1986ല്‍ അവതരിപ്പിക്കപ്പെട്ട മലയാളനാടകമാണ് ക്രിസ്തുവിന്റെ ആറാം തിരുമുറിവ്. മലയാളം തീയേറ്റര്‍ ആക്ടിവിസ്റ്റായിരുന്ന പി.എം. ആന്റണി കസന്‍ദ്‌സാക്കിസിന്റെ ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം എന്ന കൃതിയെ ആധാരമാക്കിയാണ് ഈ നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്.
സൂര്യകാന്തി തിയറ്റേഴ്‌സിന്റെ ബാനറില്‍ അവതരിപ്പിക്കപ്പെട്ട നാടകം ക്രൈസ്തവ സഭകളുടെ ശക്തമായ പ്രതിഷേധത്തിനു കാരണമായി. സര്‍ക്കാര്‍ ഡ്രമാറ്റിക് പെര്‍ഫോമന്‍സ് ആക്റ്റ് പ്രകാരം നാടകം നിരോധിച്ചു. വിവാദത്തെത്തുടര്‍ന്ന് ആവിഷ്‌കാര സ്വാതന്ത്ര്യത്തെപ്പറ്റിയുളള ചര്‍ച്ചകള്‍ കേരളത്തില്‍ സജീവമായി. 1986ല്‍ ആലപ്പുഴയിലെ ഏതാനും അരങ്ങുകള്‍ക്കുശേഷം തൃശൂര്‍ നഗരത്തില്‍ അവതരിപ്പിക്കാനിരിക്കെയാണ് സഭ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
    വിമോചന സമരത്തിന് ശേഷം സഭ കേരളത്തിന്റെ സാമൂഹ്യജീവിതത്തില്‍ ഏറ്റവും ശക്തമായ ഇടപെട്ട സന്ദര്‍ഭം കൂടിയായിരുന്നു ഇത്. നാടകം പത്തിലേറെ അരങ്ങുകളില്‍ ബുക്ക് ചെയ്തിരുന്നു. കോടതി ആദ്യം നാടകത്തിനനുകൂലമായ വിധിയാണ് പുറപ്പെടുവിച്ചത്. മൂന്നിടത്ത് നാടകം കളിക്കാന്‍ അനുമതി കിട്ടി. ആലപ്പുഴയില്‍ സുഗതന്‍ സ്മാരക ഹാളിലും, വലപ്പാട്ടും, തൃശൂരിലും നാടകം കളിക്കാനായി. പക്ഷെ സഭയും പളളിക്കാരും പ്രതിഷേധവും പ്രകടനവുമൊക്കെ സംഘടിപ്പിച്ചു. ക്രമസമാധാനം തകരുമെന്നു പറഞ്ഞു നാടകം കളിക്കുന്ന ജില്ലയിലെ ഡെപ്യൂട്ടി കളക്ടര്‍മാര്‍ നിരോധനം ഏര്‍പ്പെടുത്തി. അടുത്ത ജില്ലയില്‍ പോകുമ്പോള്‍ അവിടെയും നിരോധനം. ഇങ്ങനെ ആലപ്പുഴയൊഴിച്ച് കേരളം മൊത്തത്തില്‍ നാടകം നിരോധിക്കപ്പെട്ടു. മഹാരാഷ്ട്രയിലെ മലയാളികള്‍ അവിടെ നാടകം അവതരിപ്പിക്കാന്‍ ക്ഷണിച്ചെങ്കിലും കന്യാസ്ത്രീകളും അച്ചന്‍മാരും നാടകത്തിനെതിരെ രംഗത്തെത്തിയതിനെ തുടര്‍ന്ന് അവിടെയും നിരോധിക്കപ്പെട്ടു. സംഘാടകര്‍ ബോംബെ ഹൈക്കോടതിയെയും പിന്നീട് സുപ്രീം കോടതിയെയും സമീപിച്ചു. ഇന്ത്യ മുഴുവന്‍ നിരോധനമായിരുന്നു സുപ്രീം കോടതി വിധി.
    നാടകത്തില്‍ യേശുക്രിസ്തു മഗ്ദലന മറിയത്തെ പ്രേമിച്ചിരുന്നതായുള്ള വ്യാഖ്യാനം സഭാവിശ്വാസത്തിന് എതിരാണെന്നു പറഞ്ഞായിരുന്നു പ്രതിഷേധം. നാടകം നിരോധിക്കണമെന്നാവശ്യപ്പെട്ട് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് കുണ്ടുകുളത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധറാലിയും തൃശൂരില്‍ നടത്തി. സമരം വ്യാപകമായപ്പോള്‍ സര്‍ക്കാര്‍ നാടകം നിരോധിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഏറ്റവും ഗൗരവതരമായ ചര്‍ച്ച ഉയര്‍ന്നുവരാന്‍ ഇടയാക്കിയതും ആറാം തിരുമുറിവിന്റെ നിരോധനമായിരുന്നു. ആവിഷ്‌കാര സ്വാതന്ത്യ കണ്‍വന്‍ഷന്‍ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സംഘടിപ്പിച്ചതും ഇതേത്തുടര്‍ന്നായിരുന്നു. ഗദ്ദര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ പ്രമുഖ പോരാളികളും സാംസ്‌കാരിക പ്രവര്‍ത്തകരും ഈ കണ്‍വന്‍ഷനില്‍ പങ്കെടുത്തു. തിരുമുറിവ് നാടക വിവാദം പ്രമേയമാക്കി ജോസ് ചിറമ്മലാണ് 'കുരിശിന്റെ വഴി' എന്ന തെരുവുനാടകവുമായി രംഗത്തു വന്നത്. ഇത് സാമുദായിക മൈത്രിയെ ഹനിക്കുന്നതാണെന്ന് പറഞ്ഞ് നാടക പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.