അമേരിക്കന്‍ എഴുത്തുകാരനായ ഏണസ്റ്റ് ഹെമിംഗ്‌വേ രചിച്ച നോവലാണ് കിഴവനും കടലും (ദി ഓള്‍ഡ് മാന്‍ ആന്‍ഡ് ദ സീ). 1951ല്‍ ക്യൂബയില്‍ വച്ചെഴുതിയ ഈ കൃതി 1952ലാണ് പ്രസിദ്ധീകരിച്ചത്. ഏണസ്റ്റ് ഹെമിംഗ്‌വേയുടെ ജീവിതകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട അവസാന പ്രധാന കല്‍പ്പിതകഥയാണിത്. ഇദ്ദേഹത്തിന്റെ കൃതികളില്‍ ഏറ്റവും പ്രസിദ്ധമായത്. വൃദ്ധനായ സാന്റിയാഗോ എന്ന മീന്‍പിടുത്തക്കാരന്‍ ഒരു ഭീമന്‍ മാര്‍ലിന്‍ മത്സ്യവുമായി ഗള്‍ഫ് സ്ട്രീമില്‍ മല്‍പ്പിടുത്തം നടത്തുന്നതാണ് കഥാതന്തു. ദി ഓള്‍ഡ് മാന്‍ ആന്‍ഡ് ദ സീ എന്ന കൃതിക്ക് 1953ല്‍ കല്‍പ്പിതകഥകള്‍ക്കുള്ള പുലിറ്റ്‌സര്‍ പുരസ്‌കാരം ലഭിച്ചു. 1954ല്‍ ഹെമിംഗ്‌വേയ്ക്ക് നോബല്‍ സമ്മാനം ലഭിച്ചപ്പോള്‍ ഈ കൃതിയും അതിന് കാരണമായി.