിക്കപ്പെടുകപോലും ചെയ്യാതെ കഴിയുന്ന ഒരുകൂട്ടം മനുഷ്യരുടെ യഥാര്‍ത്ഥജീവിതാവസ്ഥയാണു 'ചോമന്റെ തുടി'.
ഈ നോവലിനെ അടിസ്ഥാനപ്പെടുത്തി ചോമന ദുഡി എന്ന പേരില്‍ ഒരു കന്നഡ ചലച്ചിത്രം നിര്‍മ്മിച്ചിട്ടുണ്ട്. പ്രശസ്ത കന്നഡ ചലച്ചിത്രകാരനായ ബി.വി. കാരന്തായിരുന്നു സംവിധാനം ചെയ്തത്. 1976ല്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തില്‍ മികച്ച ചിത്രം, മികച്ച അഭിനേതാവ് (എം.വി.വാസുദേവ റാവു) എന്നീ പുരസ്‌കാരങ്ങള്‍ ഈ ചലച്ചിത്രം കരസ്ഥമാക്കി.