സി.കെ. ചന്ദ്രപ്പന്‍
ഹരിതം ബുക്‌സ്

    കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പ്രമുഖ നേതാക്കളിലൊരാളായിരുന്ന സി.കെ. ചന്ദ്രപ്പന്റെ ആത്മകഥയാണ് എന്റെ ഇന്നലെകള്‍. തായാട്ട് പബ്ലിക്കേഷന്‍ സംരംഭമായ ഹരിതം ബുക്‌സാണ് ഈ കൃതി പ്രസിദ്ധീകരിച്ചത്.വൈക്കം സത്യാഗ്രഹത്തിന് ശേഷവും സാമൂഹിക അസമത്വം വിളയാടിയിരുന്ന കാലത്ത് പാണാവള്ളി സി.ജി. സദാശിവന്‍ തന്റെ അച്ഛന്‍ സി.കെ. കുമാരപ്പണിക്കരെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് കൊണ്ടുവന്നതും അങ്ങനെ പ്രദേശത്തെ സമ്പന്നന്‍മാരിലൊരാളായ കുമാരപ്പണിക്കര്‍ തൊഴിലാളി നേതാവായി വളര്‍ന്നതും 'ജന്‍മി കമ്മ്യൂണിസ്റ്റാവുന്നു' എന്ന ഭാഗത്തില്‍ വിവരിക്കുന്നു.പുന്നപ്രവയലാര്‍ ആക്ഷന്‍ എന്ന് ആരംഭിക്കണമെന്ന് ആലോചിക്കാന്‍ ആലപ്പുഴയില്‍ ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകാരും ഒന്നിച്ച് ദിവാന്‍ സി.പി. രാമസ്വാമി അയ്യര്‍ക്ക് എതിരായ മുന്നേറ്റമാണ് ആവശ്യമെന്ന് പ്രഖ്യാപിച്ചതും യോഗം ആ തീരുമാനം അംഗീകരിച്ചതും അദ്ദേഹം വിവരിക്കുന്നു. വയലാര്‍ സമരം ആരംഭിക്കാനുള്ള നീക്കം തന്റെ ചാരപ്പോലീസ് വഴി മണത്തറിഞ്ഞ ദിവാന്‍ വയലാറില്‍ പട്ടാള ഭരണം പ്രഖ്യാപിച്ചു. നിരോധനാജ്ഞ പുറപ്പെടുവിച്ചുകൊണ്ട് വിമാനത്തിലൂടെ നോട്ടീസ് വിതരണം ചെയ്തു. പട്ടാള വണ്ടികള്‍ തലങ്ങും വിലങ്ങും പാഞ്ഞതുമെല്ലാം സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന ചന്ദ്രപ്പനെന്ന കുട്ടിയില്‍ ഉയര്‍ത്തിയ ആശങ്കകള്‍ 'വിമാനത്തില്‍ നിന്നു വീണ നോട്ടീസ്' എന്ന അധ്യായത്തിലുണ്ട്.
ചന്ദ്രപ്പന്‍ ചേര്‍ത്തല സ്‌കൂളില്‍ ഫസ്റ്റ് ഫോമില്‍ പഠിക്കുമ്പോഴായിരുന്നു പുന്നപ്രവയലാര്‍ സമരം നടന്നത്. ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്തിന് തൊട്ടടുത്തായിരുന്നു വയലാര്‍ രവിയുടെ വീട്. വ്യത്യസ്ത രാഷ്ട്രീയപ്രസ്ഥാനങ്ങളില്‍ ഉള്‍പ്പെട്ടവരായിരുന്നെങ്കിലും വയലാര്‍ രവിയുടെ കുടുംബമാണ് സമരകാലത്ത് തന്റെ കുടുംബത്തെ സഹായിച്ചതെന്ന് അദ്ദേഹം അനുസ്മരിക്കുന്നു. രവിയുടെ കൈപിടിച്ച് സ്‌കൂളില്‍ പോയിരുന്നതും സ്‌കൂളില്‍വച്ച് എ.കെ. ആന്റണിയെ പരിചയപ്പെട്ടതുമെല്ലാം ആത്മകഥയുടെ ആദ്യഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്നു.പില്‍ക്കാലത്ത് അച്ഛന്റെ സമരപാത പിന്തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തിയ ചന്ദ്രപ്പന്‍ കോളേജ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ വീട്ടുകാരറിയാതെ ഗോവാ സമരത്തില്‍ പങ്കെടുത്തതും വിമോചനസമരത്തെത്തുടര്‍ന്ന് പഠനം മുടങ്ങിയതും ആദ്യഭാഗത്തിലുണ്ട്.ബുലുറോയ് ചൗധരിയുമായുണ്ടായിരുന്ന തന്റെ പ്രേമവും വിവാഹവും ചന്ദ്രപ്പന്‍ പ്രതിപാദിക്കുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പും അതിനാധാരമായ സംഭവങ്ങളുമാണ് മൂന്നാം ഭാഗത്തിലുള്ളത്.