മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ബൗദ്ധപരിഭാഷാ കൃതിയാണ് ധര്‍മപദം കിളിപ്പാട്ട്. ബുദ്ധമത ഗ്രന്ഥമായ 'ധര്‍മപദ'ത്തിന് സരസകവി മൂലൂര്‍ എസ്. പത്മനാഭപ്പണിക്കര്‍ രചിച്ച പരിഭാഷയാണിത്. മൂലഗ്രന്ഥം പാലി ഭാഷയിലാണ്. പാലി ഭാഷയില്‍ നിന്ന് നേരിട്ടായിരുന്നു വിവര്‍ത്തനം. കവിയുടെ മരണാനന്തരമാണ് ഗ്രന്ഥം പ്രകാശിതമായത്. ബുദ്ധമത ഗ്രന്ഥങ്ങളെ കൂട്ടായി 'ത്രിപിടകം' എന്നാണ് പറയുന്നത്. പിടകം എന്നാല്‍ കുട്ട എന്നര്‍ഥം. വിനയപിടകം, സൂത്രപിടകം, അഭിധര്‍മപിടകം എന്നിവയാണ് മൂന്നു പിടകങ്ങള്‍. സൂത്രപിടകത്തില്‍ ദീര്‍ഘനികായം, മഞ്ജിമ നികായം, സംയുക്തിനികായം, അംഗുത്തരനികായം, ഖുദ്ദക നികായം എന്നിങ്ങനെ അഞ്ചു നികായങ്ങളുണ്ട്. ഇവയില്‍ ആദ്യത്തെ നാല് നികായങ്ങളും ബുദ്ധന്റെയോ പ്രഥമശിഷ്യരുടെയോ ഭാഷണങ്ങള്‍ സമാഹരിച്ചിരിക്കുന്നവയാണ്. ഖുദ്ദകനികായം ബുദ്ധ ശിഷ്യരുടെ ഉപദേശങ്ങളാണ്. ബുദ്ധന്റെ ഉപദേശങ്ങള്‍ തന്നെ ശിഷ്യര്‍ ലളിതവും സുഗ്രാഹ്യവുമാക്കിയിരിക്കുകയാണ്. ഈ ഖുദ്ദക നികായത്തിന് 15 ഉപവിഭാഗങ്ങളുണ്ട്. അതില്‍ രണ്ടാമത്തേതാണ് ധര്‍മപദം. 26 വര്‍ഗ (അധ്യായം) ങ്ങളും 423 പദ്യങ്ങളും ഉള്ള ഈ ഗ്രന്ഥം ബുദ്ധമത തത്ത്വങ്ങളുടെ പാഠാവലിയാണ്. ബുദ്ധന്റെയും ധര്‍മത്തിന്റെയും സംഘത്തിന്റെയും പന്ഥാവിലെത്തി സര്‍വ ദു:ഖങ്ങളില്‍ നിന്നും മുക്തനാകണമെന്നാണ് ധര്‍മപദത്തിന്റെ സിദ്ധാന്തം. അറിവ്, സങ്കല്‍പം, വാക്ക്, പ്രവൃത്തി, ജീവിതം, വ്യായാമം, ഓര്‍മ, ധ്യാനം ഇവ ശരിയാംവണ്ണം നില്‍ക്കുന്ന ആള്‍ക്ക് തെറ്റോ ദുഃഖമോ ഉണ്ടാകുന്നില്ല എന്ന ലളിതവും ഗംഭീരവുമായ സന്ദേശം ധര്‍മപദം നല്‍കുന്നു.
    ജീവിതവ്യമായ ജീവിതത്തിന് ആചരിക്കേണ്ട ധര്‍മങ്ങളാണ് ധര്‍മപദം കിളിപ്പാട്ടില്‍ ഉടനീളം. അര്‍ഥപുഷ്ടികൊണ്ടും ശബ്ദഭംഗിയാലും അനുഗൃഹീതമാണ് മിക്ക ഭാഗങ്ങളും. വാക്കിന്റെ വിശുദ്ധിയും പ്രയോഗത്തിന്റെ ഔചിത്യവും പരാമര്‍ശിക്കുന്ന ഒരു ഭാഗം ഇങ്ങനെ:

'കണ്ടാല്‍ നല്ലഴകുള്ള പൂവിനു പരിമളമുണ്ടായാലതു പരമാദരണീയമത്രെ. വേണ്ടോളം ഭംഗി വാക്കിനുണ്ടെങ്കിലതേ വൃത്തിപൂണ്ടുമിങ്ങിരിപ്പവന്‍ സര്‍വ ലോകാദരാര്‍ഹന്‍' (പുഷ്യവര്‍ഗം8)
'അര്‍ഥമില്ലാത്ത വാക്കോരായിരം പ്രശംസിച്ചു വ്യര്‍ഥമായ് സമയത്തെ നയിക്കുന്നതിനേക്കാള്‍ അര്‍ഥമുള്ളൊരു വാക്കു സംസാരിച്ചിടുന്നതാണുത്തമമതു കേട്ടാല്‍ ശാന്തിയാര്‍ക്കും ലഭിക്കും' (സഹസ്രവര്‍ഗം 1)

ശരീരത്തിന്റെ നശ്വരതയെപ്പറ്റി ഇങ്ങനെ പറഞ്ഞിരിക്കുന്നു:

'ചിത്രമായ് മാംസരക്തക്കുമ്മായമിട്ടു പൂശിയസ്ഥിയാല്‍ പണി ചെയ്തിട്ടുള്ളോരീ നഗരത്തെ ജരയും മൃതിയും മീ ഗര്‍വവുമശാന്തിയും ഒരുമിച്ചധീവശിച്ചീടുന്നു യഥാസുഖം ചിത്രശലഭങ്ങള്‍ ചേര്‍ന്ന രാജസ്യന്ദനങ്ങളുമെത്രയും ജീര്‍ണങ്ങളായ് നശിച്ചുപോയിടുന്നു മര്‍ത്യ ദേഹവും തഥാ ജീര്‍ണമായ് ഭവിക്കുന്നു സത്തുക്കള്‍ക്കുള്ള ധര്‍മം ജീര്‍ണമായിടുന്നില്ല' (ജരാവര്‍ഗം 5, 6)