12 ,13 നൂറ്റാണ്ടുകളില്‍ ഒറീസയില്‍ ജീവിച്ചിരുന്ന ജയദേവന്‍ എഴുതിയ സംസ്‌കൃത കാവ്യ പ്രബന്ധമാണ് ഗീതഗോവിന്ദം. ഇത് കേരളത്തില്‍ അഷ്ടപദി എന്ന പേരിലും അറിയപ്പെടുന്നു. ജയദേവസരസ്വതി എന്നും ഗീതഗോവിന്ദത്തെ വിളിക്കാറുണ്ട്. ഓരോ ഗീതത്തിലും എട്ടു പദങ്ങള്‍ വീതമുള്ളതിനാലാണ് അഷ്ടപദി എന്ന പേര്. കേരളീയ ക്ഷേത്രങ്ങളില്‍ കൊട്ടിപ്പാടിസേവ, സോപാന സംഗീതം എന്നിവയ്ക്ക് ഈ ഗീതങ്ങളാണ് പ്രധാനമായും പാടുന്നത്. ഒറീസാ സംസ്ഥാനത്തിലെ ഖുര്‍ദ ജില്ലയിലെ കെന്ദുലി എന്ന ഗ്രാമത്തിലാണ് ജയദേവന്‍ ജനിച്ചത്. ജയദേവ ഗോസ്വാമി എന്നായിരുന്നു യഥാര്‍ത്ഥനാമം. 12, 13 നൂറ്റാണ്ടുകളാണ് ഇദ്ദേഹത്തിന്റെ ജീവിത കാലഘട്ടം. ഭോജദേവനും വാമദേവിയുമായിരുന്നു മാതാപിതാക്കള്‍. കൃഷ്ണഭക്തനായിരുന്ന ജയദേവന്‍ പുരി ജഗന്നാഥ ക്ഷേത്രത്തിലെ നിത്യ സന്ദര്‍ശകനായിരുന്നു എന്ന് പറയപ്പെടുന്നു. ഏഴാമത്തെ അഷ്ടപദിയിലെ എട്ടാമത്തെ പദത്തിലെ 'കിന്ദുവില്വസമുദ്ര സംഭവ രോഹിണീ രമണേന' എന്ന പ്രയോഗം കൊണ്ട് ജയദേവ കവി ജനിച്ചത് 'കിന്ദുവില്വം' എന്ന സ്ഥലത്താണെന്നു കരുതുന്നു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ വംഗദേശം (ബംഗാള്‍) ഭരിച്ചിരുന്ന ലക്ഷ്മണ സേനന്റെ സദസ്യരായിരുന്ന 'പഞ്ചരത്‌നകവികളില്‍' ഒരാളായിരുന്നു ജയദേവകവി. ജയദേവന്‍ ജനിച്ചത് ഒരു ബുദ്ധ കുടുംബത്തിലായിരുന്നു എന്നും വാദമുണ്ട്. കൊണാര്‍ക്ക് സൂര്യ ക്ഷേത്രത്തിനു സമീപമുള്ള കൂര്‍മ്മപടക എന്ന സ്ഥലത്ത് നിന്നാണ് ജയദേവന് വിദ്യാഭ്യാസം സിദ്ധിച്ചത് എന്ന് പറയുന്നു. ദേവദാസി ആയിരുന്ന പദ്മാവതിയെയാണ് ജയദേവന്‍ വിവാഹം കഴിച്ചത്. തന്നേക്കാള്‍ കൃഷ്ണഭക്തയായിരുന്ന പദ്മാവതിയോടുള്ള ബഹുമാനാര്‍ത്ഥം, ജയദേവന്‍ 'പദ്മാവതീ ചരണ ചാരണ ചക്രവര്‍ത്തീ' എന്നു സ്വയം വിശേഷിപ്പിക്കുന്നുണ്ട്. അദ്ദേഹം 'അജോയ്' എന്നു പേരുള്ള നദീതീരത്തു വച്ച് സമാധിയടഞ്ഞു.
    ശ്രീ മഹാഭാഗവതത്തിലെ ദശമ സ്‌കന്ധത്തില്‍ പ്രതിപാദിച്ചിരിക്കുന്ന രാസ ലീലയാണ് ഗീതഗോവിന്ദത്തിന്റെ അടിസ്ഥാന കഥ. ഗീതഗോവിന്ദം തുടങ്ങുന്നത് 'മേഘൈര്‍മേദുരമംബരം ' എന്ന ശ്ലോകത്തോടെയാണ്. ഗര്‍ഗ്ഗസംഹിത ഗോലോക ഖണ്ഡം പതിനാറാം അദ്ധ്യായത്തില്‍ നിന്നുള്ള 'മേഘൈര്‍ഭൂന്മേദുരമംബരം ച തമാലനീപദ്രുമപല്ലവൈശ്ച' എന്ന ശ്ലോകത്തിന്റെ അനുകരണമാണിത്. തന്റെ തോഴനായ കൃഷ്ണന്‍ മറ്റു ഗോപികമാരുടെ കൂടെ രാസക്രീഡയില്‍ ഏര്‍പ്പെടുന്നത് കണ്ട് അത്യന്തം ദു:ഖിതയും ഗര്‍വിതയുമായ രാധയെ കൃഷ്ണന്‍ വിട്ടു പിരിഞ്ഞുപോകുന്നു. എന്നാല്‍ വിരഹം സഹിക്ക വയ്യാതെ കൃഷ്ണന്‍ തിരികെയെത്തി രാധയെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നു. ഒരു രാത്രിയോളം പിണങ്ങി നിന്ന രാധയെ പ്രേമം കൊണ്ട് വീര്‍പ്പുമുട്ടിച്ച് കൃഷ്ണന്‍ ആനന്ദഭരിതനാക്കുന്നു. അങ്ങനെ ഇരുവരും പുന: സംഗമിക്കുന്നു. ഇതാണ് കഥാ സന്ദര്‍ഭം.
    മഴപെയ്യാനായി ആകാശം ഇരുളുന്നതും മേഘാവൃതമാകുന്നതും, തമാല വൃക്ഷങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നതും കാണുമ്പോള്‍ പേടിക്കുന്നവനാണ് കൃഷ്ണനെന്ന് അറിയാവുന്ന നന്ദഗോപര്‍, കൃഷ്ണനെ വേഗം കൂട്ടികൊണ്ടു വരാന്‍ രാധയോട് ആവശ്യപ്പെടുന്നു. അങ്ങനെ ഗൃഹത്തിലേക്ക് മടങ്ങുന്ന കൃഷ്ണനും രാധയും ഇടയ്ക്ക് കാണുന്ന വള്ളിക്കുടിലുകളില്‍ കയറി രാസക്രീഡയില്‍ ഏര്‍പ്പെടുന്നു. ഈ കേളികള്‍ സര്‍വോത്കര്‍ഷേണ വിജയിക്കുന്നു. ഇതാണ് മംഗള ശ്ലോകത്തിലെ പ്രസ്താവം. ശൃംഗാര രസമാണ് ഈ കൃതിയില്‍ അടങ്ങിയിട്ടുള്ളത്. പ്രേമ പാരവശ്യതയാണ് ഇതിലെ സാര്‍വത്രിക ഭാവം.
    
കാവ്യകഥന രീതി

    ഈ പ്രബന്ധത്തിന് 12 സര്‍ഗങ്ങളാണുള്ളത്. 93 ശ്ലോകങ്ങളും എട്ടു പദങ്ങള്‍ (വരികള്‍) വീതമുള്ള 24 ഗീതങ്ങളും ഗീതഗോവിന്ദത്തിലുണ്ട്. എന്നാല്‍ ഒന്നാമത്തെ അഷ്ടപദിയില്‍ 11 പദങ്ങളും പത്താം അഷ്ടപദിയില്‍ 5 പദങ്ങളുമാണുള്ളത്. ബാക്കിയുള്ള എല്ലാ അഷ്ടപദികളിലും എട്ട് പദങ്ങള്‍ വീതമുണ്ട്. വൃത്ത നിബദ്ധങ്ങളായ ഈ ഗീതങ്ങള്‍ അഥവാ അഷ്ടപദികള്‍ പാടേണ്ടുന്ന രാഗങ്ങളെക്കുറിച്ചും അതില്‍ പറയുന്നുണ്ട്. ഇതിലെ പന്ത്രണ്ടു സര്‍ഗങ്ങള്‍ക്കും ഉചിതമായ ശീര്‍ഷകങ്ങള്‍ കൊടുത്തിട്ടുണ്ട്.

    12 സര്‍ഗങ്ങള്‍:

    സാമോദ ദാമോദരം
    അക്‌ളേശകേശവം
    മുഗ്ധമധുസൂദനം
    സ്‌നിഗ്ധമധുസൂദനം
    സാകാംക്ഷ പുണ്ഡരീകാക്ഷം
    സോത്കണ്ഠ വൈകുണ്ഠം
    നാഗരികനാരായണം
    വിലക്ഷ്യലക്ഷ്മീപതി
    മുഗ്ധഗോവിന്ദം
    ചതുരചതുര്‍ഭുജം
    സാനന്ദഗോവിന്ദം
    സുപ്രീതപീതാംബരം

 ഇതില്‍ ഉപയോഗിച്ചിരിക്കുന്ന 20 രാഗങ്ങളും താളങ്ങളും:

    മാളവിഒന്നാം അഷ്ടപദി (അടതാളം)
    ഗുഞ്ജരിരണ്ടാം അഷ്ടപദി (അടതാളം),
    അഞ്ചാം അഷ്ടപദി (രൂപകതാളം),
    ഏഴാം അഷ്ടപദി (ഏകതാളം)
    വസന്തംമൂന്നാം അഷ്ടപദി (അടതാളം)
    രാമക്രിയനാലാം അഷ്ടപദി (ഏകതാളം)
    ഗുഞജക്രിയആറാം അഷ്ടപദി (ഏകതാളം)
    കര്‍ണാടകംഎട്ടാം അഷ്ടപദി (ഏകതാളം)
    ദേശാക്ഷിഒന്‍പതാം അഷ്ടപദി (ഏകതാളം)
    വരാളിപത്താം അഷ്ടപദി (രൂപകതാളം)
    മാളവഗൌഡപതിനൊന്നാം അഷ്ടപദി (ഏകതാളം)
    ശങ്കരാഭരണംപന്ത്രണ്ടാം അഷ്ടപദി (അടതാളം)
    ആഹരിപതിമൂന്നാം അഷ്ടപദി (ചമ്പതാളം)
    കേദാരഗൌളംപതിനാലാം അഷ്ടപദി (അടതാളം)
    മുഖാരിപത്തൊന്‍പതാം അഷ്ടപദി (ചമ്പതാളം),
    തിനഞ്ചാം,അഷ്ടപദി (അടതാളം)
    പുന്നാഗവരാളിപതിനാറാം അഷ്ടപദി (അടതാളം)
    ബലഹരിപതിനേഴാം അഷ്ടപദി (രൂപകതാളം)
    മധ്യമാവതിപതിനെട്ടാം അഷ്ടപദി (ഏകതാളം)
    രുപത്തി രണ്ടാം അഷ്ടപദി (ഏകതാളം)
    ഭൈരവിഇരുപതാം അഷ്ടപദി (ഏകതാളം)
    വരാളിഇരുപത്തൊന്നാം അഷ്ടപദി (ചമ്പതാളം)
    നാഥനാമാഗ്രിഇരുപത്തി മൂന്നാം അഷ്ടപദി (ഏകതാളം)
    മംഗളകൌശികംഇരുപത്തി നാലാം അഷ്ടപദി (ഏകതാളം)