(നാടകം)
കൊച്ചീപ്പന്‍ തരകന്‍

മലയാളത്തിലെ ആദ്യകാല സാമൂഹിക നാടകങ്ങളിലൊന്നാണ് മറിയാമ്മ. 1878 ല്‍ പോളച്ചിറയ്ക്കല്‍ കൊച്ചീപ്പന്‍ തരകനെഴുതിയ ഈ നാടകം 1903 ല്‍ പ്രസിദ്ധീകൃതമായി. മനോരമയിലെ നാടകസമിതിയുടെ നേതൃത്വത്തില്‍ പല വേദികളിലും അവതരിപ്പിക്കപ്പെട്ടു. നാടകം സമര്‍പ്പിച്ചിരിക്കുന്നതു വര്‍ഗീസ് മാപ്പിളയ്ക്കാണ്.സാമൂഹിക പരിഷ്‌കരണലക്ഷ്യത്തോടെ രചിച്ച ഈ നാടകം മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യാനികള്‍ക്കിടയില്‍ നിലനിന്നിരുന്ന അനാചാരങ്ങളെയും അജ്ഞതയെയും രൂക്ഷമായി ആക്രമിച്ചു. ഒരു കുടുംബത്തിലെ ആഭ്യന്തരകലഹമായിരുന്നു പ്രമേയം. വസൂരിരോഗികള്‍ക്കു മേല്‍ നടത്തിയിരുന്ന മനുഷ്യത്വരഹിതമായ ചികില്‍സാരീതികളെയും നാടകം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നു.
നെടുങ്കുന്നത്തെ ചെമ്പകശേരി തറവാട്ടിലെ നവ ദമ്പതികളാണ് ഔസേപ്പച്ചനും മറിയാമ്മയും. പഠനാര്‍ഥം തിരുവനന്തപുരത്തേക്കു ഔസേപ്പച്ചന്‍ പോയതോടെ ഭര്‍തൃവീട്ടില്‍ മറിയാമ്മ ഒറ്റപ്പെട്ടു. മറിയാമ്മയ്ക്ക് ഇംഗ്ലീഷ് അറിയാമെന്നത് അവളെ ദുരിതപര്‍വ്വത്തിലെത്തിച്ചു. ഒട്ടേറെ പീഡനങ്ങള്‍ മറിയാമ്മയ്ക്ക് സഹിക്കേണ്ടി വരുന്നു.മറിയാമ്മയ്ക്കു വസൂരിരോഗം പിടിപെട്ടതോടെ ഔസേപ്പച്ചന്റെ ബന്ധുക്കള്‍ അവളെ ഉപേക്ഷിക്കുന്നു. വസൂരിചികില്‍സകരായി എത്തുന്ന ദുഷ്ടമാന്ത്രികര്‍ മദ്യലഹരിയില്‍ മറിയാമ്മയെ കൊല്ലാന്‍ തീരുമാനിക്കുന്നു. പെട്ടിയിലടച്ച് കുഴിച്ചുമൂടുന്ന മറിയാമ്മയെ അവളുടെ സഹോദരന്‍ സ്റ്റീഫന്‍ നാടകീയമായി രക്ഷിക്കുന്നു. മരണത്തെ തോല്‍പ്പിച്ചെത്തുന്ന മറിയാമ്മ അമ്മായിയമ്മ ഉള്‍പ്പെടെയുള്ളവരോടു ക്ഷമിച്ച് അവരോടു സ്‌നേഹപൂര്‍ണമായി പെരുമാറുന്നതോടെ അവര്‍ മറിയാമ്മയോടു മാപ്പിരക്കുന്നു.