മേഘദൂതത്തെ അനുകരിച്ച് ദേവദാസികളെയും ഗണികകളെയും നായികമാരാക്കി എഴുതിയ നിരവധി വകയ്ക്കുകൊള്ളാത്ത സന്ദേശകാവ്യങ്ങളെ ആക്ഷേപിച്ചു നിര്‍മ്മിച്ച ഹാസ്യാനുകരണമാണ് കാകസന്ദേശം. ലീലാതിലകത്തില്‍ ഇതിലെ ഒരു ശ്ലോകം ഉദ്ധരിച്ചിട്ടുണ്ട്. സന്ദേശഹരന്‍ ഒരു കാക്കയായതിനാലാണ് ആ പേര്. ലീലാതിലകത്തില്‍ ഉദ്ധരിച്ച ശ്ലോകം ഇതാണ്:

സ്വസ്രേ പൂര്‍വം മഹിതനൃപതേര്‍ വിക്രമാദിത്യനാമ്‌നഃ
പോക്കാഞ്ചക്രേ തരുണജലദം കാളിദാസഃ കവീന്ദ്രഃ
ത്വം കൂത്തസ്ത്രീ വടുരതിജളോ ദുഷ്‌കവിശ്ചാഹമിത്ഥം
മത്വാത്മാനം തവ ഖലു മയാ പ്രേഷിതഃ കാക ഏവ

ലീലാതിലകത്തില്‍ ഉദ്ധരിച്ചിട്ടുള്ള

ആറ്റൂര്‍നീലീ വിരഹവിധുരോ മാണിരത്യന്തകാമീ
മാത്തൂര്‍ജാതോ മദനവിവശസ്ത്യക്തവാനൂണുറക്കൗ

എന്ന ശ്ലോകാര്‍ദ്ധവും പ്രസ്തുതകൃതിയിലുള്ളതാണെന്ന് ഊഹിക്കുന്നു.

പോക്കാംചക്രേ, ഊണുറക്കൗ, കേഴന്തി, തുടങ്ങി മലയാളപദങ്ങളോട് സംസ്‌കൃതവിഭക്തിപ്രത്യയങ്ങള്‍ ചേര്‍ത്ത രൂപങ്ങള്‍ കാണാം.