വിഖ്യാത കൊളംബിയന്‍ സാഹിത്യകാരന്‍ ഗബ്രിയേല്‍ ഗാര്‍ഷിയ മാര്‍ക്വേസിന്റെ മാസ്റ്റര്‍ പീസായ നോവലാണ് ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ (One Hundred years of Solitude). സ്പാനിഷ് ഭാഷയില്‍ 1967ല്‍ പുറത്തിറങ്ങിയ ഈ നോവല്‍ 1982ലെ സാഹിത്യ നൊബേല്‍ പുരസ്‌കാരം നേടി. മാജിക്കല്‍ റിയലിസം എന്ന സാഹിത്യ രീതിയില്‍ പിറവിയെടുത്ത ഈ നോവല്‍ മാര്‍ക്വേസിനെ ലാറ്റിനമേരിക്കയില്‍ മുന്‍ നിര സാഹിത്യ കാരനാക്കി.1967ല്‍ സ്പാനിഷ് ഭാഷയില്‍ പ്രസിദ്ധീകരിച്ച ഈ നോവല്‍ പിന്നീട് 37ല്‍ അധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുകയുണ്ടായി.
മക്കോണ്ട എന്ന ഗ്രാമത്തിലെ ബുവെന്‍ണ്ടിയ കുടുംബത്തിന്റെ ഏഴ് തലമുറകളുടെ കഥയാണ് ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ പറയുന്നത്. ഒരു പുതിയ ജീവിതം സ്വപ്നം കണ്ട് ജോസ് അര്‍ക്കേഡിയോ ബുവെണ്ടിയ, ഭാര്യ ഉര്‍സുല ഇഗ്വറാന്‍ എന്നിവര്‍ കൊളംബിയയിലെ റിയോഹച്ച് ഉപേക്ഷിച്ച് യാത്ര തിരിക്കുന്നു. ഒരു നദീതടത്തിലെ വിശ്രമത്തിനിടക്ക് ജോസ് അര്‍ക്കേഡിയൊ പൂര്‍ണമായും കണ്ണാടികൊണ്ട് നിര്‍മിതമായ മക്കോണ്ട എന്ന നഗരം സ്വപ്നം കാണുന്നു. തുടര്‍ന്ന് അതേ നദീതടത്തില്‍ ഏറെ നാളത്തെ അലച്ചിലിനൊടുവില്‍ അദ്ദേഹം മക്കോണ്ട സ്ഥാപിക്കുന്നു. തങ്ങള്‍ക്ക് ചുറ്റുമുള്ള ലോകവും പിന്നീട് ജോസ് അര്‍ക്കേഡിയൊ സ്വന്തം വീക്ഷണങ്ങള്‍ക്കനുസരിച്ചു നിര്‍മ്മിക്കുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മക്കോണ്ടയില്‍ അത്ഭുതാവഹവും, അനിതരസാധാരണവുമായ സംഭവങ്ങള്‍ അരങ്ങേറുന്നു. കഥാന്ത്യത്തില്‍ കണ്ണാടികളാല്‍ നിര്‍മിതമായ മക്കോണ്ട ഒരു കൊടുങ്കാറ്റിനെത്തുടര്‍ന്ന് നശിക്കുന്നു.ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍, കൊളംബിയയുടെ ചരിത്രം തന്നെയായാണ് കണക്കാക്കുന്നത്. സ്പാനിഷ് കോളനി വല്‍ക്കരണത്തിനുശേഷം ലാറ്റിനമേരിക്കയില്‍ ഉണ്ടായ സാംസ്‌കരിക, സാമുഹിക, രാഷ്ട്രീയ മാറ്റങ്ങള്‍, ഈ നോവല്‍ വരച്ചുകാട്ടുന്നുണ്ട്.