1970 കാലഘട്ടത്തിലെ മലയാള നാടകമാണ് നാടുഗദ്ദിക. കേരളത്തിലെ ഒരു ഗോത്രജനതയുടെ നടുക്കുന്ന ജീവിതയാഥാര്‍ഥ്യങ്ങളിലൂന്നി, വേറിട്ട രചനാശൈലിയിലൂടെയും അവതരണരീതിയിലൂടെയും എഴുപതുകളില്‍ മലയാളനാടകവേദിയുടെ വ്യാകരണം മാറ്റിമറിച്ച നാടകമാണിത്. രചനയും സംവിധാനവും നിര്‍വ്വഹിച്ചത് കെ.ജെ. ബേബി ആയിരുന്നു. മലയാളനാടകവേദിയിലെ മേലാളഭാവുകത്വത്തിനെതിരായ കലാപം കൂടിയായിരുന്നു അത്. ദലിത് സാഹിത്യചരിത്രത്തിലും അതിന് വലിയ സ്ഥാനമുണ്ട്. വയനാടന്‍ ഗോത്രജനസമുദായത്തിന്റെ ഗദ്ദിക എന്ന അനുഷ്ഠാനത്തില്‍നിന്ന് രൂപപ്പെട്ടതാണിത്. അങ്ങനെ ഇത് ഫോക്‌ലോറിനെ എങ്ങനെ സാംസ്‌കാരിക മുന്നേറ്റത്തിനുള്ള ആയുധമാക്കാം എന്ന അന്വേഷണത്തിന്റെ മാര്‍ഗ്ഗത്തില്‍ കേരളം നല്കിയ മികച്ച സംഭാവനകളിലൊന്നാണത്. വയനാട് സാംസ്‌കാരികവേദി എന്ന സംഘടനയാണ് 18 കലാകാരന്മാരെ അണിനിരത്തി ഇത് കേരളത്തിലുടനീളം അവതരിപ്പിച്ചത്. കോഴിക്കോട് മുതലക്കുളത്തുവച്ച് സംഘാടകരെ 1981 മേയ് 22ന് അറസ്റ്റ് ചെയ്തു. ആദ്യസംരംഭം തടയപ്പെട്ടുവെങ്കിലും പിന്നീട് ഒരു വ്യാഴവട്ടക്കാലത്തിനുശേഷം മഞ്ഞുമലൈ മക്കള്‍ എന്ന അവതരണസംഘത്തിലൂടെ ബേബിയുടെ നേതൃത്വത്തില്‍ നിരവധി പുനരവതരണങ്ങള്‍ നടന്നു.
    ഗദ്ദിക ഒരു മന്ത്രവാദച്ചടങ്ങാണ്. നാടിനെയും കുലത്തെയും വീടിനെയും വ്യക്തികളെയും ബാധിക്കുന്ന പിശാചുക്കളെയും ഭൂതപ്രേതാദികളെയും അകറ്റുന്നതിനുള്ള അനുഷ്ഠാനമാണിത്. നാടിനായി നടത്തുന്ന ഗദ്ദിക എന്ന അര്‍ഥത്തിലാണ് നാടുഗദ്ദിക എന്ന പേരു വന്നത്.ഒരു ഗദ്ദികക്കാരന്‍ അടിയാന്മാരെ ജന്മിക്കെതിരെ ബോധവാനാക്കിയതിന്റെ പേരില്‍, അടിയോര്‍ കൂടുതല്‍ കൂടുതല്‍ മര്‍ദ്ദനവിധേയരാക്കപ്പെടുന്നതും, അവരുടെ തമസ്‌കരിക്കാനാകാത്ത പോരാട്ടവീര്യത്തിന്റെ ഉയര്‍ത്തെഴുന്നേല്പുമായിരുന്നു നാടുഗദ്ദികയിലൂടെ അവതരിപ്പിക്കപ്പെട്ടത്. നാടകാന്ത്യത്തില്‍ കൊലചെയ്യപ്പെട്ട ഗദ്ദികക്കാരന്റെ ഉടയാട പുതിയൊരു ഗദ്ദികക്കാരന്‍ എടുത്തണിയുന്നു. അയാളുടെ നേതൃത്വത്തില്‍ അടിയോര്‍ വാഗ്ദത്തഭൂമിയിലേക്ക് മഹാപ്രസ്ഥാനം നടത്തുന്നു. മലയാള തെരുവുനാടകപ്രസ്ഥാനത്തിന്റെ ശക്തിസൗന്ദര്യങ്ങള്‍ക്ക് ഉത്തമമാതൃകയായ ഇതിന്റെ പരുഷമായ അവതരണശൈലി പലമട്ടില്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
    നടന്മാര്‍ ഏറെയും കാടിന്റെ മക്കള്‍; ഇതിവൃത്തം, കാടിന്റെ മക്കളുടെ വിമോചനം; ഇതിവൃത്തപശ്ചാത്തലം കാടിന്റെ മക്കളുടെ പുരാവൃത്തം; ഈണങ്ങളും വാദ്യങ്ങളും കാടിന്റെ മക്കള്‍ക്ക് സ്വന്തമായ പാട്ടുകളുടേതും തുടികൊട്ടിന്റേതും-അങ്ങനെ പാരിസ്ഥിതിക സൗന്ദര്യശാസ്ത്രരംഗത്തെ മലയാളത്തിലെ ആദ്യ മാതൃകയിലൊന്നായും ഇത് വിലയിരുത്തപ്പെടുന്നു.