പ്രശസ്ത ഭാഷാസാഹിത്യ പണ്ഡിതനും കേരളചരിത്രകാരനുമായ പ്രൊഫ. ഇളംകുളം പി.എന്‍. കുഞ്ഞന്‍പിള്ളയുടെ കേരളചരിത്ര സംബന്ധിയായ കൃതികളുടെ സമാഹാരമാണിത്. കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകള്‍, ചില കേരളചരിത്ര പ്രശ്‌നങ്ങള്‍-3 ഭാഗം, ജന്മിസമ്പ്രദായം കേരളത്തില്‍, കേരളം അഞ്ചും ആറും നൂറ്റാണ്ടുകളില്‍, ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍, ചേരസാമ്രാജ്യം ഒമ്പതും പത്തും നൂറ്റാണ്ടുകളില്‍, അന്നത്തെ കേരളം എന്നീ കൃതികളിലായി വ്യാപിച്ചുകിടക്കുന്ന 57 ലേഖനങ്ങളെ പ്രതിപാദ്യവിഷയത്തിനനുസരിച്ച് സംഘകാലം, ആയ്‌രാജവംശം, രണ്ടാംചേരസാമ്രാജ്യം, തുളുനാട്, വേണാട്/തിരുവിതാംകൂര്‍ എന്നിങ്ങനെ അഞ്ചു ഖണ്ഡങ്ങളിലായി പുന:ക്രമീകരിച്ചിരിക്കുന്നു. പോര്‍ച്ചുഗീസുകാരുടെ വരവിനുമുമ്പുള്ള പ്രാചീനകേരള ചരിത്രം സംഘകാലംമുതല്‍ ഏറെക്കുറേ ക്രമാനുഗതമായിത്തന്നെ ഇതില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഐതിഹ്യങ്ങളിലും കെട്ടുകഥകളിലും കുടുങ്ങിക്കിടന്ന ആദ്യകാല കേരളചരിത്രത്തെ ചരിത്രരേഖകളുടെ അടിസ്ഥാനത്തില്‍ പുന:സൃഷ്ടിച്ചിരിക്കുന്ന പൗഢമായ ഈ കൃതി ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും ഭാഷാസാഹിത്യപഠിതാക്കള്‍ക്കും ഒരുപോലെ പ്രയോജനപ്രദമാണ്.