വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയ മലയാള നോവലാണ് ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്. 1951ലാണ് ഈ നോവല്‍ പ്രസിദ്ധീകരിച്ചത്. മുസ്‌ലിം സമൂഹത്തില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള ഒരു കടന്നാക്രമണമായിരുന്നു ഈ നോവല്‍. ഈ വെളിച്ചത്തിനെന്തു വെളിച്ചം എന്ന ബഷീറിന്റെ വിഖ്യാതമായ പദപ്രയോഗം ഈ നോവലിലാണുള്ളത്. തങ്ങളുടെ കുറവുകള്‍ മറയ്ക്കാന്‍ ആളുകള്‍ പോയകാല പ്രതാപത്തെക്കുറിച്ച് ഊറ്റം കൊള്ളുന്നതിനെ കളിയാക്കാനായാണ് ബഷീര്‍ ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന് എന്ന പേരിലൂടെ ശ്രമിക്കുന്നത്. 'ആന ഉണ്ടാര്‍ന്ന' തറവാട്ടിലെ കാരണവത്തിയായതിനാല്‍ പട്ടിണിയാണെങ്കിലും മെതിയടിയിട്ട് തത്തി തത്തി നടക്കുന്ന ഉമ്മയെ മകള്‍ കുഞ്ഞുപാത്തുമ്മ അത് 'കുയ്യാന' (കുഴിയാന) ആയിരുന്നു എന്ന് പറഞ്ഞു പരിഹസിക്കുന്നു. കുഞ്ഞുപാത്തുമ്മ ഒരു സാധാരണ ഗ്രാമീണ മുസ്‌ലിം പെണ്‍കുട്ടിയാണ്. നിഷ്‌കളങ്കയും നിരക്ഷരയുമായ അവള്‍, നിസ്സാര്‍ അഹമ്മദ് എന്നു പേരായ വിദ്യാസമ്പന്നനും പുരോഗമന ചിന്താഗതിക്കാരനും പട്ടണത്തില്‍ വളര്‍ന്നവനുമായ ചെറുപ്പക്കാരനുമായി പ്രണയത്തിലാകുന്നു. വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് മുസ്ലിം സമുദായക്കാരെ ബോധ്യപ്പെടുത്തുന്നതാണ് നോവല്‍.