കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന ഐതിഹ്യങ്ങളെല്ലാം സമ്പാദിച്ച് എട്ടു ഭാഗങ്ങളിലായി 25 വര്‍ഷങ്ങള്‍ക്കിടയിലായി  (1909 മുതല്‍ 1934 വരെ) കൊട്ടാരത്തില്‍ ശങ്കുണ്ണി രചിച്ച ബൃഹദ്ഗ്രന്ഥമാണ് ഐതിഹ്യമാല. സാഹിത്യവിദ്യാര്‍ത്ഥികള്‍ക്കും ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ഒന്നു പോലെ ഉപയോഗപ്രദമായ ഗ്രന്ഥമാണിത്.ചരിത്രവും പുരാണവും ചൊല്‍ക്കേള്‍വിയും കെട്ടുപിണഞ്ഞു പ്രചരിച്ചിരുന്ന കഥകളെല്ലാം 126 ലേഖനങ്ങളിലായി തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. ചെറിയ കുട്ടികള്‍ക്കുപോലും കൗതുകം വളര്‍ത്തുന്ന വിധത്തിലാണ് ഐതിഹ്യമാലയിലെ വര്‍ണ്ണനകള്‍. വേണ്ടത്ര തെളിവുകളില്ലെങ്കിലും, ചരിത്രവും ഇഴപിരിഞ്ഞു കിടക്കുന്നു.പണ്ഡിതസമൂഹത്തിനിടയിലും ആഢ്യകുലത്തിന്റെ സൊറപറയല്‍ വേദികളിലും മാത്രം ഒതുങ്ങിനിന്നിരുന്ന ഐതിഹ്യസാഹിത്യത്തെ സാധാരണക്കാര്‍ക്കിടയിലേക്കു കൊണ്ടുവരാന്‍ ഐതിഹ്യമാല വഹിച്ച പങ്കു വളരെ വലുതാണ്. പില്‍ക്കാലത്ത് മലയാളത്തില്‍ വേരുറപ്പിച്ചിട്ടുള്ള പല കഥാപാത്രങ്ങളും ആദ്യം എഴുത്തില്‍ പ്രത്യക്ഷപ്പെട്ടത് ഈ കൃതിയിലൂടെയാണ്. ഒരുപക്ഷേ ഐതിഹ്യമാല ഉണ്ടായിരുന്നില്ലെങ്കില്‍ പറയിപെറ്റ പന്തിരുകുലവും ആ കുലത്തിലെ 'പന്തിരു'നായകന്മാരും കേരളത്തില്‍ ഇത്രയും പ്രസിദ്ധമാകുമായിരുന്നില്ല. അതുപോലെത്തന്നെയാണ് 'കടമറ്റത്തു കത്തനാര്‍', 'കായംകുളം കൊച്ചുണ്ണി','കുളപ്പുറത്തു ഭീമന്‍', എന്നീ വീരനായകന്മാരും 'പാഴൂര്‍ പടിപ്പുര', 'കല്ലൂര്‍ മന', 'പാണ്ടന്‍പുറത്തെ ഉപ്പുമാങ്ങ' തുടങ്ങിയ സ്ഥല, സാമഗ്രികളും പരിചിതമായി
മലയാളമനോരമ, ഭാഷാപോഷിണി തുടങ്ങിയ പത്രങ്ങളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കണ്ടത്തില്‍ വറുഗീസുമാപ്പിളയും കൊട്ടാരത്തില്‍ ശങ്കുണ്ണിയും സുഹൃത്തുക്കളോടൊപ്പം എന്നും വൈകീട്ട് മനോരമ ആപ്പീസില്‍ ഒത്തുകൂടാറുണ്ടായിരുന്നു. ആ അവസരങ്ങളില്‍, നേരമ്പോക്കുകള്‍ പറയുന്നതിനിടയില്‍ ശങ്കുണ്ണി ധാരാളം ഐതിഹ്യങ്ങളും പറഞ്ഞുകേട്ട ചരിത്രകഥകളും ഉദ്ധരിക്കാറുമുണ്ടായിരുന്നു. ക്രമേണ ശങ്കുണ്ണിയുടെ കഥാകഥനം ഈ സദസ്സുകളിലെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി. ഒരു നാള്‍ വറുഗീസു മാപ്പിള ശങ്കുണ്ണിയോട് ഇക്കഥകളെല്ലാം ഉപന്യാസങ്ങളായി എഴുതി മനോരമയിലും ഭാഷാപോഷിണിയിലും പ്രസിദ്ധീകരിക്കാന്‍ നിര്‍ദ്ദേശിച്ചു. അതനുസരിച്ച് ശങ്കുണ്ണി അത്തരം ഐതിഹ്യോപന്യാസങ്ങള്‍ എഴുതിത്തയ്യാറാക്കി. ഭാഷാപോഷിണി ത്രൈമാസികത്തിന്റെ കൊ.വ.1073 കുംഭം,മീനം,മേടം (ക്രി.വ. 1898)പതിപ്പില്‍ ഐതിഹ്യമാലയിലെ ആദ്യലേഖനമായ 'പറയി പെറ്റ പന്തിരുകുലം' അച്ചടിച്ചുവന്നു. തുടര്‍ന്ന് ശങ്കുണ്ണി എഴുതിയ ഉപന്യാസങ്ങളെല്ലാം തന്നെ വായനക്കാര്‍ക്ക് അത്യന്തം ആസ്വാദ്യജനകമായി മാറി.
കൊ.വ.1084 മകരമാസത്തില്‍ 'ലക്ഷ്മീഭായി' എന്ന മാസികയുടെ മാനേജരായിരുന്ന വെള്ളായ്ക്കല്‍ നാരായണമേനോന്‍ തന്റെ 'ലക്ഷ്മീഭായി ഗ്രന്ഥാവലി'യിലേക്ക് ഐതിഹ്യമാല ഒരു പുസ്തകമായി ചേര്‍ക്കുവാന്‍ ശങ്കുണ്ണിയോട് സമ്മതം ചോദിച്ചു. ശങ്കുണ്ണി സസന്തോഷം അതു സമ്മതിക്കുകയും അതുവരെ തയ്യാറാക്കിയിട്ടുണ്ടായിരുന്ന 21 കഥകളും അയച്ചുകൊടുക്കുകയും ചെയ്തു.താമസിയാതെ 'ലക്ഷ്മീഭായി' മാസിക അടച്ചുപൂട്ടുകയും തൃശൂരിലെ മംഗളോദയം അച്ചുകൂടം കമ്പനി ഐതിഹ്യമാലയുടെ തുടര്‍ന്നുള്ള പ്രകാശനം ഏറ്റെടുക്കുകയും ചെയ്തു. 1973ല്‍ മംഗളോദയം മൃതപ്രായമാവുന്നതുവരേയ്ക്കും അവരായിരുന്നു ഐതിഹ്യമാലയുടെ പ്രസാധകര്‍.1974 മുതല്‍ 'കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരക സമിതി' ഏറ്റെടുത്ത് രണ്ടു ഭാഗങ്ങളാക്കി പുനപ്രസിദ്ധീകരിച്ചു. വിതരണം നാഷണല്‍ ബുക്‌സ് ആയിരുന്നു. 1978 മുതല്‍ സമിതിക്കുവേണ്ടി 'കറന്റ് ബുക്‌സ്' സമ്പൂര്‍ണ്ണ ഐതിഹ്യമാല ഒറ്റ ഭാഗമായി പ്രസിദ്ധീകരണം തുടര്‍ന്നു.
1974 മുതലുള്ള കണക്കനുസരിച്ച് ഐതിഹ്യമാലയുടെ രണ്ടുലക്ഷത്തിലധികം കോപ്പികള്‍ ഇതിനകം അച്ചടിച്ചിറങ്ങി.