പ്രശസ്ത നോവലിസ്റ്റ് ഒ.വി. വിജയന്‍ രചിച്ച മലയാളത്തിലെ രാഷ്ട്രീയ ആക്ഷേപഹാസ്യ നോവലാണ് ധര്‍മ്മപുരാണം. ധര്‍മ്മപുരിയിലെ ഭരണാധികാരിയായ പ്രജാപതിയെയും അയാളുടെ അശ്ലീലം നിറഞ്ഞ അധികാരപ്രയോഗത്തിന് കൂട്ടുനില്‍ക്കുന്ന ആശ്രിതരേയും നിസ്സഹായരായ പ്രജകളെയും ചിത്രീകരിക്കുന്ന ഈ നോവലിലെ നായകന്‍ സിദ്ധാര്‍ത്ഥന്‍ എന്ന ബാലനാണ്. ഞെട്ടിപ്പിക്കുന്ന വിസര്‍ജ്ജ്യ, സംഭോഗ ബിംബങ്ങള്‍ ചേര്‍ന്ന ആഖ്യാന ശൈലിയാണ് വിജയന്‍ സ്വീകരിച്ചിരിക്കുന്നത്. 1977 മുതല്‍ മലയാളനാട്  വാരികയില്‍ ഖണ്ഡശ്ശ വെളിച്ചം കണ്ട ഈ കൃതി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത് 1985ല്‍ ആണ്.
1970കളുടെ തുടക്കത്തില്‍ ഈ കഥയുടെ കേന്ദ്രബിംബങ്ങള്‍ തന്റെ മനസ്സില്‍ മുളയെടുത്തെന്നും 1974 ആയപ്പോള്‍ നോവല്‍ ഏറക്കുറെ എഴുതിക്കഴിഞ്ഞിരുന്നെന്നും ആമുഖത്തില്‍ ഒ.വി. വിജയന്‍ പറയുന്നു. അവശേഷിച്ച മിനുക്കു പണികള്‍ പൂര്‍ത്തിയായപ്പോള്‍ മലയാളനാടുവാരികയില്‍ പ്രസിദ്ധീകരിക്കാന്‍ നിശ്ചയിച്ചു. 1975 ജൂലൈ 25 മുതല്‍ പ്രസിദ്ധീകരണം ആരംഭിക്കുമെന്ന് പരസ്യപ്പെടുത്തി. എന്നാല്‍ പ്രകാശനത്തിന്റെ തുടക്കത്തിനായി നിശ്ചയിച്ച ദിവസത്തിനു കൃത്യം ഒരു മാസം മുന്‍പ് (1975 ജൂണ്‍ 25) ഇന്‍ഡ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 'ധര്‍മ്മപുരാണം, കലവറയിലേയ്ക്കു സ്ഥലം മാറി'. അടിയന്തരാവസ്ഥയുടെ അന്ത്യമായപ്പോള്‍, ഖണ്ഡശ: ഉള്ള പ്രസിദ്ധീകരണം ഉളവാക്കിയ പ്രതികരണങ്ങള്‍ കണക്കിലെടുത്ത്, നോവല്‍ പുസ്തകരൂപത്തില്‍ ഇറക്കാന്‍ രചയിതാവ് താല്പര്യമെടുത്തില്ല. ഒടുവില്‍ അത് പുസ്തകമായിറക്കിയത്, കഥാഘടനയുടേയും കഥനശൈലിയുടെയും 'ശസ്ത്രക്രിയക്കു' ശേഷം 1985ല്‍ ആണ്. ഇങ്ങനെ വരുത്തിയ മാറ്റങ്ങളില്‍ പ്രധാനമായത്, നോവലിലെ നായകനായ സിദ്ധാര്‍ത്ഥന്റെ പാത്രപരിണാമമായിരുന്നു. സിദ്ധാര്‍ത്ഥനെ ഗുരുവായും അയാളുടെ വിപ്ലവസ്പര്‍ശത്തെ ഗുരുപ്രസാദമായും പരിവര്‍ത്തനം ചെയ്യുന്നതിനു തന്നെ പ്രേരിപ്പിച്ചത്, തിരുവനന്തപുരത്തെ ശാന്തിഗിരി ആശ്രമത്തിലെ കരുണാകരഗുരുവുമായി ഇടക്കാലത്തുണ്ടായ സമ്പര്‍ക്കമാണെന്ന് നോവലിസ്റ്റ് പറയുന്നു. നോവലിലെ മുഖ്യകഥാപാത്രവും പ്രതിനായകനുമായിരുന്ന 'രാഷ്ട്രപതി'യുടെ പേര് 'പ്രജാപതി' എന്നായതും ഈ തിരുത്തിയെഴുത്തിലാണ്.
    31 അദ്ധ്യായങ്ങളുള്ള നോവലിന്റെ 30-.=ാം അദ്ധ്യായം രാഷ്ട്രവ്യവഹാരത്തിന്റെ യുക്തിരാഹിത്യം സൂചിപ്പിക്കുന്ന ദര്‍ശനമാണ്. അതില്‍ സിദ്ധാര്‍ത്ഥന്‍ ഒരു ബഹുനിലമാളിക കണ്ടു. മാളികയുടെ ഒന്നാം നിലയില്‍ ഇരുന്ന സേനാപതികളോട് അദ്ദേഹം ചോദിച്ചു: 'പറയൂ സേനാപതികളെ, യുദ്ധം ആര്‍ക്കുവേണ്ടിയാണ്?'. അതേവരെ ആരും ചോദിച്ചിട്ടില്ലാത്ത ആ ചോദ്യത്തിന്റെ ഉത്തരം അറിഞ്ഞുകൂടാതിരുന്ന അവര്‍ സിദ്ധാര്‍ത്ഥനോട്, മുകളിലെ നിലയില്‍ അന്വേഷിക്കാന്‍ പറഞ്ഞു. തൊട്ടുമുകളിലെ നിലയിലെ ശാസ്ത്രജ്ഞന്മാരും അതിനു മുകളിലെ നിലയിലെ വണിക്കുകളും സിദ്ധാര്‍ത്ഥനെ മറുപടിക്കായി അടുത്ത നിലകളിലേയ്ക്ക് പറഞ്ഞുവിട്ടു. പിന്നത്തെ നിലയിലെ ദാര്‍ശനികന്മാര്‍ ഉത്തരം പറയാന്‍ വിസമ്മതിച്ചു. പിന്നത്തെ നിലകളിലെല്ലാം സിദ്ധാര്‍ത്ഥന്‍ ചോദ്യം ആവര്‍ത്തിച്ചു: 'യുദ്ധം ആര്‍ക്കുവേണ്ടിയാണ്; അണുസ്‌ഫോടനം കൊണ്ടു സമ്പന്നമാകുന്നത് ഏതു കുടുംബമാണ്?'. ഒരു നിലയിലും മറുപടി കിട്ടാതെ സിദ്ധാര്‍ത്ഥന്‍ ഏറ്റവും മുകളിലെ നിലയ്ക്കു മുന്‍പിലെത്തി. അവിടെ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ കിട്ടിയ മറുപടി, ആ അ അ അ ആ, ഈ ഇ ഇ ഇ ഈ, ഊ ഉ ഉ ഉ ഊ എന്നിങ്ങനെ കുറേ അസംബന്ധസ്വരങ്ങളായിരുന്നു.