മലയാളസാഹിത്യചരിത്രം വിശദീകരിക്കുന്ന പ്രമുഖ ഗ്രന്ഥമാണ് എന്‍. കൃഷ്ണപിള്ള രചിച്ച കൈരളിയുടെ കഥ. 1958 ജൂണില്‍ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടു. മലയാളഭാഷയുടേയും സാഹിത്യത്തിന്റെയും ഉല്‍പ്പത്തി മുതല്‍ സമകാലീന അവസ്ഥ വരെ ഇരുപതു നൂറ്റാണ്ടുകളിലായി പരന്നുകിടക്കുന്ന ചരിത്രമാണ് ഈ ഗ്രന്ഥത്തില്‍. മറ്റു സാഹിത്യചരിത്രകൃതികളില്‍നിന്നു വ്യത്യസ്തമായി തികച്ചും ലളിതമാണ് ഗ്രന്ഥം. പണ്ഡിതന്മാരായ വായനക്കാരെ സംതൃപ്തരാക്കുവാനല്ല, പകരം സാധാരണക്കാര്‍ക്കു് മലയാളഭാഷയുടെ ചരിത്രം എളുപ്പം വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയാണ് ഈ ഗ്രന്ഥമെന്ന് ഗ്രന്ഥകര്‍ത്താവുതന്നെ തന്റെ ആമുഖത്തില്‍ പറയുന്നു.