ആവശ്യപ്പെടാതെ ജനിച്ചവനാണ് അപ്പു. അവന്‍ സ്വന്തം ജനനത്തെയും ജീവിതത്തെയും വെറുത്തുകൊണ്ട് ജീവിക്കുന്നു. അവന്‍ ആഗ്രഹിക്കുന്നത് മരണം എന്ന വിശ്രാന്തിയെയാണ്. അത് ഗര്‍ഭപാത്രത്തിലെ ശിശുവിന്റെ വിശ്രാന്തിയായി ഇവിടെ അവതരിപ്പിക്കുന്നു. അമ്മയുടെ ഗര്‍ഭപാത്രത്തിലേക്ക് കയറി അവിടെ വിശ്രമം നുകരാനുള്ള അപ്പുവിന്റെ ആഗ്രഹം പ്രകടമാകുന്നത് സ്ത്രീയോടുള്ള അദമ്യമായ ഭ്രമത്തിലാണ്. സ്ത്രീയെ മരണത്തിന്റെ പ്രതീകമായ നിത്യവിശ്രാന്തിയുടെ ഇരിപ്പിടമായി കണ്ടെത്തുന്നു. അയാള്‍ സ്ത്രീയില്‍ ശൂന്യതയെ തിരയുമ്പോള്‍ സ്ത്രീ അയാളില്‍ അസ്തിത്വം അന്വേഷിക്കുന്നു. അസ്തിത്വം സിദ്ധിക്കാതെ സ്ത്രീകള്‍ അയാളില്‍നിന്നും പിന്‍വാങ്ങുന്നു. അതു നല്‍കാനാവില്ലന്നറിഞ്ഞ അയാള്‍ സ്ത്രീയില്‍ നിന്നും പിന്‍വലിയുന്നു. ഇത്തരത്തില്‍ വ്യക്തിയുടെ അഭാവവല്‍ക്കരണത്തിന്റെ ആവിഷ്‌ക്കാരമാണ് ഈ ലോകം അതിലൊരു മനുഷ്യന്‍.