സംസ്‌കൃത നാടകമാണ് ദൂതവാക്യം. ഭാസനാടകചക്രത്തില്‍ ഉള്‍പ്പെടുന്ന ഇത് വ്യായോഗം എന്ന രൂപകഭേദത്തില്‍പ്പെടുന്ന ഏകാങ്കമാണ്. മഹാഭാരതത്തിലെ ഉദ്യോഗപര്‍വത്തില്‍ വര്‍ണിക്കുന്ന ശ്രീകൃഷ്ണദൂത് ആണ് പ്രമേയം. ദുര്യോധനന്റെ രാജസദസ്സില്‍ കഞ്ചുകി എത്തി, പാണ്ഡവരുടെ ദൂതനായി പുരുഷോത്തമനായ കൃഷ്ണന്‍ വന്നിരിക്കുന്നതായി അറിയിക്കുന്നതാണ് ആദ്യ രംഗം. പുരുഷോത്തമന്‍ എന്ന വിശേഷണം പാടില്ല എന്നും മേലില്‍ ഇങ്ങനെ ആവര്‍ത്തിക്കരുതെന്നും ദുര്യോധനന്‍ മുന്നറിയിപ്പ് നല്‍കുന്നു. കൃഷ്ണന്‍ വരുമ്പോള്‍ ആരുംതന്നെ എഴുന്നേല്‍ക്കരുതെന്നും ബഹുമാനം പ്രകടിപ്പിക്കരുതെന്നും നിര്‍ദ്ദേശിക്കുന്നു. പാഞ്ചാലീവസ്ത്രാക്ഷേപത്തിന്റെ വലിയ ചിത്രം കൃഷ്ണന്‍ വരുമ്പോള്‍ത്തന്നെ കാണത്തക്ക നിലയില്‍ സദസ്സില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. പാണ്ഡവരോടും ദൂതനായി വരുന്ന കൃഷ്ണനോടുമുള്ള വിദ്വേഷം ഇങ്ങനെ ആദ്യംതന്നെ ദുര്യോധനന്‍ പ്രകടിപ്പിക്കുന്നു. കൃഷ്ണനെ ബഹുമാനിക്കുന്നവര്‍ പന്ത്രണ്ടുഭാരം സ്വര്‍ണം പിഴയായി നല്‍കേണ്ടിവരും എന്ന് ദുര്യോധനന്‍ കല്പിക്കുന്നു. എന്നാല്‍, കൃഷ്ണന്‍ സദസ്സിലേക്കു വന്നപ്പോള്‍ ദുര്യോധനന്‍ ഒഴികെ മറ്റെല്ലാവരും മാസ്മരികതയിലെന്നോണം എഴുന്നേറ്റുനിന്ന് വിനയപൂര്‍വം സ്വാഗതമരുളി. ദുര്യോധനനാകട്ടെ സംഭ്രമംമൂലം സിംഹാസനത്തില്‍നിന്ന് താഴേക്കു വീഴുകയാണുണ്ടായത്.
    പാണ്ഡവര്‍ക്ക് രാജ്യഭാരം അവകാശപ്പെട്ടതാണെന്നും പകുതി രാജ്യമെങ്കിലും അവര്‍ക്കു നല്കണമെന്നും കൃഷ്ണന്‍ അറിയിക്കുന്നു. ഈ നിര്‍ദ്ദേശം സ്വീകാര്യമല്ലെന്നും, പാണ്ഡവര്‍ യഥാര്‍ത്ഥത്തില്‍ പാണ്ഡുപുത്രന്മാരല്ലാത്തതിനാല്‍ അവര്‍ക്ക് രാജ്യഭരണത്തിന് അവകാശമില്ലെന്നുമാണ്  ദുര്യോധനന്‍ അറിയിച്ചത്. കുരുവംശരാജാവായ വിചിത്രവീര്യന്റെ പത്‌നി അംബികയുടെ പുത്രനായ ധൃതരാഷ്ട്രര്‍ ഇതേപോലെ രാജപുത്രനല്ലല്ലോ എന്ന ന്യായം കൃഷ്ണന്‍ തിരിച്ചുപറയുന്നത് ദുര്യോധനനെ പ്രകോപിതനാക്കി. കൃഷ്ണനെ ബന്ധനസ്ഥനാക്കുന്നതിന് ആജ്ഞാപിച്ചു. എന്നാല്‍ ആരും അതിനു മുന്നോട്ടുവരുന്നില്ല എന്നുകണ്ട് ദുര്യോധനന്‍ സ്വയം ആ സാഹസത്തിനു മുതിരുന്നു. കൃഷ്ണന്റെ ദിവ്യായുധങ്ങളായ സുദര്‍ശനം (ചക്രം), കൗമോദകി (ഗദ), പാഞ്ചജന്യം (ശംഖ്) എന്നിവ ദിവ്യരൂപം ധരിച്ച് പ്രത്യക്ഷപ്പെട്ട് കൃഷ്ണന്റെ ആജ്ഞ പാലിക്കുന്നതിനു തയ്യാറായി. ദുര്യോധനനെ വധിക്കുവാന്‍ സന്ദര്‍ഭമുണ്ടാകുന്നതിനുമുമ്പ്, ധൃതരാഷ്ട്രര്‍ കൃഷ്ണനോട് ക്ഷമായാചനം നടത്തുന്നു. ദൗത്യം വിജയിക്കാതെ കൃഷ്ണന്‍ തിരികെപ്പോയി.
    1912ല്‍ തിരുവനന്തപുരത്തിനു സമീപമുള്ള ഒരു ഗൃഹത്തില്‍ നിന്നു ലഭിച്ച താളിയോല ഗ്രന്ഥശേഖരത്തില്‍ നിന്നാണ് ഭാസനാടകങ്ങള്‍ ആദ്യം കിട്ടുന്നത്. മഹാമഹോപാധ്യായ ടി. ഗണപതിശാസ്ത്രികളാണ് ഇവ കണ്ടെടുത്ത് ട്രിവാന്‍ഡ്രം സാന്‍സ്‌ക്രിറ്റ് സീരീസ് എന്ന ഗ്രന്ഥസമുച്ചയത്തിലുള്‍പ്പെടുത്തി പ്രസിദ്ധീകരിച്ചത്.
    വീരരസപ്രധാനമായ ഈ വ്യായോഗത്തില്‍ സ്ത്രീകഥാപാത്രങ്ങളില്ല. വീഥി എന്ന രൂപക (നാടക)ഭേദത്തിലും ഇതിനെ ചിലര്‍ പരിഗണിച്ചിട്ടുണ്ട്. കൃഷ്ണന്റെ ദിവ്യായുധങ്ങള്‍ ദിവ്യരൂപം സ്വീകരിച്ച് കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നതും, കൃഷ്ണന്‍ വരുന്നതിനു മുമ്പുതന്നെ പാഞ്ചാലീവസ്ത്രാക്ഷേപം ചിത്രീകരിച്ച ചിത്രം സദസ്സില്‍ വച്ചിരുന്നതും മഹാഭാരതകഥയില്‍ നിന്നുമുള്ള വ്യതിയാനങ്ങളാണ്. കൃഷ്ണന്റെ ദൂത് ഇതിവൃത്തമാക്കി സംസ്‌കൃതത്തിലും പ്രാദേശിക ഭാഷകളിലും വേറെയും അനേകം കൃതികള്‍ ഉണ്ടായിട്ടുണ്ട്. മേല്പത്തൂര്‍ നാരായണഭട്ടതിരിയുടെ ദൂതവാക്യം പ്രബന്ധം അതില്‍ പ്രമുഖമാണ്. ഭാസനാടകങ്ങള്‍ കേരളീയ അഭിനയകലാരൂപമായ കൂടിയാട്ടത്തിന് ഉപയോഗിച്ചിരുന്നതിനാല്‍ ഇവയ്ക്ക് കേരളത്തില്‍ കൂടുതല്‍ പ്രചാരം ലഭിച്ചിരുന്നു. ദൂതവാക്യം വ്യായോഗത്തിന് മലയാളത്തില്‍ പരിഭാഷയും ഈ കഥ ഇതിവൃത്തമായി ആട്ടക്കഥ, ഗദ്യാനുവര്‍ത്തനം, തുള്ളല്‍ക്കഥ തുടങ്ങിയ സാഹിത്യരൂപങ്ങളുമുണ്ടായി.
    ദൂതവാക്യം വ്യായോഗത്തിന് പന്തളം കേരളവര്‍മ തയ്യാറാക്കിയ പരിഭാഷ 'ഭാഷാദൂതവാക്യം വ്യായോഗം' എന്നറിയപ്പെടുന്നു. മേല്പത്തൂരിന്റെ ദൂതവാക്യം പ്രബന്ധത്തിന് ചുനക്കര ഉണ്ണിക്കൃഷ്ണവാരിയര്‍ പരിഭാഷ രചിച്ചു. ഭാഷാഗദ്യത്തിന്റെ ആദ്യമാതൃകകളിലൊന്നും അജ്ഞാതകര്‍തൃകവുമായ ദൂതവാക്യം ഭാഷാഗദ്യം കൊച്ചി രാമവര്‍മ മഹാരാജാവാണ് പ്രസാധനം ചെയ്തത്. നാടകത്തിന്റെ കേരളീയരൂപമായിരുന്ന കൂടിയാട്ടത്തിന് അഭിനയിക്കുന്നതിനുവേണ്ട രംഗാവിഷ്‌കാര വിശേഷതകള്‍കൂടി നിര്‍ദ്ദേശിച്ചുകൊണ്ടാണ് ഇതിലെ അവതരണം. മലയാളഗദ്യസാഹിത്യത്തിന്റെ അതിപ്രാചീന മാതൃകയായ ഇതിലെ ഒരു ഭാഗം ഇപ്രകാരമാണ്:

    'വിശ്വരൂപിയാകിന വിഷ്ണുഭഗവാനെ പിടിച്ചുകെട്ടാ
    മെന്റു നിനച്ചു ചെന്റണിയിന്റവന്‍ കാണാതൊഴിഞ്ഞ്',
    'ഏനേ പേടിച്ചു നഷ്ടനായോന്‍, തിരോഭവിച്ചാന്‍
    എന്റു ചൊല്ലറ്റരുളിചെയ്തു നില്ക്കിന്റവന്ന് അരികേ
    കാണായി അംബുജേക്ഷണന്‍ തിരുവടിയെ.'

    പില്ക്കാലത്ത് പ്രചാരലുപ്തങ്ങളായ പല പദങ്ങളും ശൈലികളും പ്രയോഗങ്ങളും ഇതിലുണ്ട്.  ഉദാഹരണങ്ങള്‍: അലങ്ങുക (അലയുക), തറാതെ (തെറ്റാതെ), എഴുനിറ്റു (എഴുന്നേറ്റു), പടുക (പെടുക), ഞാങ്ങള്‍ (ഞങ്ങള്‍), നല്‍വരവ് (സ്വാഗതം) തുടങ്ങിയവ. ആനത്തലവങ്ങള്‍, എന്റള്ളടം, ദയാവ്, ശരണ്‍ തുടങ്ങിയ പ്രയോഗങ്ങളും, പുറപ്പെടത്തുടങ്ങീതു, പ്രവര്‍ത്തിക്കത്തുടങ്ങി എന്നിങ്ങനെ പൂര്‍ണക്രിയയില്‍ നടുവിനയെച്ചം ചേര്‍ത്തുള്ള പ്രയോഗങ്ങളും 'പോയ്‌ക്കെടു' തുടങ്ങിയ പ്രാചീന പ്രയോഗങ്ങളും 'മഹാരാജന്‍ ആജ്ഞാപിക്കിന്റോന്‍' എന്നു തുടങ്ങിയ വാക്യനിബന്ധന രീതിയും ഇതിലുണ്ട്. കൊച്ചി വീരകേരളവര്‍മമഹാരാജാവ്, കണ്ടിയൂര്‍ കുഞ്ഞുവാരിയര്‍, കോട്ടയത്ത് അനിഴം തിരുനാള്‍ കേരളവര്‍മത്തമ്പുരാന്‍ എന്നിവര്‍ ദൂതവാക്യം ആട്ടക്കഥകള്‍ രചിച്ചിട്ടുണ്ട്. അജ്ഞാതകര്‍ത്തൃകമായ ദൂതവാക്യം ശീതങ്കന്‍ തുള്ളലില്‍ കുഞ്ചന്‍നമ്പ്യാരുടെ തുള്ളല്‍പ്പാട്ടിന്റെ ശൈലി പ്രകടമാണ്. ദൂതവാക്യം പതിനാലുവൃത്തം കുഞ്ചന്‍നമ്പ്യാര്‍ അമ്പലപ്പുഴയില്‍ വസിക്കുന്ന കാലത്ത് രചിച്ചതാണെന്നു കരുതപ്പെടുന്നു. ഇതിലെ ഏഴാം വൃത്തത്തിലെ (അധ്യായത്തിലെ) എല്ലാ പാട്ടുകളും ദേവനാരായണ എന്ന വാക്കില്‍ അവസാനിപ്പിച്ചിരിക്കുന്നത് അമ്പലപ്പുഴ രാജാവായിരുന്ന ദേവനാരായണനെ പ്രകീര്‍ത്തിക്കുന്നതിനുകൂടിയാണെന്നാണ് വിശ്വാസം.

ഒരു പാട്ട്:

    'കമലാകാന്തന്റെ കാരുണ്യശീലന്റെ
    കമനീയാംഗന്റെ കാമസമാനന്റെ
    ഗമനസന്നാഹം കേട്ടുവിഷാദിച്ചു
    കമനിപാഞ്ചാലി ദേവനാരായണ'

ഈ കൃതിയും അജ്ഞാതകര്‍ത്തൃകമായ ദൂതവാക്യം പാനയും മേല്പത്തൂരിന്റെ ദൂതവാക്യം പ്രബന്ധത്തെ ഉപജീവിച്ച് രചിച്ചവയാണെന്നു കരുതാം.