വെണ്‍മണി അച്ഛന്‍, പട്ടത്തുകുഞ്ഞുണ്ണിനമ്പ്യാര്‍, അമ്പാടി കുഞ്ഞുകൃഷ്ണപൊതുവാള്‍ തുടങ്ങിയവര്‍ ചേര്‍ന്നു രചിച്ച കൃതിയാണ് കവിപക്വാവലി. വെണ്മണി മഹന്റെ കവിപുഷ്പമാല, ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്റെ കവിമൃഗാവലി, മൂലൂര്‍ എസ്. പത്മനാഭപ്പണിക്കര്‍ രചിച്ച കവിരാമായണം, കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാന്റെ കവിഭാരതം, തുടങ്ങിയവ ഈ ശ്രേണിയില്‍പ്പെട്ട കൃതികളാണ്. കൂടാതെ കവിശാകുന്തളം, കവിനൈഷധം, കവിമത്സ്യാവലി, കവിപക്ഷിമാല തുടങ്ങി കുറേ അപ്രസിദ്ധകൃതികളും ഈ പരമ്പരയില്‍ ഉണ്ടായിട്ടുണ്ട്. ഇക്കൂട്ടത്തില്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്ന കൃതിയാണ് കവിപക്വാവലി. ഇതില്‍ കവികളെ പഴങ്ങളോടാണുപമിക്കുന്നത്. വാസ്തവത്തില്‍, കവിപക്വാവലിയെന്നപേരില്‍ സാഹിത്യചരിത്രത്തില്‍ സ്ഥാനംനേടിയ, ഈ കൃതി ഒരു മുക്തകം മാത്രമാണ്.
    'ഉച്ചത്തില്‍ പറയുന്നു! ഞാന്‍ സരസനാം പട്ടത്തുകുഞ്ഞുണ്ണിയെ
ന്നൊച്ചപ്പെട്ടുവസിച്ചീടും കവിവരന്‍ കേട്ടറ്റ നേന്ത്രപ്പഴം;
അച്ഛന്‍ തിരുമേനി ചിങ്ങനാണ്, പുതുവാളമ്പാടി പൂവമ്പഴം,
അച്ചന്‍ കണ്ടനറച്ചിടുന്നിരുമുടിക്കുന്നന്റെ മാണിപ്പഴം'

    ഈ മുക്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന പട്ടത്തുകുഞ്ഞുണ്ണിനമ്പ്യാര്‍, വെണ്‍മണി അച്ഛന്‍, അമ്പാടി കുഞ്ഞുകൃഷ്ണപൊതുവാള്‍, ആറാട്ടുപുഴ സ്വദേശിയായ അച്ചന്‍കണ്ടത്തുനമ്പ്യാര്‍ എന്നിവര്‍ അവരവരുടെ ഊഴമെത്തിയപ്പോള്‍ ചെല്ലിപ്പൂരിപ്പിച്ചതാണ് ഈ പദ്യം എന്ന് കരുതപ്പെടുന്നു.