വയസ്‌കര ആര്യനാരായണന്‍ മൂസ്സ്(1841-1902) രചിച്ചതാണ് ദുര്യോധന വധം ആട്ടക്കഥ. മഹാഭാരതത്തിലെ ചില കഥാസന്ദര്‍ഭങ്ങളുടെ ആട്ടക്കഥാരൂപത്തിലുള്ള ആവിഷ്‌കാരം. ചൂതുകളി, പാണ്ഡവരുടെ വനവാസം, ഭാരതയുദ്ധം എന്നിവ അതില്‍ ചിലതാണ്. അസുരശില്പിയായ മയനാല്‍ നിര്‍മ്മിക്കപ്പെട്ട പാണ്ഡവരുടെ പുതിയ കൊട്ടാരം കൗരവര്‍ സന്ദര്‍ശിക്കാന്‍ വരുന്നത് മുതല്‍ക്കാണ് കഥ. കൊട്ടാരത്തിന്റെ ശില്പിയായ മയന്റെ കരവിരുതു മൂലമുള്ള സ്ഥലജല വിഭ്രാന്തിയില്‍ കൗരവര്‍ അകപ്പെട്ടു. സ്ഫടികനിര്‍മ്മിതമായ തറകളെ ജലാശയമെന്നുകരുതി തങ്ങളുടെ വസ്ത്രങ്ങള്‍ ഉയര്‍ത്തി പാദം കൊണ്ട് തപ്പിത്തപ്പിയാണ് അവര്‍ നടന്നത്. അല്പസമയം കഴിഞ്ഞപ്പോള്‍ യഥാര്‍ത്ഥമായ ജലാശയം കണ്ട് അത് നിലമാണെന്ന് കരുതിയതിനാല്‍ ജലാശയത്തില്‍ മുങ്ങിപ്പോയി. ഇത് കണ്ട് ഭീമസേനന്‍ പരിഹസിച്ച് ഉറക്കെ ചിരിച്ചു, പാഞ്ചാലി മുഖം പൊത്തി. പരിഹാസിതനായി ദുര്യോധനന്‍ ഹസ്തിനപുരിയില്‍ മടങ്ങിയെത്തി, മാതുലനായ ശകുനിയോട് വിവരം പറഞ്ഞു. ഇതിനു പകരം വീട്ടണമെന്ന് അവര്‍ തീരുമാനിച്ചു. ചൂതുകളിയില്‍ സമര്‍ത്ഥനായ ശകുനി കള്ളച്ചൂതില്‍ പാണ്ഡവരെ തോല്പിച്ച് പാണ്ഡവരുടേതായ രാജ്യം, സേന, ധനം എന്നിവയും അതിനുശേഷം സഹോദരന്മാരില്‍ ഓരോരുത്തരെയും പണയവസ്തുവാക്കി. അവസാനം പാഞ്ചാലിയെത്തന്നെയും പണയം വച്ചു. വസ്ത്രാക്ഷേപവും തുടര്‍ന്ന് പാഞ്ചാലിയുടെ ശപഥവും ഇതേത്തുടര്‍ന്നാണ് വരുന്നത്. ശപഥത്തില്‍ ഭയപ്പെട്ട ധൃതരാഷ്ട്രര്‍, പാഞ്ചാലിയുടെ ആവശ്യപ്രകാരം പാണ്ഡവരെ തിരികെ നല്‍കി. വ്യവസ്ഥയനുസരിച്ച് 12 വര്‍ഷം വനവാസവും അന്ത്യത്തില്‍ ഒരു വര്‍ഷം അജ്ഞാതവാസവും നടത്താനായി പാണ്ഡവര്‍ നിയോഗിക്കപ്പെടുന്നു.
    വനവാസവും അജ്ഞാതവാസവും പൂര്‍ത്തിയാക്കി തിരിച്ചെത്തിയ പാണ്ഡവര്‍, തങ്ങളുടെ രാജ്യത്തെ തിരിച്ചുചോദിക്കുന്നതിനായി ശ്രീകൃഷ്ണനെ നിയോഗിക്കുന്നു. യുദ്ധം അനിവാര്യമാണെന്നും പാഞ്ചാലിയുടെ ശപഥം നിറവേറ്റപ്പെടുമെന്നും കൃഷ്ണന്‍ അവരെ അറിയിക്കുന്നു. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ആലവട്ടം, വെഞ്ചാമരം, മുത്തുക്കുട എന്നിവയുമായി കൃഷ്ണന്‍ പോകുന്നു. എല്ലാവരാലും ആദരിക്കപ്പെടുന്ന കൃഷ്ണന്‍ പാണ്ഡവര്‍ക്കായി രാജ്യം ചോദിച്ചു. സൂചികുത്താനിടം നല്‍കില്ല എന്ന് കൗരവര്‍ പറയുന്നു. തുടര്‍ന്നാണ് 18 ദിവസം നീണ്ട കുരുക്ഷേത്രയുദ്ധം ഉണ്ടാകുന്നത്. യുദ്ധത്തില്‍ ദുശ്ശാസനന്‍ രൗദ്രഭീമനാല്‍ വധിക്കപ്പെടുകയും പാഞ്ചാലിയുടെ ശപഥം നിറവേറ്റപ്പെടുകയും ചെയ്യുന്നു.
    ദുര്യോധനവധം എന്ന് പേരെങ്കിലും ദുര്യോധനന്റെ വധം സാധാരണയായി രംഗത്ത് അവതരിപ്പിക്കാറില്ല. ദുശ്ശാസനന്റെ വധത്തോടെ അവസാനിപ്പിക്കുകയാണ് പതിവ്. എന്നാല്‍, സമ്പൂര്‍ണ്ണ ദുര്യോധനവധം എന്ന പേരില്‍ ഇതെല്ലാം ഉള്‍പ്പെടുത്തിയും അവതരിപ്പിച്ച് വരുന്നുണ്ട്. ദുശ്ശാസനവധം അവതരിപ്പിക്കുന്നത് പ്രത്യേകമായാണ്. ഈ സമയത്ത് രണ്ട് മദ്ദളം, രണ്ട് ചെണ്ട എന്നിവയാണ് ഉപയോഗിക്കുന്നത്. കൂടാതെ ഭീമന്‍ സാധാരണ വേഷത്തില്‍ നിന്നും മാറി, ഭയപ്പെടുത്തുന്ന രീതിയില്‍ വേഷംകെട്ടി വരുന്നു. ദുശ്ശാസനവധം കഴിഞ്ഞ് അടക്കാനാവാത്ത രൗദ്രത്തോടെ നില്‍ക്കുന്ന ഭീമനെ കൃഷ്ണന്‍ വന്ന് സമാധാനിപ്പിച്ച് അനുഗ്രഹിക്കുന്നതാണ് അവസാനരംഗം.