എം. മുകുന്ദന്റെ ആത്മകഥാ സ്പര്‍ശമുള്ള നോവലാണ് ദല്‍ഹി ഗാഥകള്‍. മനോരമ ദിനപ്പത്രത്തിന്റെ പ്രധാന താളുകളാണ് ഇതിന്റെ പുറംചട്ടകള്‍. 2011 നവംബര്‍ 1ന് പുറത്തിറങ്ങിയ മനോരമദിനപ്പത്രത്തിന്റെ പ്രധാനതാളാണ് 3500-ാമത്തെ പ്രതിയുടെ പുറംചട്ടയായി നല്‍കിയിരിക്കുന്നത്. ആകെ 496 ഏടുകളാണ് നോവലിനുള്ളത്. 2009ല്‍ രചിച്ച് പുറത്തിറക്കിയ പ്രവാസം എന്ന നോവലിനു ശേഷമുള്ള മുകുന്ദന്റെ രചനയാണിത്. ഡല്‍ഹിയെ പ്രമേയമാക്കിയാണ് ഈ കൃതി. യാഥാര്‍ഥ്യവും ഫിക്ഷനും ഈ കൃതിയില്‍ കെട്ടുപിണഞ്ഞിരിക്കുന്നു. മുകുന്ദന്‍ തന്റെ നാല്‍പതുവര്‍ഷത്തെ ഡല്‍ഹി വാസത്തില്‍ കണ്ട എല്ലാത്തരം കാഴ്ചകളും ഒരു സാധാരണക്കാരന്റെ ദൃഷ്ടിയില്‍ ഈ കൃതിയില്‍ അവതരിപ്പിക്കുന്നു. 1961ലാണ് കഥ ആരംഭിക്കുന്നത്. അടിയന്തരാവസ്ഥ, യുദ്ധങ്ങള്‍, സിഖ് കൂട്ടക്കൊല, രാജീവ്ഗാന്ധി വധം, സ്‌ഫോടനപരമ്പരകള്‍ എന്നിവ ഡല്‍ഹിയെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ചകളാണ് ഇതില്‍.